മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതി മതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും

                                                                                                                                                          27-08-09
മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതി
മതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും
സ്വകാര്യ അണ്‍ എയ്‌ഡഡ്‌, ന്യൂനപക്ഷ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 50 ലക്ഷം രൂപവരെ നല്‍കാനും മദ്രസ്സകളില്‍ പൊതുവിദ്യാഭ്യാസം കൂടി നല്‍കുക എന്ന ല്യക്ഷ്യത്തോടെ കണക്ക്‌, സയന്‍സ്‌, സാമൂഹ്യശാസ്‌ത്രം, ഭാഷ, കമ്പ്യൂട്ടര്‍ എന്നിവയുടെ പഠനം കൂടി ഏര്‍പ്പെടുത്താനും അതിനായി അധ്യാപകര്‍ക്ക്‌ 6000 മുതല്‍ 12000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കാനും ലൈബ്രറി നവീകരണം, പഠനോപകരണ സംഭരണം, ലാബുകള്‍ തയ്യാറാക്കല്‍ എന്നിവയ്‌ക്കായി ലക്ഷക്കണക്കിന്‌ രൂപ ഗ്രാന്റ്‌ നല്‍കാനും ഉള്ള കേന്ദ്രപദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതായി അറിയുന്നു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്‌. പൊതുവിദ്യാഭ്യാസരംഗത്ത്‌ കേരളം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കത്തില്‍ നിന്ന്‌ കേരളസര്‍ക്കാര്‍ പിന്മാറണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
ഏതു കുട്ടിക്കും നടന്നുപോയി പഠിക്കാവുന്ന ദൂരത്തില്‍ എലിമെന്ററി സ്‌കൂളും വീട്ടില്‍ നിന്നു പോയി പഠിക്കാവുന്ന ദൂരത്തില്‍ സെക്കണ്ടറി സ്‌കൂളുകളും കേരളത്തില്‍ പൊതുമേഖലയില്‍ തന്നെയുള്ളപ്പോള്‍ സര്‍ക്കാര്‍ ഗ്രാന്റുകൊടുത്ത്‌ സ്വകാര്യ അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കേണ്ട ആവശ്യമേയില്ല. വരേണ്യ വിഭാഗങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുന്ന അത്തരം വിദ്യാലയങ്ങള്‍ക്കായി പൊതുപ്പണം വിനിയോഗിക്കുന്നത്‌ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. അത്‌ പൊതുമുതലിന്റെ ധൂര്‍ത്ത്‌ ആണ്‌.
അതിനേക്കാള്‍ അപകടകരമാണ്‌ മദ്രസകളിലൂടെ ആധുനിക വിദ്യാഭ്യാസം നല്‌കാനായി സര്‍ക്കാര്‍ ചെലവില്‍ അധ്യാപകരെ നിയമിക്കുക എന്നത്‌. സാര്‍വ്വത്രികവിദ്യാഭ്യാസം സാധ്യമായ കേരളത്തില്‍ ഈ തീരുമാനത്തിന്‌ പ്രസക്തി ഇല്ല. മാത്രമല്ല എല്ലാ മതവിഭാഗങ്ങളിലേയും കുട്ടികള്‍ക്ക്‌ ഒരുമിച്ചിരുന്ന്‌ പഠിക്കാനും പരസ്‌പരം മനസിലാക്കുന്നതിലൂടെ മതേതരമായ ചിന്ത വളര്‍ത്താനും സഹായകമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിനും വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെടുത്താനും മാത്രമേ ഈ പദ്ധതി സഹായിക്കൂ.
മദ്രസയില്‍ കണക്കും സയന്‍സും മറ്റും പഠിപ്പിക്കാന്‍ സഹായിക്കുക എന്നതിനര്‍ഥം അവര്‍ അവിടെ തന്നെ മുഴുവന്‍ പഠനവും നടത്തിയാല്‍ മതി, സ്‌കൂളില്‍ പോകേണ്ടതില്ല എന്നതാണ്‌. അത്‌ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, സമൂഹത്തിന്റെ പൊതുധാരയിലേക്കു വരാനുള്ള അവസരവും അവകാശവും നിഷേധിക്കും. ഇത്തരം പിന്തിരിപ്പനായ ഒരു പദ്ധതിയെപ്പറ്റി ഉത്തരവാദപ്പെട്ട ഒരു പുരോഗമന സര്‍ക്കാരിന്‌ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന്‌ പരിഷത്ത്‌ കരുതുന്നു.
ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളില്‍ പോലും മദ്രസകളില്‍ മാത്രം പോകുന്ന കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക്‌ ആകര്‍ഷിക്കുക എന്നതാണ്‌ പുരോഗമനപരമായ നടപടി. അതിനു പകരം പൊതുവിദ്യാലയങ്ങളില്‍ നിന്ന്‌ കുട്ടികളെ മദ്രസകളിലേക്കു മടക്കുക എന്നത്‌ ഒരു മതേതര സര്‍ക്കാരിനും ഭൂഷണമല്ല.
മാത്രമല്ല, മദ്രസകളെ ഓപ്പണ്‍ സ്‌കൂളുകളുമായി ബന്ധിപ്പിക്കുമെന്ന പ്രസ്‌താവന ഔപചാരിക വിദ്യാഭ്യാസ ത്തിനുള്ള അവസരം ഈ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്‌ എന്നന്നേക്കുമായി നിഷേധിക്കുന്നതും, ഓപ്പണ്‍ സ്‌കൂളിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധവുമാണ്‌.
കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതി കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നിരവധി പുരോഗമനേച്ഛുക്കളായ സാമുദായിക നേതാക്കളുടെ കൂടി ശ്രമഫലമാണ്‌. പുരോഗമനാശയങ്ങളെയും അത്തരം നേതാക്കളെത്തന്നെയും അപഹസിക്കുന്നതും മതമൗലികവാദികള്‍ക്ക്‌ ആധിപത്യം ഉറപ്പിക്കാന്‍ അവസരം നല്‌കുന്നതുമാണ്‌ ഇപ്പോള്‍ നടപ്പിലാക്കുമെന്നറിയുന്ന ഈ പദ്ധതി. മാത്രമല്ല ഈ നീക്കം കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്ന്‌ ഞങ്ങള്‍ ഭയക്കുന്നു. മതവിദ്യാഭ്യാസത്തെ സര്‍ക്കാര്‍ സഹായിക്കുന്ന നിലപാട്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കൂടി ഞങ്ങള്‍ കരുതുന്നു. ന്യൂനപക്ഷ വിഭാഗങ്ങളടക്കം പഠിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിഭവങ്ങളും അക്കാദമിക സഹായങ്ങളും ഫലപ്രദമാക്കുന്നതിനുള്ള നടപടികളാണ്‌ മതേതര കാഴ്‌ചപ്പാടുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌.
ഈ സാഹചര്യത്തില്‍ ദുരുപദിഷ്‌ടവും പ്രതിലോമപരവുമായ ഇത്തരം ഒരു പദ്ധതി പരിഗണനയില്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ കൈയോടെ തള്ളിക്കളയുകയാണ്‌ വേണ്ടതെന്ന്‌ കേരള സര്‍ക്കാരിനോടും ഇത്തരമൊരു പദ്ധതിക്ക്‌ കേരളത്തില്‍ പ്രസക്തി ഇല്ലെന്ന്‌ ഒറ്റക്കെട്ടായി പറയാന്‍ തയ്യാറാകണമെന്ന്‌ എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യര്‍ത്ഥിക്കുന്നു.
കാവുമ്പായി ബാലകൃഷ്‌ണന്‍                                                                                                     വി വിനോദ്‌
പ്രസിഡന്റ്‌                                                                                                                     ജനറല്‍ സെക്രട്ടറി