കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ നിര്‍ണയം പ്രതിഷേധാര്‍ഹം

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ നിര്‍ണയം പ്രതിഷേധാര്‍ഹം

പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്. കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പശ്ചിമഘട്ട സംരക്ഷണപദ്ധതിക്ക് രൂപം നല്‍കും എന്നുപറഞ്ഞ് അധികാരത്തില്‍ വന്നതാണ് ഈ സര്‍ക്കാര്‍. പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയില്ല, എന്നുമാത്രമല്ല നിലവിലുള്ള നിര്‍ദേശങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് 'ഇപ്പോഴത്തെപോലെ തന്നെ പോകട്ടെ' (Business as Usual) എന്ന തീര്‍ത്തും ഗൗരവമില്ലാത്തതും വിനാശകരവുമായ ഒരു നടപടിയാണ് സര്‍ക്കാറില്‍നിന്നും ഉണ്ടായിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ 25 കോടി ജനങ്ങളുടെ ആശ്രയമായ പശ്ചിമഘട്ടം കര്‍ഷകജനതയുടെയും വനത്തെ ആശ്രയിച്ചുകഴിയുന്ന ആദിമജനവിഭാഗത്തിന്റെയും വാസസ്ഥലം കൂടിയാണ്. ലോകത്തിലെ അപൂര്‍വ ജൈവവൈവിധ്യ കലവറയായ ഈ മലനിരകള്‍ നിര്‍വഹിക്കുന്ന ധര്‍മങ്ങളും സേവനങ്ങളും ഇല്ലാതിരുന്നെങ്കില്‍ ദക്ഷിണേന്ത്യയില്‍ മനുഷ്യവാസവും സംസ്‌കാരവും ഒരുപക്ഷേ അസാധ്യമാ കുമായിരുന്നു. ഇത്രയും പ്രാധാന്യമുള്ള ഈ പ്രദേശം സംബന്ധിച്ച ഏതു തീരുമാനവും ശാസ്ത്രയുക്ത്യാ ശരിയെന്ന് പലവട്ടം ഉറപ്പുവരുത്തി മാത്രം കൈക്കൊള്ളേണ്ടതാണ്.
ഭൂമിയുടെ ഉപയോഗക്രമത്തിലും ജൈവഅജൈവ വിഭവങ്ങളുടെ വിനിയോഗത്തിലും ഒരു നിയന്ത്ര ണവുമില്ലാതെ സുസ്ഥിരമായ ഒരു വികസനം ലോകത്തൊരിടത്തും സാധ്യമല്ല. അമിതവും അശാസ്ത്രീ യവുമായ പ്രകൃതിചൂഷണം സമൂഹത്തിന്റെ നിലനില്പ് അസാധ്യമാക്കുന്ന പ്രകൃതിദുരന്തത്തി ലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക. കഴിഞ്ഞ രണ്ടുവര്‍ഷമായി അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെയും വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ അവധാനതയോടെയും നീതിയുക്തമായും തീരുമാനമെടുക്കേണ്ട സമയമാണിത്. എന്നാല്‍ അത്തരത്തിലുള്ള സമീപനമല്ല സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടം സംബന്ധിച്ച് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം പുനഃപരിശോ ധിക്കാനും എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയമായ സംരക്ഷണ മാര്‍ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കാനും കേരള സര്‍ക്കാറിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
ഇപ്രകാരമൊരു തീരുമാനത്തിലെത്താന്‍ സര്‍ക്കാറിനെ സഹായിക്കുമാറ് നിലപാടെടുക്കാന്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളോടും ഇതിനായി സമ്മര്‍ദമുയര്‍ത്താന്‍ ബഹുജനങ്ങളോടും പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

ഡോ: കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344