അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കരുത്

പിലാത്തറ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാംവര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥി അക്ഷരയെ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന കാരണത്താല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടിരിക്കുന്നു. ഇതേകാരണത്താല്‍ ഈ കുട്ടിക്കും സഹോദരന്‍ അനന്തുവിനും സ്‌കൂള്‍വിദ്യാഭ്യാസം മുമ്പ് നിഷേധിക്കപ്പെട്ടിരുന്നു. അന്ന് പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണാനായത്. കഴിഞ്ഞ ദിവസം രണ്ടു വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ വിട്ടുപോയിരുന്നു. അക്ഷര അവിടെ താമസിക്കുന്നതാണ് അധ്യാപകര്‍ അതിന് കാരണമായി കണ്ടെത്തിയത്. പരിഹാരമായി അക്ഷരയ്ക്ക് മറ്റെവിടെയെങ്കിലും താമസസൗകര്യം ഒരുക്കിക്കൊടുക്കാമെന്നാണ് അവര്‍ പറയുന്നത്. അവിടെയും ഇതുതന്നെ ആവര്‍ത്തിച്ചാല്‍ ഈ കുട്ടി പഠനം തീരും വരെ ഏകാന്തവാസം തന്നെ അനുഭവിക്കേണ്ടി വരില്ലേ. കൂടെ താമസിച്ചാലോ, വസ്ത്രങ്ങളോ പാത്രങ്ങളോ ഉപയോഗിച്ചാലോ പകരാത്ത വ്യാധിയാണ് എയ്ഡ്‌സ് എന്ന അറിവില്ലാത്തവരാണോ ഈ സ്ഥാപനത്തിലെ അധ്യാപകര്‍? എച്ച്.ഐ.വി. പോസിറ്റീവ് ആയവര്‍ക്ക് ഏറ്റവും പ്രാഥമികമായി ലഭിക്കേണ്ടത് സാമൂഹിക പിന്തുണയാണ്. അത് നല്‍കാതെ അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന നടപടികളാണ് വിദ്യാസമ്പന്ന കേരളം കൈക്കൊള്ളുന്നത്. അക്ഷരയെ ഹോസ്റ്റലില്‍ നിന്ന് മാറ്റുന്നതിനു പകരം അക്ഷര താമസിക്കുന്ന ഹോസ്റ്റലില്‍ താമസിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് വേറെ താമസിക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയാണ് അധ്യാപകരും സ്ഥാപനത്തിന്റെ അധികാരികളും ചെയ്യേണ്ടത്. സ്ഥാപനമേധാവികളും അധ്യാപകരും ഇത്തരം സാമൂഹികവിരുദ്ധ നടപടികളില്‍നിന്ന് പിന്മാറണമെന്നും അക്ഷരയുടെ ഹോസ്റ്റല്‍ താമസം ഉറപ്പാക്കാന്‍ കേരളജനത മുഴുവന്‍ അക്ഷരയ്‌ക്കൊപ്പം അണിചേരണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു. ജില്ലാഭരണകൂടം അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നപരിഹാരം ഉറപ്പുവരുത്തണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.

ഡോ.കെ.പി. അരവിന്ദന്‍
പ്രസിഡണ്ട് പി. മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Categories: Updates