കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

മോത്തികെമിക്കല്‍സിന്റെ കഥ

മോത്തികെമിക്കല്‍സിന്റെ കഥ

മോത്തികെമിക്കല്‍സിന്റെ കഥ
കേരളം ചെറുതും വലുതുമായ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ്. ഇവയില്‍ പ്രാദേശിക പ്രശ്‌നങ്ങളും സംസ്ഥാനത്തെ ആകെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഉള്‍പ്പെടും. പ്രാദേശിക പരിസരഗ്രൂപ്പുകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ മുതല്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍വരെ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി നടന്ന പാരിസ്ഥിതികമായ ഇടപെടലുകള്‍ കേരളത്തില്‍ വലിയ അളവിലുള്ള പാരിസ്ഥിതികാവബോധത്തിന് കാരണമായിട്ടുണ്ട്. പരിസ്ഥിതിയെയും വികസനത്തെ യും ഇണക്കിച്ചേര്‍ത്തുള്ള ചര്‍ച്ചകളെ പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് ഉയര്‍ത്താനും അവ ഇടയാക്കിയിട്ടുണ്ട്. സൈലന്റ് വാലിപ്രക്ഷോഭത്തോടെയാണ് ഈ പ്രക്രിയക്ക് തുടക്കം കുറിച്ചത്. ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിലൂടെ പരിസരപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനുള്ള ഒരു രീതിശാസ്ത്രവും ശാസ്ത്രസാഹിത്യ പരിഷത്തിന് വികസിപ്പിച്ചെടുക്കാനായി. പരിസ്ഥിതിപ്രശ്‌നങ്ങളെ കേവലമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ എന്ന നിലക്കല്ല പരിഷത്ത് സമീപിച്ചത്; അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമെന്നനിലക്കാണ്. അതിലൂടെ രൂപപ്പെട്ടതാണ് വികസനപദ്ധതികള്‍ ആരംഭിക്കുമ്പോള്‍ പരിസരാഘാത പഠനവും പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടും വേണമെന്ന കാഴ്ചപ്പാടും സ്ഥായിയായ വികസനസമീപനവും. സ്ഥായിയായ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ വിക സന സമീപനങ്ങള്‍ക്ക് രൂപം നല്‍കി. വികസനം വേണം, എന്നാല്‍, അതിനായുള്ള പ്രക്രിയ സാമൂഹിക നിയന്ത്രണങ്ങള്‍ ക്ക് വിധേയമായിട്ടാവണം എന്ന നിലപാട് ഉയര്‍ന്നുവന്നു. പരിഷത്ത് ഇടപെട്ട പരിസരപ്രശ്‌നങ്ങളിലെല്ലാം ഈ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്.
ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു പരിസ്ഥിതിപ്രശ്‌നമായിരുന്നു കണ്ണൂര്‍ ജില്ലയിലെ മോത്തികെമിക്കല്‍സ് എന്ന രാസവ്യവസായശാലക്കെതിരായ പ്രക്ഷോഭം. ഒരു വ്യവസായശാല ആരംഭിക്കുന്നതിനുമുമ്പുതന്നെ, അതിന്റെ മലിനീകരണ സാധ്യതകണ്ടറിഞ്ഞ്, ജനങ്ങള്‍ ഇടപെട്ട ആദ്യ സംഭവമായിരുന്നു മോത്തിയുടെത്. മഞ്ചേരിയിലെ ഗാലക്‌സി കെമിക്കല്‍സ്, തൃശ്ശൂരിലെ ചാക്കോസണ്‍ കെമിക്കല്‍സ് തുടങ്ങിയവയില്‍ ജനകീയ ഇടപെടലുണ്ടാവാന്‍ ഇത് പ്രചോദനമായി. സമരത്തിന്റെ ഫലമായി കമ്പനിക്ക് പ്രവര്‍ത്തനം ആരംഭിക്കാനായില്ല എന്നത് സമരത്തിന്റെ വിജയമായി കണക്കാക്കാമെങ്കിലും ഇന്ത്യയിലാദ്യമായി ജനകീയ മോണിറ്ററിങ്ങിനുവിധേയമായി ഒരു വ്യവസായശാല പ്രവര്‍ത്തിപ്പിക്കാനുള്ള വലിയൊരു സാധ്യത ഇല്ലാതായി എന്നത് വിജയത്തിളക്കത്തിന് മങ്ങലേല്‍പിക്കുന്നു.
മോത്തികെമിക്കല്‍സ് വിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ലേഖകന്‍ പ്രക്ഷോഭത്തിന്റെ ആരംഭം മുതലുള്ള ഓരോ ഘട്ടവും ഈ ലഘുപുസ്തകത്തിലൂടെ വിവരിക്കുന്നു. പാരിസ്ഥിതിക സമരങ്ങളുടെ ജനകീയവഴിയാണ് ഇവിടെ വരച്ചു വച്ചിട്ടുള്ളത്. ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് ഈ പുസ്തകം സഹായകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344