പിന്‍നടത്തത്തിനെതിരെ ഒരു ഓര്‍മ്മപ്പെടുത്തല്‍ - 'ഗലീലിയോനാടകയാത്ര'യ്ക്ക് തുടക്കമായി

 

നാടകകേന്ദ്രങ്ങളുടെ ലിസ്റ്റ് അറ്റാച്ചുമെന്റില്‍ വായിക്കുക.

 

നവോത്ഥാനപാതയില്‍ നിന്നുള്ള കേരളീയ സമൂഹത്തിന്റ പിന്‍നടത്തത്തിനെതിരെ ഒരു ഓര്‍മ്മപ്പെടുത്തലായി പരിഷത്തിന്‍റെ ഗലീലിയോ നാടകയാത്ര തുടങ്ങി.

ഗലീലിയോവിന്റെ ജീവിതത്തിന്‍റെയും കാലഘട്ടത്തിന്‍റെയും ആവി ഷ്കാരത്തിലൂടെ ശാസ്ത്രബോധവും യുക്തി ബോധവും എങ്ങനെ മാനവപുരോഗതിയുടെ ചാലകശക്തിയാവുന്നു എന്നും അവയില്ലാത്ത ഒരു സമൂഹം എങ്ങനെ ജഡത്വത്തിലേക്ക് വഴുതി വീഴുന്നുവെന്നും ശക്തമായി ബോധ്യപ്പെടുത്തുന്നതാണ് എറെ കലാചാരുതയോടെ അവതരിപ്പിക്കപ്പെടുന്ന നാടകം.

1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോ ഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ആദ്യമായി കണ്ടത്. അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു. ദൈവത്തിന്റെ പരമോന്നതസൃഷ്ടികളായ മനുഷ്യനും ഭൂമിയും പ്രപഞ്ചകേന്ദ്രത്തില്‍, സമ്പൂര്‍ണതയുള്ള സ്വര്‍ഗം ആകാശത്തില്‍, നരകം ഭൂമിക്കുള്ളിലും-ഈ സഭാവിശ്വാസത്തെയാണ് ഗലീലിയോ തകര്‍ത്തത്. തന്റെ ചെറുകുഴലിലൂടെ അദ്ദേഹം സ്വര്‍ഗത്തെ ഉന്മൂലനംചെയ്തു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര വര്‍ഷാചരണത്തോടനുബന്ധിച്ച് സംഘട്ടിപ്പിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഗലീലിയോ നാടകം..കേരളത്തിന്റെ വര്‍ത്തമാനകാല പരിസരത്തു നിന്നുകൊണ്ടാണ് നാടകം അരങ്ങിലെത്തുന്നത്. നാലുനൂറ്റാണ്ടുമുമ്പാണ് ഗലീലിയോ ജീവിച്ചതെങ്കിലും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ക്ക് അത്യന്തം പ്രസക്തി കേരള സമൂഹത്തില്‍ ഇന്നുണ്ട്. സമൂഹത്തില്‍ ശുഭാപ്തിവിശ്വാസം പ്രസരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യം എന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.അറിവിന്റെ, ശാസ്ത്രത്തിന്റെ അന്തിമവിജയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഗലീലിയോഗലീലിയുടെ ജീവിതകഥയിലൂടെ യുക്തി ചിന്തയുടെയുംശുഭാപ്തിവിശ്വാസത്തിന്റെയും പ്രാധാന്യം നാടകം വിളിച്ചറിയിക്കുന്നു.

     നാടകത്തിന്റെ തെക്കന്‍ ജില്ലകളിലെ യാത്ര വിഖ്യാത നാടകാചാര്യന്‍ ഡോ:വയലാ വാസുദേവന്‍പിള്ള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. മധ്യമേഖലയിലെ ജാഥ എറണാകുളം കാക്കനാട്  പ്രൊഫ. എം കെ സാനുവും വടക്കന് മേഖലാജാഥ കോഴിക്കോട്‌ മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രശസ്ത നാടകനടി നിലമ്പൂര്‍ ആയിഷയും  ഉദ്‌ഘാടനം ചെയ്തു.പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായീ ബാലകൃഷ്ണന്‍, ജാഥാ മാനേജര്‍ എം. മനോഹരന്‍, ജില്ലാ സെക്രട്ടറി ശ്രീ.പി.ഗോപകുമാര്‍ എന്നിവര്‍  തിരുവനനത്രപുരത്തും ജനറല് സെക്രട്ടറി വി വിനോദ്, ജില്ലാസെക്രട്ടറി മാത്യു എന്നിവര്‍ എറണാകുളത്തും കലാ കണ്വീനര്‍ എം.എസ്മോഹനന്‍, നിര്വാഹകസമിതി അംഗം കെ.ടി.രാധാകൃഷ്ണന്‍ ജില്ലാസെക്രട്ടറി പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. 

  മഹാനായ ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ത്തോള്‍ട് ബ്രഹ്റ്റ് രചിച്ച നാടകത്തിന് സ്വതന്ത്രപുനരാവിഷ്കാരം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകപ്രവര്‍ത്തകനായ പ്രൊഫ. പി ഗംഗാധരനാണ്.   മുപ്പതോളം കലാകാരന്മാര്‍ നാടകാവിഷ്കരണത്തിന് ഒപ്പം ഉണ്ട്. നാടകയാത്ര ഡിസംബര്‍ 14 ന് സമപിക്കും


 

 

 

AttachmentSize
galilio nadaka kendrangal.pdf35.21 KB