കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

നോട്ട് പിന്‍വലിക്കല്‍-ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

നോട്ട് പിന്‍വലിക്കല്‍-ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

ഇപ്പോള്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവും സഹകരണ മേഖലാ സ്തംഭനവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. വര്‍ധിതമായ തോതിലുള്ള കറുത്ത പണമിടപാട് ഇന്ത്യയുടെ GDP യുടെ 23.2 (world bank 2007) ശതമാനത്തിനടുത്ത് എത്തിയിരിക്കുന്നു എന്ന് കണക്കാക്കപ്പെടുകയും ഇന്ത്യക്ക് പുറത്ത് ഇന്ത്യയുടെ കറുത്ത പണം സുരക്ഷിതമായി നിക്ഷേപിക്കപ്പെടുന്നു എന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി 2012 മെയ് മാസത്തില്‍ അന്നത്തെ UPA ഗവണ്‍മെന്റ് ധവളപത്രം ഇറക്കുകയുണ്ടായി. കള്ളപ്പണം ഒളിപ്പിച്ചു വച്ചിരിക്കുന്നത് പണമായിട്ടല്ല എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. റിയല്‍ എസ്റ്റേറ്റിലും സ്റ്റോക്കിലും സ്വര്‍ണത്തിലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളിലും എല്ലാമാണ് ഇന്ത്യക്കാരുടെ കള്ളപ്പണം ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയുമായി തട്ടിച്ച് നോക്കുമ്പോള്‍ കള്ളപ്പണം സൂക്ഷിച്ചു വച്ചിരിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ കൂടാന്‍ ഇടയില്ല. നിലനില്‍ക്കുന്ന കറന്‍സിയില്‍ (15ലക്ഷം കോടി) ഏറിയാല്‍ 6 ശതമാനം മാത്രമാണ് കള്ളപ്പണമെന്ന് കണക്കാക്കിയിരിക്കുന്നത്. പ്രസ്തുത ധവളപത്രം ഇന്ത്യയിലെ കറുത്ത പണത്തെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഈ നിര്‍ദേശങ്ങളിലൊന്നും തന്നെ പഴയ രൂപ പിന്‍വലിച്ച് പുതിയത് നല്‍കാനുള്ള നിര്‍ദേശങ്ങളില്ല. മാത്രവുമല്ല ലോകത്ത് ഒരിടത്തും ഒറ്റദിവസം കൊണ്ട് നിലനില്‍ക്കുന്ന കറന്‍സി പിന്‍വലിച്ച് കുറ്റമറ്റ രീതിയില്‍ പഴയ സ്ഥിതി പുനഃസ്ഥാപിച്ചതിന്റെ ചരിത്രവുമില്ല. ഇന്ത്യയെപ്പോലെ ബഹുസ്വര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ധൃതിപിടിച്ച് നടപ്പിലാക്കേണ്ടതല്ല നോട്ട് പിന്‍വലിക്കല്‍. 135 കോടി ജനങ്ങള്‍ വ്യവഹാരം നടത്തിക്കൊണ്ടിരുന്ന 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് പരിമിതമായ തോതില്‍ 2000ത്തിന്റെ നോട്ട് മാത്രം പുറത്തിറക്കുകയ വഴി നൂറുകോടി ജനങ്ങളെയെങ്കിലും ബാങ്ക് ക്യൂവിലേക്ക് തള്ളിവിടുകയും മാനസികമായി പരിഭ്രാന്തരാക്കി മാറ്റിയിരിക്കുകയുമാണ്. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും കൊണ്ടു നടക്കുന്ന ഉപരി മധ്യവര്‍ഗ വിഭാഗങ്ങള്‍ അല്ല ഇതിന്റെ പ്രധാന ഇരകള്‍. മറിച്ച് ബഹുഭൂരിപക്ഷം വരുന്ന ദിവസവേതനക്കാരാണ്. അതുവഴി ചെറുകിട കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്.
കൂനിന്‍മേല്‍ കുരു എന്ന പോലെ മറ്റ് ബാങ്ക് ഇടപാടിലേതുപോലുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ച് കേരളത്തിലെ സഹകരണ മേഖലയെ സ്തംഭിപ്പിച്ചിരിക്കുന്നു. സഹകരണ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ ഉണ്ട് എങ്കില്‍ അത് പരിശോധിക്കാനും നടപടി കൈക്കൊള്ളാനും നിയമങ്ങളും അവസരങ്ങളുമുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ അനവസരത്തില്‍ സഹകരണ പ്രസ്ഥാനത്തിനെതിരെ എടുത്തിരിക്കുന്ന നടപടി രാഷ്ട്രീയപ്രേരിതമാണ് എന്ന് ചിന്തിക്കാതിരിക്കാന്‍ കാരണങ്ങള്‍ കാണുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പ്രായോഗികമായി രൂപ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി 6മാസത്തെക്കെങ്കിലും ദീര്‍ഘിപ്പിക്കണമെന്നും ബാങ്കുകളില്‍ പുതിയ നോട്ട് വിതരണത്തിന് വേണ്ടത്ര എത്താത്ത സാഹചര്യത്തില്‍ പഴയ നോട്ട് തന്നെ വിതരണത്തിനുള്ള അനുമതി നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. പുതിയ നടപടികൊണ്ട് മാത്രം ഇല്ലാതാകുന്നതല്ല ഇന്ത്യയിലെ കറുത്ത പണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ കറുത്ത പണ ഇടപാടുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ മുമ്പ് ധവളപത്രത്തില്‍ പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിത്തന്നെ പ്രഖ്യാപിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. അതോടൊപ്പം കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ സഹകരണ മേഖലയ്ക്ക് ആവശ്യമായ പ്രവര്‍ത്തനസ്വാതന്ത്ര്യവും പിന്തുണയും അടിയന്തിരമായി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

പ്രസിഡണ്ട് ജനറല്‍സെക്രട്ടറി
കെ.പി.അരവിന്ദന്‍ പി.മുരളീധരന്‍

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344