കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

എയിഡഡ് സ്‌കൂള്‍ ആസ്തികള്‍ പൊതു നിയന്ത്രണത്തിലാക്കാന്‍ നിയമനിര്‍മാണം നടത്തുക

എയിഡഡ് സ്‌കൂള്‍ ആസ്തികള്‍ പൊതു നിയന്ത്രണത്തിലാക്കാന്‍ നിയമനിര്‍മാണം നടത്തുക

(53ാ-ം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം)
കേരളത്തിലെ പൊതു വിദ്യാഭ്യാസ വ്യാപനത്തില്‍ സര്‍ക്കാരുകളോളമോ അതിലേറെയോ വ്യക്തികളുടേയും സംഘടനകളുടേയും സംഭാവനകള്‍ സുവിദിതമാണ്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകള്‍ ചേര്‍ന്നുള്ള പൊതുവിദ്യാഭ്യാസ സംവിധാനമാണ് കേരളത്തില്‍ പടര്‍ന്നു പന്തലിച്ചത്. എയിഡഡ് സ്‌കൂളുകളില്‍ മിക്കതും നവോത്ഥാന - ദേശീയ - പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നാടിന്റെ പൊതു വളര്‍ച്ചയെ മുന്‍നിര്‍ത്തി ആരംഭിച്ചവയാണ്. മിക്കതും നാട്ടുകാര്‍ പണവും ഉല്‍പന്നങ്ങളും പിരിച്ചെടുത്ത് നിര്‍മിച്ചവയാണ്. അതിനാല്‍, എയിഡഡ് സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും അവിടത്തെ കെട്ടിടങ്ങളുമെല്ലാം മാനേജര്‍മാരുടെ ഉടമസ്ഥതയിലാണെങ്കിലും അവയും പൊതു ഇടങ്ങളായാണ് കണക്കാക്കുന്നത്.
കേരളത്തിലെ മിക്ക എയിഡഡ് വിദ്യാലയങ്ങളും ഗ്രാമത്തിലേയോ നഗരത്തിലെയോ കണ്ണായ പ്രദേശങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇക്കാരണത്താല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ സാമ്പത്തിക മൂല്യം സാമ്പത്തിക റിയലെസ്റ്റേറ്റ് താല്‍പര്യം മുന്‍നിര്‍ത്തി പല മാനേജര്‍മാരും സ്‌കൂളുകളെ അനാകര്‍ഷകമാക്കുകയും പ്രവേശനം കുറച്ചുകൊണ്ടുവരികയുമാണ്. ഇതോടൊപ്പം കാണേണ്ടതാണ്, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കൂണുപോലെ മുളച്ചുവരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഇതിനു പുറമെ, കേരളത്തിലെ ജനന നിരക്ക് കുറഞ്ഞുവരുന്നതിനാല്‍ സ്‌കൂള്‍ എന്റോള്‍മെന്റ് നിരക്ക് മേലാല്‍ ഗണ്യമായി തന്നെ കുറയാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെയെല്ലാം പ്രയോജനപ്പെടുത്തി മാനേജര്‍മാര്‍, എയിഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റ് ഡോസ് ആയിട്ടാണ് കോഴിക്കോട്, മലാപ്പറമ്പ് സ്‌കൂള്‍ സംഭവത്തെ കാണേണ്ടത്. അതിനാല്‍, ഈ ശ്രമത്തെ എന്തു വില കൊടുത്തും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഈയിടെയുണ്ടായ ബഹു. കേരള ഹൈക്കോടതി വിധിയും മാനേജര്‍മാരുടെ നീക്കത്തില്‍ സഹായകമായേക്കാം.
കോടതിവിധികൂടി അനുകൂലമായതോടെ, എയിഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള ശ്രമത്തിനാക്കം കൂടിയിരിക്കുകയാണ്. ഇത് ഫലത്തില്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള സ്‌കൂള്‍ ലഭ്യത ഇല്ലാതാക്കുന്നതിലേക്ക് നയിക്കും.
ഈ സാഹചര്യത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 53-ാം സംസ്ഥാന സമ്മേളനം കേരള സര്‍ക്കാരിനോട് താഴെ പറയുന്ന കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കാനായി ആവശ്യപ്പെടുന്നു.
- ഇത്തരം സ്‌കൂളുകളെ സാമൂഹിക നിയന്ത്രണത്തില്‍ത്തന്നെ നിലനിര്‍ത്തി, പൊതുവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുന്നതിന് വേണ്ടി സമഗ്രമായ നിയമനിര്‍മാണം നല്‍കുക. ഇതിന്റെ ഭാഗമായി കെ.ഇ.ആര്‍ അടക്കമുള്ള നിയമങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം.
- മലാപ്പറമ്പ് സ്‌കൂളിന്റെ കാര്യത്തില്‍ ഹൈക്കോടതി വിധിക്കെതിരെ എത്രയും വേഗം അപ്പീല്‍ നല്‍കി സ്‌കൂളിനെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വേണ്ട നടപടികള്‍ സ്വീകരിക്കണം.
- ഒരു മാനേജര്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ശ്രമിക്കുമ്പോള്‍ നിലവിലുള്ള വ്യവസ്ഥ വെച്ചുതന്നെ, പ്രദേശത്തിന്റെ വിദ്യാഭ്യാസ താല്‍പര്യങ്ങള്‍ക്കായി അതത് ജില്ലാ കളക്ടര്‍ക്ക് ആദ്യം അഞ്ചു വര്‍ഷത്തേക്കും പിന്നീട് സ്ഥിരമായും എയിഡഡ് സ്‌കൂള്‍ ഏറ്റെടുക്കാവുന്നതാണ്. മലാപ്പറമ്പ് സ്‌കൂളിന്റെ കാര്യത്തില്‍ അടിയന്തിരമായി വേണ്ടത് ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം ഇടപെടലുകളാണ്.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344