പ്രശസ്തനായ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനായിരുന്നു ജി.എച്ച്.ഹാര്‍ഡി. ഇംഗ്ലണ്ടില്‍ ഒരു സാധാരണകുടുംബത്തില്‍ ജനിച്ച് ലോകപ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായി വളര്‍ന്നുയര്‍ന്ന ഹാര്‍ഡിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ഈ ചെറുഗ്രന്ഥത്തില്‍ വളരെ കാവ്യാത്മകമായിത്തന്നെ വിവരിക്കുന്നുണ്ട്. ഗണിതശാസ്ത്രഗവേഷണത്തോടൊപ്പം യുദ്ധം അനാവശ്യമാണെന്നും യുദ്ധത്തെ സംബന്ധിച്ച് സ്വന്തം രാജ്യക്കാര്‍ കുറ്റക്കാരാണെന്നും അഭിപ്രായമുള്ളയാളായിരുന്നു ഹാര്‍ഡി. അധ്യാപനത്തേക്കാള്‍ ഗവേഷണത്തിലും പ്രഭാഷണങ്ങളിലുമായിരുന്നു ഇദ്ദേഹത്തിന് താത്പര്യം. ടെന്നീസ് കളിക്കാനും ക്രിക്കറ്റ് കളി കാണാനും അവലോകനം ചെയ്യാനും സമയം കണ്ടെത്തിയിരുന്ന ഹാര്‍ഡി തികഞ്ഞൊരു അവിശ്വാസിയുമായിരുന്നു.
ശ്രീനിവാസ രാമാനുജനെക്കുറിച്ചും അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമാന്യമായ അറിവ് ഈ പുസ്തകത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പരിമിതമായ ജീവിതസൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന രണ്ട് പേരും അസാമാന്യമായ ഇച്ഛാശക്തിയും സ്ഥിരോത്സാഹവുംകൊണ്ട് മാത്രമാണ് ഗണിതശാസ്ത്രത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നത്. രണ്ടുപേരുടെയും ജീവിതകഥ വിദ്യാര്‍ഥിസമൂഹത്തിനാകെ പ്രോത്സാഹനജനകമാവുമെന്ന പ്രതീക്ഷയിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

Categories: Updates