(ഉദിനൂരില്‍ നടന്ന പരിഷദ് വാര്‍ഷികത്തിലെ ചര്‍ച്ചകള്‍ ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയ കുറിപ്പ്)
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശാസ്‌ത്രബോധവും മതനിരപേക്ഷതയും ജനങ്ങളിലെത്തിക്കുക, മഹാരാഷ്ട്ര മാതൃകയില്‍ ജനജീവിതത്തെ നിഷേധാത്മകമായി ബാധിക്കുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായി നിയമനിര്‍മാണം നടത്തുക എന്നീ സുപ്രധാന സന്ദേശങ്ങളാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഉദിനൂര്‍ സമ്മേളനം നല്‍കിയത്‌. ഇവയെ ആസ്‌പദമാക്കി അവതരണങ്ങളും വിശദമായ ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ക്രോഡീകരിച്ച ഏതാനും വിഷയങ്ങളാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌.
പ്രചരണത്തിന്റെ പ്രസക്തി
സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നതും വികസിതരാഷ്ട്രങ്ങളോട്‌ കിടപിടിക്കുന്നതുമായ സംസ്ഥാനമാണ്‌ കേരളം. ശാസ്‌ത്ര സാങ്കേതികവിദ്യാഭ്യാസത്തിലും ഇപ്പോള്‍ കേരളം മുന്നേറുകയാണ്‌. ഐ.ടി ഉല്‍പ്പന്നങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും ഉപയോഗത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്‌. സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും ദുര്‍ബലവിഭാഗങ്ങളുടെ പഠനത്തിന്റെ കാര്യത്തിലും കേരളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പത്ര-പുസ്‌തക വായനാശീലം ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നു കേരളമാണ്‌. അതായത്‌ ലോകത്തില്‍ ഇന്നുല്‍പ്പാദിപ്പിക്കപ്പെടുന്ന വിവരങ്ങളും ആശയങ്ങളുമെല്ലാം ലഭിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനുമുള്ള എല്ലാ സാധ്യതകളും മലയാളിക്ക്‌ ഇന്നുണ്ട്‌.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ഏറ്റവും ശക്തമായ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നതും കേരളത്തിലാണ്‌. ശ്രീനാരായണ പ്രസ്ഥാനവും അയ്യങ്കാളി പ്രസ്ഥാനവും അവരുടെ സ്വാധീനത്തില്‍ വളര്‍ന്നുവന്ന ദുര്‍ബല വിഭാഗങ്ങളുടെ മുന്നേറ്റവും സവര്‍ണജാതി കോയ്‌മക്കെതിരായ ശക്തമായ വെല്ലുവിളിയായിരുന്നു. സഹോദരന്‍ അയ്യപ്പന്റെ പ്രസ്ഥാനം അനാചാരങ്ങള്‍ക്കെതിരായ മുന്നേറ്റത്തിനോടൊപ്പം ശാസ്‌ത്രബോധത്തിന്റെ സന്ദേശവും പ്രചരിപ്പിച്ചു. `അമ്പലങ്ങള്‍ക്ക്‌ തീ കൊളുത്തുക’ എന്ന വിടി ഭട്ടതിരിപ്പാടിന്റെയും `നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന ഇ.എം.എസ്സിന്റെയും മുദ്രാവാക്യങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ, മാനവികതയുടെയും മതനിരപേക്ഷതയുടെയും സാമൂഹ്യ നീതിബോധത്തിന്റെയും ആശയങ്ങള്‍ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും എത്തിയിരുന്നുവെന്നു കാണിക്കുന്നു. ഈ ആശയങ്ങളുടെ വെളിച്ചത്തിലാണ്‌ പിന്നീട്‌ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളും, ശാസ്‌ത്രസാഹിത്യ പ്രസ്ഥാനവും യുക്തിവാദപ്രസ്ഥാനവുമെല്ലാം വളര്‍ന്നുവന്നത്‌.
അന്ന്‌ തുടങ്ങിവെച്ച മുന്നേറ്റത്തില്‍ നിന്ന്‌ ഇന്നു കേരളം അതിവേഗം പിറകോട്ടടിക്കുകയാണ്‌. സവര്‍ണമേധാവിത്വവും ജാതിഭിന്നതകളും വീണ്ടും പരസ്യമായി പ്രത്യക്ഷപ്പെടുന്നു അവയെ അരക്കിട്ടുറപ്പിക്കാന്‍ ജാതിമത സമുദായസംഘടനകള്‍ അതിശക്തമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മതവിഭാഗങ്ങളുടെയും ദേവാലയങ്ങള്‍ നിര്‍മിക്കുകയും പുനര്‍ നിര്‍മിക്കുകയും ചെയ്യുന്നു. അതിന്‌ മധ്യവര്‍ഗത്തിന്റെയും പുത്തന്‍ ധനാഢ്യന്മാരുടെയും കയ്യഴിഞ്ഞ സഹായമുണ്ടാകുന്നു. മതസമുദായ സംഘടനകള്‍ ദൈവവിശ്വാസപ്രചരണത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മാത്രമല്ല, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആസ്‌പത്രികള്‍, സ്‌ത്രീകളുടെയും യുവാക്കളുടെയും സംഘടനകള്‍ മുതല്‍ പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയ പ്രചരണം വരെ എല്ലാ മേഖലകളിലും ഇടപെടുന്നു. ഒരു കാലത്ത്‌ പുരോഗമന മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ സ്വാധീനം ചെലുത്തിയ പൊതു മണ്ഡലം മുഴുവനും ജാതിമത സാമുദായിക സംഘടനകള്‍ കയ്യടക്കുകയാണ്‌. ഇവരുടെ തണലിലാണ്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സ്ഥാനംപിടിക്കുന്നത്‌. ആള്‍ദൈവസംഘങ്ങളും മന്ത്രവാദവും രക്ഷകളും രോഗശാന്തി ശുശ്രൂഷകളും ധ്യാനങ്ങളും വിശുദ്ധമുടിയുടെ ആരാധനയും യാഗങ്ങളുമെല്ലാം വിശ്വാസസംഹിതകളുടെയും ആചാരങ്ങളുടെയും പുതു രൂപങ്ങളെയാണ്‌ കാണിക്കുന്നത്‌.
ഇത്തരം പുതുരൂപങ്ങളുടെ പ്രചാരത്തിലും വ്യത്യാസമുണ്ട്‌. സവര്‍ണജാതി കോയ്‌മ നിലനിന്ന കാലഘട്ടത്തില്‍ ആചാരങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. താലികെട്ടുകല്യാണം, തെരണ്ടുകുളി, പുളികുടി, അയിത്തം, വിവിധതരം ബലികര്‍മങ്ങളും ബാധ ഒഴിപ്പിക്കലും വിവാഹചടങ്ങുകള്‍, ഉടുപ്പിന്റെ വിധം തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഇവയില്‍ പലതും ജാത്യാചാരങ്ങള്‍ എന്ന നിലയിലാണ്‌ നടപ്പാക്കപ്പെട്ടത്‌. സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായി ഇവ പലതും ഇല്ലാതെയായി. നിത്യജീവിതത്തില്‍ ഔപചാരികമായ തുല്യത നിര്‍ബന്ധമായി. ബലികര്‍മങ്ങള്‍ കുറഞ്ഞുവന്നു. അയിത്തം ഔപചാരികമായെങ്കിലും നിഷിദ്ധമായി.
ഔപചാരികതലത്തില്‍ അന്ധവിശ്വാസങ്ങള്‍ കുറഞ്ഞുവെങ്കിലും ജാതിഭിന്നതകള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായി നിലനില്‍ക്കുകയും വിവാഹം, ജനനത്തിന്റെയും മരണത്തിന്റെയും ചടങ്ങുകള്‍ മുതലായവയില്‍ ശക്തമായി പ്രത്യക്ഷപ്പെടുകയും ചെയ്‌തു. മതസംഘടനകള്‍ നവീകരണ പ്രസ്ഥാനങ്ങളുമായി മുന്നോട്ടുവന്നു. കൃസ്‌ത്യന്‍ – മുസ്ലീം – ഹിന്ദുസംഘടനകളുടെ സ്വാധീനം ഇത്തരത്തില്‍ വര്‍ധിച്ചു. ജാതിസംഘടനകള്‍ സംവരണത്തിന്റെയും രാഷ്ട്രീയവും സാമൂഹ്യവുമായ അവകാശങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വന്തം ജാതി സമുദായങ്ങളെ ഒന്നിപ്പിക്കാന്‍ തീവ്രശ്രമം നടത്തി. ആദ്യകാല ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ സ്‌ത്രീകളുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്ന ഉദാര സമീപനം ക്രമേണ ഇല്ലാതെയായി. മിശ്രവിവാഹങ്ങള്‍ കുറഞ്ഞു. ബാല്യവിവാഹങ്ങള്‍ക്കെതിരെ ശക്തമായ മുന്നേറ്റമുണ്ടായെങ്കിലും ക്രമേണ അതു ദുര്‍ബലമായി. ഇപ്പോഴത്തെ കണക്കുകളനുസരിച്ച്‌ 18 വയസ്സുള്ള പെണ്‍കുട്ടികളില്‍ 15 ശതമാനം വിവാഹിതരാണെന്നതു തന്നെ കൗമാരവിവാഹം വ്യാപകമാകുന്നതിനെയാണ്‌ കാണിക്കുന്നത്‌. ക്ഷേത്ര പ്രവേശനം എല്ലാ വിഭാഗക്കാര്‍ക്കും അനുവദിച്ചതോടെ ക്ഷേത്രങ്ങള്‍ ശക്തമായി. ശബരിമല കൊട്ടിയൂര്‍, പറശ്ശിനിക്കടവ്‌ മുതലായ അബ്രാഹ്മണര്‍ക്ക്‌ കൂടുതല്‍ സ്വാധീനമുള്ള ക്ഷേത്രങ്ങളുടെ പ്രാധാന്യവും വര്‍ധിച്ചു.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ പുരോഗമന മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ജാതിമത സംഘടനകള്‍ ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ തുടങ്ങി. രണ്ടു തരത്തിലാണ്‌ ഈ വെല്ലുവിളിയുയര്‍ന്നത്‌. ഒന്നാമത്‌, പൊതുമണ്ഡലത്തിലും രാഷ്ട്രീയ വേദികളിലും ഇവര്‍ ചെലുത്തിയ സ്വാധീനം. ഇതാണ്‌ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്‌; ചര്‍ച്ചകള്‍ക്കു വിഷയമായതും. രണ്ടാമത്തെത്‌, ഭാഗവത സപ്‌താഹങ്ങള്‍, ഗീതാപ്രഭാഷണങ്ങള്‍, മതപ്രചരണം, ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും പുനര്‍നിര്‍മാണം, സായിബാബയെപ്പോലെ “ദൈവാംശമുള്ള” സന്യാസിമാരുടെ പ്രവര്‍ത്തനം, അവരുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ നിരുപദ്രവകരമെന്നു തോന്നിക്കുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളായിരുന്നു. മതനിരപേക്ഷ നിലപാടുകളുള്ളവരെപ്പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചു. ക്രൈസ്‌തവസഭകള്‍, മുസ്ലീങ്ങള്‍ക്കിടയിലെ സുന്നികളും മുജാഹിദുകളും, ആര്‍.എസ്സ്‌.എസ്‌, അയ്യപ്പസേവാസംഘം, ആര്യസമാജം, ഹിന്ദുമുന്നണി, പല സന്യാസിമാരുടെയും “മിഷനു”കള്‍ തുടങ്ങിയ നിരവധി സംഘടനകള്‍ മതപരിവര്‍ത്തനമടക്കമുളള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ പരോക്ഷമായ മതവല്‍ക്കരണത്തിലേക്കു നയിച്ചു. ന്യൂനപക്ഷാവകാശങ്ങളും, എണ്‍പതുകള്‍ക്കു ശേഷം ശക്തിപ്പെട്ട “ഹിന്ദുത്വത്തിന്റെ “വിശ്വാസി” താല്‍പ്പര്യങ്ങളും ഈ പ്രവണതകളെ ശക്തിപ്പെടുത്തി. ഈ പ്രവണതകളെ ഒരു പരിധിവരെയെങ്കിലും തടഞ്ഞുനിര്‍ത്തിയത്‌ അതുവരെ നിലനിന്ന സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സ്വാധീനമായിരുന്നു. ശാസ്‌ത്രപ്രസ്ഥാനവും ഇതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചു.
ഇന്നു സ്ഥിതി മാറുകയാണ്‌. മതനിരപേക്ഷതയെയും യുക്തിചിന്തയെയും നിലനിര്‍ത്തിയ ലിബറല്‍ ജനാധിപത്യ രൂപങ്ങള്‍ തകരുകയാണ്‌. ഇന്ത്യന്‍ സമൂഹം പൊതുവില്‍ മതസാമുദായികതയ്‌ക്കനുകൂലമായും, പ്രത്യേകിച്ച്‌ ഭൂരിപക്ഷ മത സാമുദായികതയെ പിന്തുണച്ചും നിലപാടെടുത്തിരിക്കുന്നു. ഭൂരിപക്ഷ സാമുദായികതയും ധനികപക്ഷവും തമ്മിലുള്ള സമവായം വളര്‍ന്നുവന്നിരിക്കുകയാണ്‌. ഇതിന്റെ ഫലമായി ഇതുവരെ നിലനിന്ന മതനിരപേക്ഷ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ കടപുഴക്കിയെറിയപ്പെടുകയും മതജാതി സാമുദായികത ഔപചാരിക തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയും ഇന്നുണ്ട്‌. അവര്‍ സ്വകാര്യ ജീവിതത്തിലേക്കു കടന്നുകയറുകയും നിരവധി തരങ്ങളിലുള്ള വിശ്വാസങ്ങളുടെ കുരുക്കുകളില്‍ ജനങ്ങളെ അകപ്പെടുത്തുകയും ചെയ്യുന്നു. മതസംഹിതകള്‍ നേരിട്ട്‌ അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുന്നില്ലെങ്കിലും അവയെ ആസ്‌പദമാക്കിയുള്ള നിരവധി അനാചാരങ്ങളും വിശ്വാസങ്ങളും ജനങ്ങളില്‍ പ്രചരിക്കുകയാണ്‌. ശാസ്‌ത്രത്തിന്റെയും യുക്തിയുടെയും ആശയങ്ങള്‍ ഔപചാരിക വിദ്യാഭ്യാസത്തില്‍ ഇവര്‍ പഠിക്കുന്നുണ്ടെങ്കിലും അവയെക്കാള്‍ ശക്തമായാണ്‌ നിത്യജീവിതത്തില്‍ വിശ്വാസങ്ങള്‍ പ്രചരിക്കുന്നത്‌. മതസംഘടനകള്‍ നേരിട്ടും അല്ലാതെയും ഇത്തരം വിശ്വാസങ്ങളെ ഉപയോഗിച്ച്‌ ഒരു വിധേയസമൂഹത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്‌.
നവലിബറല്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി വളര്‍ന്നുവരുന്ന വാണിജ്യസംസ്‌കൃതിയും പുതിയ വിശ്വാസ സംഹിതകളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ശാസ്‌ത്ര പ്രചരണത്തിനനല്ല, എല്ലാവിധ മതസിദ്ധാന്തങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും പ്രചരണത്തിനാണ്‌ ഏറ്റവുമധികം ഉപയോഗിക്കുന്നത്‌. മതവെറി പ്രചരിപ്പിക്കുന്നതില്‍ ദൃശ്യശ്രാവ്യ രൂപങ്ങള്‍ക്കുള്ള പങ്ക്‌ ഏവര്‍ക്കും അറിയാം. ടിവി മാധ്യമങ്ങളിലൂടെ ജ്യോതിഷം, വാസ്‌തു, ഏലസ്സുകള്‍, രക്ഷകള്‍, വലംപിരിശംഖ്‌ മുതലായവ കൂടാതെ അക്ഷയതൃതീയ പോലുള്ള പുതിയ “വാണിജ്യാ”ചാരങ്ങളും പ്രചരിപ്പിക്കുന്നു. മതസമുദായങ്ങള്‍ക്കു വേണ്ടിയുള്ള വിവാഹ ബ്യൂറോകളും മാന്ത്രികജാലവിദ്യകളും പ്രചരിക്കുന്നതും ഇവയിലൂടെയാണ്‌. കേരളത്തില്‍ ഏറ്റവുമധികം ഫണ്ട്‌ സ്വരൂപിക്കുന്ന രണ്ട്‌ “ദൈവിക” സ്ഥാപനങ്ങള്‍ക്ക്‌ സ്വന്തമായി ചാനലുകളുണ്ട്‌ (അമൃത, ആത്മീയയാത്ര) ഇവ കൂടാതെ നിരവധി മതപ്രചരണ ചാനലുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. “ദൈവിക” സീരിയലുകള്‍ നിരന്തരമായി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുവെന്നു മാത്രമല്ല, അവയ്‌ക്കെല്ലാം നല്ല റേറ്റിംഗും ഉണ്ട്‌. ഇവയെല്ലാം കൂടാതെ യാതൊരു ശാസ്‌ത്രീയ അടിത്തറയും ഇല്ലാതെ കേവലമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിപണനം ചെയ്യപ്പെടുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ (കേശവര്‍ധനം, കഷണ്ടി തടയല്‍, ഉയരം വയ്‌ക്കല്‍, ഓര്‍മശക്തി വര്‍ധിപ്പിക്കല്‍, മുഖകാന്തി വര്‍ധിപ്പിക്കല്‍, വെളുപ്പിക്കല്‍, ശരീരപുഷ്ടി, വാജീകരണം മുതലായവ) ചാനലുകളിലൂടെ പ്രചരിക്കുന്നുണ്ട്‌. ഇവയെല്ലാം ഒരു നുണ നിരവധി പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ രീതികൊണ്ടു മാത്രമാണ്‌ ജനങ്ങളില്‍ പ്രചരിക്കുന്നത്‌. ശാസ്‌ത്രീയമായി തെളിയിക്കപ്പെടാത്ത നിരവധി ഉല്‍പ്പന്നങ്ങളും രീതികളും `അനുഭവസാക്ഷ്യം’ എന്ന പേരില്‍ മാത്രം ജനങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. കമ്പോളത്തിന്‌ ആധിപത്യം ലഭിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം പ്രചരണങ്ങളുടെ നേരും നുണയും തിരിച്ചറിയാനുള്ള മാര്‍ഗങ്ങളുമില്ല. അതുകൊണ്ട്‌ വഞ്ചിക്കപ്പെടുന്നവര്‍ നിരവധിയാണ്‌. വിശ്വാസസംഹിതകളുടെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ഏതൊരുല്‍പ്പന്നവും ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ ജനപ്രീതി നേടാന്‍ പ്രയാസമില്ല എന്നു കണ്ടറിഞ്ഞതുകൊണ്ട്‌ കമ്പോളവ്യവസ്ഥയ്‌ക്ക്‌ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രയാസവുമില്ല. രാഷ്ട്രീയ വലതുപക്ഷത്തിന്റെ വളര്‍ച്ച കമ്പോള വ്യവസ്ഥയും വിശ്വാസസംഹിതകളും തമ്മിലുള്ള സമന്വയത്തിന്‌ അടിത്തറ നല്‍കുന്നുണ്ട്‌.
ചുരുക്കത്തില്‍, സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും വളര്‍ന്നുവന്ന സാഹചര്യങ്ങളല്ല ഇന്നു നിലനില്‍ക്കുന്നത്‌. അന്നുനിലനിന്ന ലിബറല്‍ മാനവിക ജനാധിപത്യ സങ്കല്‍പ്പം ഇന്നു തിരിച്ചടി നേരിടുകയാണ്‌. അതിനുപകരം ജാതിമത സാമുദായികതയും ധനികപക്ഷവും തമ്മിലുളള ചങ്ങാത്തം ഇന്ന്‌ അതിശക്തമാണ്‌. അതുകൊണ്ടുതന്നെ, മതസമുദായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആശയപരവും നിയമപരവുമായ പരിരക്ഷ അവര്‍ക്കുണ്ട്‌. വിശ്വാസപ്രമാണങ്ങള്‍ക്ക്‌ സമൂഹത്തിലുള്ള സ്വാധീനം മൂലം അതിനെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്നു തയ്യാറല്ല. പല രാഷ്ട്രീയനേതാക്കളും ഇത്തരം മതസ്ഥാപനങ്ങളോട്‌ വ്യക്തമായ വിധേയത്വം വെച്ചുപുലര്‍ത്തുന്നവരാണ്‌. മതസമുദായങ്ങളുമായുള്ള ഔപചാരിക ബന്ധവും രാഷ്ട്രീയപരിരക്ഷയും നിരവധി ആള്‍ദൈവസംഘങ്ങളെയും പ്രചരണ സ്ഥാപനങ്ങളെയും തന്നിഷ്ടം പോലെ നടക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്‌. മാതാ അമൃതാനന്ദമയി മിഷനെതിരായ വിമര്‍ശനങ്ങള്‍ എങ്ങനെ ഒതുക്കപ്പെട്ടുവെന്നത്‌ നല്ലൊരുദാഹരണമാണ്‌.
കേരളത്തില്‍ ഒരു കാലത്തു വളര്‍ന്നുവന്ന ശാസ്‌ത്രബോധത്തിനും പൊതുജീവിതത്തിലെ യുക്തിപരതയ്‌ക്കുമെതിരായ ഈ കടന്നുകയറ്റം ഇന്ന്‌ നിത്യജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനെ പ്രതിരോധിക്കേണ്ടത്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകളുടെ ബാധ്യതയും കടമയുമാണ്‌. ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ മുന്നേറ്റങ്ങളുടെ ഫലമായി രൂപംകൊണ്ട സംഘടനയാണ്‌ പരിഷത്ത്‌. ഇന്ന്‌ നാം ജീവിക്കുന്നത്‌ വലതുപക്ഷ വ്യതിയാനത്തിന്റെയും ജാതിമതസംഘടനകള്‍ക്ക്‌ നിത്യജീവിതത്തിലും കമ്പോളത്തിലുമുള്ള ആധിപത്യം വളരെ പ്രകടമായ കാലഘട്ടത്തിലാണ്‌. അതേസമയം ശാസ്‌ത്രപ്രചരണത്തിനും സാങ്കേതികവിദ്യകളുടെ വിനിമയത്തിനും വന്‍ സാധ്യതകള്‍ തെളിഞ്ഞുകാണുന്നുമുണ്ട്‌. അതുപയോഗിക്കുകയും വിനിമയം ചെയ്യുകയും പുതിയ ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹം വളര്‍ന്നുവരേണ്ടതുണ്ട്‌. അതിനായി ഇന്നും കേരള സമൂഹത്തെ വലയം ചെയ്‌തിരിക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുകമറയ്‌ക്കെതിരായി ശക്തമായി പോരാടേണ്ട ആവശ്യമുണ്ട്‌. ഈ പോരാട്ടം വസ്‌തുനിഷ്‌ഠ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുന്നതില്‍ നിന്ന്‌ മാത്രമല്ല രൂപപ്പെടുന്നത്‌, അതിനായി നമ്മില്‍ത്തന്നെ നിലനില്‍ക്കുന്ന ധാരണകളെയും വിശ്വാസങ്ങളെയും സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ട ആവശ്യവുമുണ്ട്‌. അതിനായി ശാസ്‌ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധവും വൈജാത്യവും പരിശോധിക്കേണ്ടതുണ്ട്‌.
വിശ്വാസം എന്നാല്‍
അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ഇന്നത്തെ സാഹചര്യങ്ങളില്‍ എങ്ങനെ നിര്‍വചിക്കാം? കേവലമായ നിര്‍വചനത്തെക്കാള്‍ എളുപ്പം അവ എന്താണ്‌ എന്നും എന്തല്ല എന്നും വിശദീകരിക്കുകയാണ്‌.
സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ വ്യക്തമായ വേര്‍തിരിവുണ്ടായിരുന്നു. വിശ്വാസമെന്നാല്‍ ദൈവവിശ്വാസമാണ്‌. പ്രപഞ്ചത്തിന്‌ കാരണഭൂതമായ ധൈഷണികമായ ശക്തിയുണ്ടെന്ന ധാരണയാണ്‌. അതിനെ ആത്മാവ്‌ എന്നോ ഈശ്വരന്‍ എന്നോ ഏതെങ്കിലും മതങ്ങള്‍ അംഗീകരിക്കുന്ന പേരുകളിലോ (യഹോവ, അല്ലാഹു, വിഷ്‌ണു, ശിവന്‍, ശക്തി) വിളിക്കാം. അവയെ ആരാധിക്കുന്നതും ഈശ്വരഭക്തിയും സ്വീകാര്യമാണ്‌. പക്ഷേ, അന്ധവിശ്വാസമെന്നാല്‍ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന കേവലശക്തികളെക്കുറിച്ചുള്ള അബദ്ധധാരണകളാണ്‌. അവയില്‍ പലതും ശാസ്‌ത്രം നിരാകരിച്ചതുമാണ്‌, ജ്യോതിഷം, മന്ത്രവാദം, ബലികള്‍, ആഭിചാരക്രിയകള്‍, ശകുനത്തിലും കാലത്തിലും (രാഹു, ഗുളികന്‍) ഉളള വിശ്വാസം, നിമിത്തങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. സ്‌ത്രീകളുടെ ആര്‍ത്തവത്തെയും ഗര്‍ഭധാരണത്തെയും, പുരുഷപ്രജയുടെ ജനനത്തെപ്പറ്റിയും ആര്‍ത്തവം നിലയ്‌ക്കുമ്പോഴുള്ള സ്‌ത്രീയുടെ അവസ്ഥയെപ്പറ്റിയുമുള്ള നിരവധി അബദ്ധധാരണകളും ഇതിന്റെ ഭാഗമാണ്‌. ഇവയെയെല്ലാം അന്ധവിശ്വാസങ്ങള്‍ എന്നു വിളിച്ചിരുന്നു.
ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വന്‍തോതിലുള്ള വളര്‍ച്ചയുണ്ടായിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നല്ലൊരുശതമാനവും ഇപ്പോഴും നിലവിലുണ്ടെന്നതും, അവയെ ഉപജീവിച്ചു ജീവിക്കുന്നവരും ധാരാളമുണ്ടെന്നതും വസ്‌തുതയാണ്‌. ഇവയെ പ്രതിരോധിക്കാന്‍ ശാസ്‌ത്ര പ്രസ്ഥാനങ്ങള്‍ക്കു കഴിയണം.
അന്ധവിശ്വാസവും ആത്മീയതയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആത്മീയത എന്നത്‌ കേവലമായ ദൈവവിശ്വാസമല്ല. അവ തമ്മിലുള്ള ആശയക്കുഴപ്പം ഇപ്പോഴും ശക്തമാണ്‌. ആത്മീയവാദി ഒരു തത്ത്വചിന്തകനാണ്‌. അയാള്‍ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ആത്മീയ സത്തയെ തേടുകയും അതിനെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ്‌. കൃസ്‌ത്യന്‍ സന്യാസിമാരും സൂഫികളും ഇതുപോലെയുള്ള ആത്മീയവാദികളാണ്‌. അന്ധവിശ്വാസങ്ങളെ ശക്തമായി വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതില്‍ ആത്മീയവാദികള്‍ എപ്പോഴും മുന്‍പന്തിയിലാണ്‌. നാരായണഗുരുവും വാഗ്‌ഭടാനന്ദനും ചട്ടമ്പിസ്വാമികളുമെല്ലാം ആത്മീയവാദികളായിരുന്നല്ലോ.
ആത്മീയവാദി ഒരിക്കലും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആത്മസാക്ഷാല്‍ക്കാരത്തിന്റെ രൂപങ്ങളായി കാണുകയില്ല. അത്തരം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ കപട ആത്മീയ വാദികളാണ്‌. യഥാര്‍ഥ ആത്മീയതയെയും കപട ആത്മീയതയെയും വേര്‍തിരിച്ചറിയണം.
മറ്റൊരു തരത്തിലുള്ള വിശ്വാസങ്ങളുണ്ട്‌. അവ ഒരു നൂറുകൊല്ലം മുമ്പുണ്ടായിരുന്ന അന്ധവിശ്വാസങ്ങളില്‍പ്പെടുകയില്ല. മിക്കവാറും ചെറുപ്പക്കാരും ധരിക്കുന്ന വിവിധതരം രക്ഷകളും ഏലസ്സുകളും ഉദാഹരണങ്ങളാണ്‌. ഇത്തരം രക്ഷകള്‍ മുന്‍കാലങ്ങളില്‍ ആഭിചാരക്രിയകളില്‍ നിന്നുള്ള സംരക്ഷണമായി കരുതിയിരുന്നെങ്കില്‍ ഇന്ന്‌ അവ വിശ്വാസത്തിന്റെ പ്രതീകമാണ്‌. `രക്ഷാബന്ധന്‍’ പോലുള്ള ചടങ്ങുകളിലൂടെ (സഹോദര മൈത്രിയുടെ ഒരു സൂചകം മാത്രമാണ്‌ യഥാര്‍ഥ രക്ഷാബന്ധന്‍) ഇവയ്‌ക്ക്‌ ദൈവിക സ്വഭാവം കൈവരുകയും ചെയ്യുന്നു. ജപമാലകളും ഖുര്‍ആന്‍ ഓതി കെട്ടുന്നതും ഒക്കെ ഇത്തരം രക്ഷകളാണ്‌. അനിശ്ചിതത്വം നിറഞ്ഞ കമ്പോള യുഗത്തില്‍ മറ്റുള്ളവരുടെ “പാര”കളില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ ഇവയെന്നും കരുതാം. മന്ത്രവാദത്തിന്റെ പുനരുത്ഥാനം ഇതിലൂടെ സാധികക്കുകയും ചെയ്യും. ഔപചാരിക മതവിശ്വാസം തന്നെ ഇത്തരം രക്ഷകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌.
സ്‌തോത്രങ്ങളും ശുശ്രൂഷകളും മറ്റൊരു പ്രധാന രൂപമാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മതസ്ഥാപനങ്ങളുടെ മുഖ്യ പ്രവര്‍ത്തനവും വരുമാനമാര്‍ഗവുമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ എന്തെങ്കിലും അത്ഭുത (miracle)വുമായി ബന്ധപ്പെടുത്തുന്നതും സാധാരണയാണ്‌. എന്നാല്‍ ഇന്ന്‌ അവ ഔപചാരിക മതത്തിന്റെ ഭാഗമാകുകയും മതാധിപന്മാര്‍ തന്നെ ഇത്തരം ശുശ്രൂഷകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ധ്യാനങ്ങളും ശുശ്രൂഷകളും നോയ്‌മ്പുകളും തീര്‍ഥയാത്രകളും ഔപചാരിക മതത്തിന്റെ ഭാഗമാണ്‌. അവ കേവല ഭക്തിക്കപ്പുറം അഭിഷ്ടസിദ്ധി എന്നതും ഉറപ്പിക്കുന്നുണ്ട്‌. അതായത്‌ ഓരോ വ്യക്തികളുടെയും ആഗ്രഹങ്ങളെയും സാധിച്ചുകൊടുക്കുന്നുവെന്ന്‌ തോന്നിപ്പിച്ചു മാത്രമേ മതപ്രചാരണം ഇന്നു സാധ്യമാവുകയുളളൂ. ജനങ്ങളുടെ വ്യക്തിനിഷ്‌ഠതയെയും സ്വാര്‍ഥതയെയും മതം അംഗീകരിക്കുന്നുവെന്നര്‍ഥം. ഔപചാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും തെറ്റല്ല. ജീവകാരുണ്യത്തിന്റെ പേരിലുള്ള “വിശ്വാസ ശുശ്രൂഷ” (faith healing) രൂപങ്ങള്‍ കപടശാസ്‌ത്രവും അന്ധവിശ്വാസത്തിന്റെ പ്രചരണവുമാണ്‌, അവ എതിര്‍ക്കപ്പെടേണ്ടതാണ്‌.
ഇത്തരം കപട രീതികളുടെ ഏറ്റവും ശക്തമായ രൂപങ്ങളാണ്‌ “ദൈവാംശ”മുള്ള വ്യക്തികളുടെയും ശേഷിപ്പുകളുടെയും ആരാധനയും യാഗങ്ങള്‍ പോലുള്ള ചടങ്ങുകളും. ഭക്തരെയും സന്യാസിമാരെയും ആത്മീയവാദികളെയും എല്ലാ കാലത്തും നാം ബഹുമാനിച്ചിട്ടുണ്ട്‌. അവരുടെ പ്രചരണങ്ങള്‍ സ്‌തുതിക്കും വിമര്‍ശനത്തിനും ഒക്കെ വിധേയമായിട്ടുണ്ട്‌. എന്നാല്‍ `ദൈവാംശ’മുള്ള വ്യക്തികള്‍ (ആള്‍ദൈവങ്ങള്‍) അങ്ങനെയല്ല. അവര്‍ തത്ത്വജ്ഞാനികളോ ആത്മീയവാദികളോ അല്ല. സാധാരണക്കാരാണ്‌. അത്ഭുതകൃത്യങ്ങളിലൂടെയാണ്‌ “ദൈവാംശം” പുറത്തുവരിക. ചിലര്‍ അമാനുഷിക സിദ്ധികള്‍ ഉണ്ടെന്നു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും വിരുതന്മാരാണ്‌. അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളാണ്‌. അത്തരം പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വാധീനവലയത്തെ വര്‍ധിപ്പിക്കുന്നു. കൃസ്‌ത്യന്‍ ഉപദേശിമാരും തങ്ങള്‍മാരും ഇതേവിധത്തിലുള്ള “അമാനുഷ” വൈഭവം ഉപയോഗിക്കാനാരംഭിച്ചിട്ടുണ്ട്‌. മിക്കവാറും രോഗശാന്തിയും ജീവിതത്തില്‍ സൗഭാഗ്യവുമടക്കമുള്ള അഭീഷ്ടസിദ്ധികളാണ്‌ ഇത്തരം ആളുകള്‍ പ്രദാനം ചെയ്യുന്നതായി അവകാശപ്പെടുന്നത്‌. ശ്രീ.ശ്രീ.രവിശങ്കറിനെയും ഭഗ്‌വാന്‍ രജനീഷി (ഓഷേ)നെയും പോലുള്ള ചിലര്‍ അവരുടെ രീതികള്‍ക്കു ജനപ്രിയമായ താത്ത്വിക അടിത്തറ നല്‍കാനും ശ്രമിക്കുന്നുണ്ട്‌. അവയും ജനങ്ങളെ ആകര്‍ഷിക്കുന്നു.
പുതിയ വിശ്വാസരീതി സാമ്പ്രദായികവും ജാത്യാധിഷ്‌ഠിതവുമായ ഏതെങ്കിലും ആചാരക്രമത്തില്‍ നിന്ന്‌ ഉണ്ടായിവരുന്നതല്ല. അമാനുഷസിദ്ധിയുളള ആളുകള്‍ വഴിയും പ്രാര്‍ഥനാ ക്രമങ്ങളും വഴി ജനങ്ങള്‍ അംഗീകരിക്കുന്ന വിശ്വാസമാണിത്‌. വിശ്വാസം ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണിത്‌. ലോകസമാധാനത്തിനുവേണ്ടി ഒരാള്‍ യാഗം നടത്തിയാല്‍ അത്‌ ജനങ്ങളെ ആകര്‍ഷിക്കും. ലോകസമാധാനം എന്ന ലക്ഷ്യം ആര്‍ക്കും എതിര്‍പ്പുണ്ടാകണമെന്നില്ല. അതിനു യാഗം നടത്തണമെന്നത്‌ വിശ്വാസമാണ്‌. ഇങ്ങനെ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യങ്ങള്‍ സാധിക്കുന്നതിനാണ്‌ വിശ്വാസം ഉപയോഗപ്പെടുത്തുന്നത്‌. കെട്ടുറപ്പുള്ള വീടു പണിതാല്‍ വീടു നിലനില്‍ക്കും. അവിടെ പണിയുടെ വൈദഗ്‌ധ്യമാണ്‌ പ്രധാനം. കൂട്ടത്തില്‍ ഗണപതിഹോമം നടത്തണമെന്നത്‌ വിശ്വാസമാണ്‌. ഇത്തരത്തിലുള്ള വിശ്വാസങ്ങളെല്ലാം വ്യക്തിനിഷ്‌ഠതയും സ്വാര്‍ഥതയും സ്വകാര്യലാഭവും മുഖമുദ്രയായുള്ള നമ്മുടെ സമൂഹത്തിന്റെ ഘടനയുമായി പൊരുത്തപ്പെടുന്നതാണ്‌. അവ ഉല്‍പ്പാദിപ്പിക്കുന്നതിലാണ്‌ മതസംഘടനകളും ആള്‍ദൈവങ്ങളുമെല്ലാം വിജയിക്കുന്നത്‌. വാസ്‌തുവും ജ്യോതിഷവും വിവാഹങ്ങളിലെ നാള്‍പൊരുത്തവുമെല്ലാം നിലനില്‍ക്കുന്നതും ഇത്തരത്തില്‍ സാമൂഹ്യഘടനയും വിശ്വാസവും തമ്മിലുള്ള പൊരുത്തം കൊണ്ടാണ്‌.
ശാസ്‌ത്രവും വിശ്വാസവും
അന്ധവിശ്വാസവും അനാചാരവുമല്ലാത്തിടത്തോളം കാലം വിശ്വാസം അപകടകാരിയല്ല എന്ന ധാരണ പൊതുവെയുണ്ട്‌. വീടു കൂടുമ്പോള്‍ ഗണപതിഹോമം നടത്തുന്നതിലും പാലുകാച്ചുന്നതിലും എന്താണ്‌ തെറ്റ്‌? എത്രമാത്രം പരസ്‌പരം ഇഷ്ടപ്പെട്ടാലും വധൂവരന്മാരുടെ പൊരുത്തം നോക്കുന്നതിലെന്താണ്‌ തെറ്റ്‌? അല്‍പ്പം സമാധാനം കിട്ടുമെങ്കില്‍ അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? ഒടിയനെയും കൂടോത്രത്തെയും മന്ത്രവാദത്തെയും ആഭിചാരക്രിയകളെയും ബലികളെയും പേടിക്കണം. ക്യാന്‍സറിനേയും ഹൃദ്രോഗത്തെയും സ്‌ത്രോത്രം ചൊല്ലി പരിഹരിക്കുന്നതും ശരിയല്ല. ഇത്തരം അബദ്ധധാരണകളെയും അപകടകാരിയല്ലാത്ത വിശ്വാസസംഹിതകളെയും കൂട്ടിക്കുഴയ്‌ക്കുന്നതും ശരിയല്ല എന്ന ധാരണ പരക്കെയുണ്ട്‌. വിശ്വാസിയാകുന്നതില്‍ തെറ്റില്ല, തന്റെ ജീവിതത്തെ അന്ധവിശ്വാസ ജടിലമാക്കുന്നതാണ്‌ പ്രശ്‌നം.
വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ എന്താണ്‌? ശാസ്‌ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി കണ്ടെത്തിയ വസ്‌തുതകളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതും അശാസ്‌ത്രീയമായ വികലധാരണകള്‍ പ്രചരിപ്പിക്കുന്നതും ചോദ്യം ചെയ്യേണ്ടതാണ്‌. ജ്യോതിഷമാണ്‌ ഏറ്റവും പ്രകടമായ ഉദാഹരണം. ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്റെ വളര്‍ച്ച പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയാകെ മാറ്റിമറിച്ചിട്ടുണ്ട്‌. ഇന്നത്തെ ജ്യോതിശ്ശാസ്‌ത്രമനുസരിച്ച്‌ ഭൗമകേന്ദ്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ജ്യോതിഷത്തിനും അതും വെറും പകിടകളിയും ചേര്‍ത്തുള്ള കണിയാന്മാരുടെ ഭാവിപ്രവചനത്തിനും ഒരു പ്രസക്തിയുമില്ല. പക്ഷേ, കണിയാന്മാരുടെ ഭാവിപ്രവചനം വ്യക്തിഗത പ്രശ്‌നങ്ങള്‍ കൂടാതെ ക്ഷേത്രങ്ങളുടെയും ദൈവങ്ങളുടെയും സ്ഥാനംവരെ പ്രവചിക്കുന്നതിലെത്തുന്നു. അതായത്‌ കണിയാന്മാരുടെ ഭൗതിക പ്രപഞ്ചവും ഇന്ന്‌ ജ്യോതിശ്ശാസ്‌ത്രം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പ്രപഞ്ചവും തമ്മില്‍ ഒരു ബന്ധവുമില്ല. ജ്യോതിശ്ശാസ്‌ത്രത്തെക്കുറിച്ച്‌ എല്ലാ ധാരണകളുമുള്ള മനുഷ്യര്‍ തന്നെ ഭാവിപ്രവചനങ്ങളില്‍ വിശ്വസിക്കുന്നു.
ഇതുപോലെയാണ്‌ വാസ്‌തുവും. ഒരു കാലത്തെ മണ്ണും വിണ്ണും പാര്‍പ്പിടത്തിന്റെ ഘടനയും തമ്മിലുള്ള ബന്ധത്തെ ആധാരമാക്കിയാണ്‌ വാസ്‌തുവിദ്യയുണ്ടായത്‌. ഇന്ന്‌ നമുക്ക്‌ ഭൂമിശാസ്‌ത്രത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ അറിവുണ്ട്‌. ഓരോ പ്രദേശത്തെയും ഉപരിതലത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള ധാരണയുള്ളതു കൂടാതെ ഭൗമപ്രദേശത്തെക്കുറിച്ച്‌ കൂടുതല്‍ ആഴത്തിലുള്ള ധാരണകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകളും നമ്മുടെ കൈവശമുണ്ട്‌. അവ ഉപയോഗിച്ചാല്‍ തന്നെ ഒരു പ്രദേശത്തു നിര്‍മിക്കുന്ന കെട്ടിടത്തെയും അവിടെ മണ്ണിന്റെ ഘടന, ജലസ്രോതസ്സുകള്‍, മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും വ്യക്തമായ ധാരണയിലെത്താന്‍ കഴിയും. അതിനു പകരമാണ്‌ വാസ്‌തു ഉപയോഗിക്കപ്പെടുന്നത്‌. ഭൂമിശാസ്‌ത്രപരമായ വിവരങ്ങളെല്ലാം കൈവശമുള്ള, അല്ലെങ്കില്‍ അവ ലഭിക്കുന്നതിനു സൗകര്യമുള്ള എല്ലാവരും കെട്ടിടംപണിക്ക്‌ വാസ്‌തുവിനെ ആശ്രയിക്കുന്നു. ഇവിടെയും ശാസ്‌ത്രസത്യങ്ങള്‍ക്കു പകരം വിശ്വാസസംഹിതകള്‍ അല്ലെങ്കില്‍ ശാസ്‌ത്രം ഇന്ന്‌ അംഗീകരിക്കാത്ത സാമ്പ്രദായികജ്ഞാനത്തെ ആശ്രയിക്കുന്നു. ആചാരസംഹിതകള്‍ക്ക്‌ ജനം അംഗീകാരം നല്‍കുകയാണ്‌.
മന്ത്രവാദവും ബാധയൊഴിപ്പിക്കലും ഇത്തരം രൂപങ്ങളാണ്‌. ഭൗതികശക്തികള്‍ നമ്മുടെ ശരീരത്തിലും മാനസികാവസ്ഥകളിലും സ്വാധീനം ചെലുത്തുന്നുവെന്നത്‌ വസ്‌തുതയാണ്‌. ഇവ കണ്ടെത്തുന്നതില്‍ വൈദ്യശാസ്‌ത്രം മാത്രല്ല, മനശ്ശാസ്‌ത്രവും മനോവിശ്ലേഷണ രീതികളും (Psychoanalysis) മുന്നോട്ടുപോയിട്ടുണ്ട്‌. നാഡീശാസ്‌ത്രവും (neurology) ഇക്കാര്യത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്‌. മാനസിക രോഗങ്ങള്‍ ബാധ കൂടിയതുകൊണ്ടോ ആരെങ്കിലും കൈവിഷം കൊടുത്തതുകൊണ്ടോ ഉണ്ടാകുന്നതല്ല. ശാസ്‌ത്രീയമായ ചികിത്സാപദ്ധതികള്‍ കൊണ്ട്‌ ഭൂരിഭാഗം രോഗങ്ങളും മാറ്റാനും കഴിയും. എങ്കിലും വിശ്വാസത്തിന്റെ അംശം അതിശക്തമായി നിലനില്‍ക്കുന്നത്‌ മനോരോഗ ചികിത്സയിലാണ്‌. നമ്മുടെ `ഹൊറര്‍’ സിനിമകളും സീരിയലുകളും ഇത്തരം അബദ്ധധാരണകളെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.
ശാസ്‌ത്രചിന്തയ്‌ക്കു പകരം വിശ്വാസത്തെ പ്രതിഷ്‌ഠിക്കുന്നതിന്‌ കൂടുതല്‍ ഗൗരവമുള്ള ഉദാഹരണങ്ങളുണ്ട്‌. ഒരു ഉത്തമ മതവിശ്വാസിക്ക്‌ മതപഠനത്തിലൂടെ ലഭിക്കുന്ന പ്രപഞ്ചസങ്കല്‍പ്പവും മനുഷ്യ ചരിത്ര സങ്കല്‍പ്പവുമാണ്‌ മുഖ്യം. അതിനെതിരായുള്ള ശാസ്‌ത്രസിദ്ധാന്തങ്ങള്‍ ഔപചാരിക പഠനം വഴി അയാള്‍ക്കു ലഭിക്കുന്നുണ്ടെങ്കിലും അവ അയാള്‍ അംഗീകരിക്കുന്നില്ല. പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച സിദ്ധാന്തങ്ങളും പരിണാമസിദ്ധാന്തവും ഉദാഹരണമാണ്‌. പരിണാമസിദ്ധാന്തം ഇപ്പോഴും സ്‌കൂളുകളില്‍ പഠിക്കുന്നതു പേരിനു മാത്രമാണ്‌. `മഹാസ്‌ഫോടന’ സിദ്ധാന്തം എന്ന വാക്കല്ലാതെ അതിന്റെ ആശയങ്ങളിലേക്ക്‌ കടക്കുന്നില്ല. ഇതിന്റെ ഫലമായി പ്രപഞ്ചോല്‍പ്പത്തി, പ്രപഞ്ചത്തിലെ വസ്‌തുക്കളുടെ രൂപീകരണം, ജൈവപരിണാമം, മനുഷ്യപരിണാമം എന്നിവയെക്കുറിച്ചുള്ള ശാസ്‌ത്രീയ ധാരണകള്‍ ഇല്ലാതിരിക്കുകയും പകരം ദൈവസൃഷ്‌ടിസങ്കല്‍പ്പം വളരെ ശക്തമായി കുട്ടിയുടെ മനസ്സിലെത്തുകയും ചെയ്യുന്നു. വിശ്വാസത്തെ നിലനിര്‍ത്തുന്നതില്‍ ഇത്‌ കുറച്ചൊന്നുമല്ല സഹായിക്കുന്നത്‌.
ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മനുഷ്യര്‍ തന്നെ പ്രപഞ്ചത്തെക്കുറിച്ച്‌ നേടിയെടുത്ത അറിവിനെക്കുറിച്ചുള്ള ഭാഗികവും അപക്വവുമായ ധാരണകള്‍ വിശ്വാസങ്ങളെ ശക്തിപ്പെടുത്തുന്നതിലും അന്ധവിശ്വാസങ്ങളിലെത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുവെന്നാണ്‌. ശാസ്‌ത്രത്തെക്കുറിച്ച്‌ അപക്വമായ ധാരണകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ്‌ ശാസ്‌ത്രീയനിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ കണ്ടെത്തപ്പട്ട സാങ്കേതികവിദ്യകള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നത്‌. ശാസ്‌ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം യുക്തിസഹമായി വിശദീകരിക്കുകയും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനു പകരം സാങ്കേതികവിദ്യകളെ തന്നെ അഭൗമശക്തികളുടെ രൂപത്തിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്‌ മനുഷ്യരുടെ തന്നെ ഉല്‍പ്പന്നമായി കണക്കാക്കി പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനു പകരം കൂടുതല്‍ വ്യാപകമായ ഉപഭോഗത്തിലേക്കു നയിക്കുന്ന ഒരു അഭൗമവസ്‌തുവായാണ്‌ സാങ്കേതികവിദ്യകളെ അവതരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ അറിവു നേടിയാല്‍ സ്വയം നിര്‍മിക്കാവുന്ന ഉല്‍പ്പന്നമെന്നതിനു പകരം അറിവില്ലെങ്കിലും നേടുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളായി സാങ്കേതികവിദ്യകള്‍ മാറുന്നു. സാങ്കേതികവിദ്യകളുടെ വികാസം ശാസ്‌ത്രബന്ധത്തെയോ ശാസ്‌ത്രത്തെയോ ശക്തിപ്പെടുത്തണമെന്നില്ല; വിശ്വാസത്തെ ശക്തിപ്പെടുത്താമെന്നാണ്‌ ഇതു കാണിക്കുന്നത്‌.
ശാസ്‌ത്രവും വിശ്വാസവും അപ്പോള്‍ രണ്ട്‌ സംസ്‌കാരങ്ങളല്ല. ഭൗതികവാദവും ആത്മീയവാദവും തമ്മിലുള്ള തര്‍ക്കവുമല്ല. ശാസ്‌ത്രത്തിന്റെ കാഴ്‌ചപ്പാടില്‍ വിശ്വാസത്തിന്‌ മൂന്നു തലങ്ങളാണുള്ളത്‌. ഒന്ന്‌, ശാസ്‌ത്രീയ നിരീക്ഷണങ്ങള്‍ പൂര്‍ണമായി നിരാകരിച്ചതും സമൂഹത്തിന്റെയും വ്യക്തിയുടെയും തലങ്ങളില്‍ അബദ്ധജടിലമായ ധാരണകളും പ്രവൃത്തികളും മാത്രം ഉല്‍പ്പാദിപ്പിക്കുന്നതുമായ വിശ്വാസങ്ങള്‍; അവയെ നമുക്ക്‌ അന്ധവിശ്വാസങ്ങളെന്നു വിളിക്കാം. ആള്‍ദൈവങ്ങളും അത്ഭുതശുശ്രൂഷാരീതികളും ഭാവിപ്രവചനങ്ങളും പ്രശ്‌നങ്ങളും ദൈവാംശങ്ങളുടെയും “വിശുദ്ധമുടി” പോലുള്ള ശേഷിപ്പുകളുടെയും ആരാധനയും യാഗവും ബലിയും പോലുള്ള ചടങ്ങുകളും സ്‌ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ചുള്ള ധാരണകളും മനോരോഗങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളുമെല്ലാം ഇതില്‍പ്പെടുത്താം; രണ്ട്‌, ശാസ്‌ത്രം അംഗീകരിക്കാത്തതും പക്ഷേ, “അനുഭവസാക്ഷ്യം” വഴി ചിലര്‍ക്കു ശരിയാണെന്നു കരുതപ്പെടുകയും ചെയ്യുന്ന രീതികളാണ്‌. ഹോമിയോപ്പതി, ചില ആയുര്‍വേദ ചികിത്സാവിധികള്‍, നാട്ടുവൈദ്യം, പ്രകൃതിജീവനം തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. മൂന്നാമത്തെത്‌, ശാസ്‌ത്രത്തിന്റെ ഇന്നത്തെ ജ്ഞാനമേഖലയില്‍ നിന്ന്‌ പൂര്‍ണമായി പുറത്തുനില്‍ക്കുന്ന പ്രപഞ്ചത്തെയും ജീവനെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍. ഇവയില്‍ നിന്നാണ്‌ ആധ്യാത്മികവീക്ഷണവും പ്രപഞ്ചത്തെയും ദൈവശക്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സിദ്ധാന്തങ്ങളും ഉണ്ടാകുന്നത്‌.
ശാസ്‌ത്രബോധത്തിന്റെ വളര്‍ച്ച
പ്രായോഗിക തലത്തില്‍ മനുഷ്യര്‍ കണ്ടെത്തുന്ന വസ്‌തുതകളെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചുറപ്പിക്കുകയും അവയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള പൊതുവും ലളിതവുമായ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമാണ്‌ ശാസ്‌ത്രം പൊതുവില്‍ ചെയ്യുന്നത്‌. ഈ പൊതു തത്ത്വത്തില്‍ നിന്ന്‌ പുതിയ പ്രയോഗങ്ങളും അവയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കണ്ടെത്തലുകളും ഉണ്ടാകും. ഈ തത്ത്വങ്ങളുടെയും പ്രയോഗങ്ങളുടെയും പുതിയ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ മനുഷ്യരുടെ നിത്യജീവിതം വളര്‍ന്നുവരും. യുക്തിപരമായ പ്രവര്‍ത്തനമാണിത്‌. അതേസമയം ഇത്‌ അപൂര്‍ണവുമാണ്‌. തന്റെ ചുറ്റുപാടുള്ള എല്ലാ പ്രതിഭാസങ്ങളെയുംകുറിച്ച്‌ എല്ലാ അറിവുകളും ഒറ്റയടിക്ക്‌ മനുഷ്യന്‍ നേടുന്നില്ല. അതുകൊണ്ട്‌ പ്രപഞ്ചത്തെയും പ്രതിഭാസങ്ങളെയും കുറിച്ചുള്ള അന്വേഷണം മനുഷ്യന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നിത്യജീവിതത്തിലും മനുഷ്യര്‍ നിരന്തരമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും.
ഈ മാറ്റങ്ങള്‍ വരുമ്പോള്‍ ശാസ്‌ത്രത്തിന്റെ പഴയ അറിവുകളില്‍ ചിലത്‌ കാലഹരണപ്പെടുകയും പുതിയ അറിവുകള്‍ സ്ഥാനംപിടിക്കുകയും ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. ജ്യോതിഷത്തില്‍ നിന്ന്‌ ജ്യോതിശ്ശാസ്‌ത്രത്തിലേക്കും ഭൗമകേന്ദ്ര സിദ്ധാന്തത്തില്‍ നിന്ന്‌ സൗരകേന്ദ്ര സിദ്ധാന്തത്തിലേക്കും ഫ്‌ളോജിസ്റ്റോണ്‍ സിദ്ധാന്തത്തില്‍ നിന്ന്‌ തന്മാത്രകളിലേക്കും ജൈവശക്തി (vital force) സിദ്ധാന്തത്തില്‍ നിന്ന്‌ ജനിതകത്തിലേക്കുമുള്ള മാറ്റം അങ്ങിനെയുണ്ടായതാണ്‌. അങ്ങനെവരുമ്പോള്‍ തിരസ്‌കരിക്കപ്പെടുന്ന പഴയ ധാരണകളില്‍ ചിലത്‌ വിശ്വാസങ്ങളായി നമ്മുടെ കൂടെയുണ്ടാകും. മന്ത്രവാദവും ജ്യോതിഷവും വാസ്‌തുവും ഒരുപക്ഷേ, യാഗം ചെയ്‌തു മഴപെയ്യിക്കാമെന്ന ധാരണയുമെല്ലാം ഇതിന്റെ ഭാഗമാണ്‌. തിരസ്‌കരിക്കപ്പെട്ടവ വിശ്വാസങ്ങളായി നമ്മോടൊപ്പമുണ്ടെങ്കില്‍ അവയെ ചെറുത്തു തോല്‍പ്പിക്കുക ശാസ്‌ത്രത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമാണ്‌. അത്തരത്തിലുള്ള ചില ധാരണകള്‍ ശാസ്‌ത്രചിന്തയ്‌ക്കും അന്വേഷണത്തിനും അറിവിന്റെ വികാസത്തിനും തന്നെ പ്രതിബന്ധമാണ്‌. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുളള ഏതു സങ്കല്‍പ്പം വളര്‍ന്നുവന്നാലും ബൈബിളിലെ `ഉല്‍പ്പത്തി’ പുസ്‌തകത്തിലെ പ്രപഞ്ചോല്‍പ്പത്തിയും മനുഷ്യോല്‍പ്പത്തിയും ഇനിയും നമുക്ക്‌ അംഗീകരിക്കാന്‍ കഴിയുകയില്ല. ഫോസിലുകള്‍ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനായി ദൈവം തന്നെ നിര്‍മിച്ചുവെച്ചതാണെന്ന അസംബന്ധങ്ങള്‍ ഉണ്ടായാല്‍പോലും. അതുപോലെയാണ്‌ ജ്യോതിശ്ശാസ്‌ത്രത്തിന്റെയും ഭൂമിശാസ്‌ത്രത്തിന്റെയും ശാസ്‌ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നിത്യജീവിതവൃത്തി ആസൂത്രണം ചെയ്യാമെന്നിരിക്കെ ജ്യോതിഷത്തെയും വാസ്‌തുവിനെയും മറ്റും ആശ്രയിക്കുന്ന അസംബന്ധവും. യുക്തിസഹമായ സ്ഥലജല ആസൂത്രണത്തിനു പകരം അശാസ്‌ത്രീയമായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സിനു വാസ്‌തുവിനെ ആശ്രയിക്കുന്ന അസംബന്ധമാണ്‌ നാം കാണുന്നത്‌. ഇത്തരത്തിലുള്ള വിശ്വാസങ്ങളെ ചെറുക്കേണ്ടത്‌ നിത്യജീവിതവൃത്തിയെക്കുറിച്ച്‌ ഇന്ന്‌ നിലവിലുള്ള ശാസ്‌ത്രീയ സങ്കല്‍പ്പങ്ങളും ശാസ്‌ത്രത്തിനു തന്നെയുള്ള പ്രവചനക്ഷമതയും ജനങ്ങളെ മനസ്സിലാക്കിക്കൊണ്ടാണ്‌. വിശ്വാസത്തിന്‌ ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ മനുഷ്യന്‍ നേടിയെടുത്ത അറിവുകൊണ്ട്‌ ഇന്നു ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്നതെങ്കിലും സാധാരണജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ സാധിക്കണം.
ശാസ്‌ത്രം സ്ഥിരീകരിച്ചിട്ടില്ലാത്ത പലതും അനുഭവസാക്ഷ്യം വഴിയായി ജനങ്ങളുടെ ജ്ഞാനമേഖലയിലുണ്ട്‌ എന്നതും നമുക്ക്‌ തള്ളിക്കളയാന്‍ പാടില്ല. കാലാകാലങ്ങളിലായി ശാസ്‌ത്രത്തെ വളര്‍ത്തിയതും ഇത്തരം അനുഭവങ്ങളാണ്‌. അവയെ സാമാന്യവല്‍ക്കരിക്കുകയും കൃത്യവും പരിശോധിക്കാന്‍ സാധിക്കുന്നതുമായ തത്ത്വങ്ങളുടെ അടിത്തറ നല്‍കുകയും ചെയ്‌തപ്പോഴാണ്‌ പല അനുഭവങ്ങളും ശാസ്‌ത്രസത്യങ്ങളായത്‌. പല ചികിത്സാ സമ്പ്രദായങ്ങളും ഇന്നും നിലനില്‍ക്കുന്നത്‌ ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌. ഇത്തരം അനുഭവങ്ങളുടെ സാക്ഷ്യത്തെ പൊതുവില്‍ ഏവരും അംഗീകരിക്കുന്ന സാമാന്യസിദ്ധാന്തമാക്കി മാറ്റാനും അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഗവേഷണം നടത്തി അറിവു മേഖലയെ തന്നെ വികസിപ്പിക്കാനും കഴിയുന്നില്ല. ഉദാഹരണത്തിന്‌ ആയുര്‍വേദം ഇന്ന്‌ ആഗോളമുതലാളിത്തം പോലും അംഗീകരിക്കുന്ന വന്‍ ബിസിനസ്സാണ്‌. പക്ഷേ, അതിപ്പോഴും നിലനില്‍ക്കുന്നത്‌ ആധുനിക ജൈവശാസ്‌ത്രവും വൈദ്യശാസ്‌ത്രവും അംഗീകരിക്കാത്ത സിദ്ധാന്തങ്ങളെ ആധാരമാക്കിയാണ്‌. അത്തരം സിദ്ധാന്തങ്ങളെ പുതിയ തെളിവുകളുടെ വെളിച്ചത്തില്‍ വിമര്‍ശനബുദ്ധ്യാ പുനഃപരിശോധിക്കുകയും പുതിയ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യേണ്ടത്‌ ഒരു ശാസ്‌ത്രമെന്ന നിലയില്‍ ആയുര്‍വേദം നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നതിന്‌ ആവശ്യമാണ്‌. അതു ചെയ്യാതെ “പൈതൃക സംരക്ഷണ”വും ഫോക്ക്‌ലോറും മറ്റുമായി അതിനെ മാറ്റുന്നത്‌ നല്ല ബിസ്സനസ്സുണ്ടാക്കുമായിരിക്കും, പക്ഷേ, അറിവിന്റെ വികാസത്തിന്‌ വിരുദ്ധമാണ്‌. നാട്ടുവൈദ്യ ആദിവാസിവൈദ്യവും ഹോമിയോപ്പതിയും പ്രകൃതി ജീവനവുമെല്ലാം ഇതുപോലെയാണ്‌. അവയെയെല്ലാം നിലവിലുള്ള ശാസ്‌ത്രീയമായ അറിവുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുകയും കൊള്ളാവുന്നതുകൊള്ളുകയും തള്ളേണ്ടതു തള്ളുകയുമാണാവശ്യം. ഒരു ചികിത്സാരീതിയും ജീവിതരീതിയും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്നത്‌ മനുഷ്യജീവിതത്തിനു തന്നെ ഹാനികരമാണ്‌.
മതജാതിസാമുദായികതയും നവലിബറല്‍ കാഴ്‌ചപ്പാടുകള്‍കൊണ്ട്‌ ധനികന്യൂനപക്ഷവും തമ്മില്‍ വളര്‍ന്നുവരുന്ന ഈ ചങ്ങാത്തം ശാസ്‌ത്രബോധത്തിനു സൃഷ്ടിക്കുന്ന മറ്റൊരു വിലങ്ങുതടിയുമുണ്ട്‌. കമ്പോളത്തിന്റെ വിലപേശല്‍യുക്തിക്ക്‌ ഉള്‍ക്കൊളളാന്‍ കഴിയുന്ന എന്തും ഇന്ന്‌ ധനികന്യൂനപക്ഷത്തിന്‌ സ്വീകാര്യമാണ്‌. സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും കാതലായ അംശം യുക്തിപരതയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു വന്‍ നാടുവാഴിത്തത്തിന്റെ വിശ്വാസസംഹിതകളെയും അന്ധവിശ്വാസങ്ങളെയും അവര്‍ എതിര്‍ത്തത്‌. ഇന്നത്തെ മുതലാളിമാര്‍ നിലനില്‍ക്കുന്നതു തന്നെ ഫൈനാന്‍സ്‌ മൂലധനത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും ആധിപത്യത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ടും അതിവേഗം പ്രതിഫലം നല്‍കുന്ന എന്തും അവര്‍ക്ക്‌ സ്വീകാര്യമാണ്‌. അതുകൊണ്ട്‌ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ മേല്‍ വാങ്ങുന്ന ആളുകള്‍ക്കുള്ള വിശ്വാസം പ്രധാനമായിത്തീരും. അശാസ്‌ത്രീയമോ ശാസ്‌ത്രത്തിന്റെ പിന്‍ബലം കൃത്യമായി ഇല്ലാത്തതോ ആയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന്‌ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്‌. മതജാതിബദ്ധമായ ചടങ്ങുകളെ മുന്‍നിര്‍ത്തിയുള്ള വിപണിയാണ്‌ വസ്‌ത്രത്തിനും സ്വര്‍ണത്തിനുമെല്ലാം ഇപ്പോഴുള്ളത്‌. സ്വര്‍ണത്തെ ഒരു പൂഴ്‌ത്തിവെപ്പ്‌ ചരക്ക്‌ (hoard) ആയി നിലനിര്‍ത്താനും മതവും വിശ്വാസങ്ങളും സഹായിക്കുന്നുമുണ്ട്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവിക കാരുണ്യം നേടിയെടുക്കാന്‍ സഹായിക്കുന്നതു കൂടാതെ ആദായനികുതി ഒഴിവാക്കാനും സഹായിക്കുന്നുണ്ട്‌. അതായത്‌ കമ്പോളത്തിന്റെ പ്രവര്‍ത്തനം വലിയൊരളവു വരെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും അതുവഴി ശാസ്‌ത്രബോധത്തിന്‌ തടസ്സമായിത്തീരുകയും ചെയ്യുന്നു. യുക്തിയാണോ പണമാണോ വലുത്‌ എന്നു ചോദിച്ചാല്‍ പണത്തിനെ ഭൂരിപക്ഷവും പിന്തുണയ്‌ക്കും.
വിശ്വാസികളില്‍ ബഹുഭൂരിപക്ഷം പേരും മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നിനെ പിന്തുടരുന്നവരാകും. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി മതബോധനം ഇന്നു നടക്കുന്നത്‌ ആചാരങ്ങളിലൂടെയല്ല, ഗ്രന്ഥപഠനത്തിലൂടെയാണ്‌. ആചാരങ്ങള്‍ക്കു മാത്രമല്ല പ്രപഞ്ചവീക്ഷണത്തിനു മൊത്തത്തില്‍ ഗ്രന്ഥങ്ങളുടെ പിന്തുണ തേടുകയാണ്‌ വിശ്വാസികള്‍ ചെയ്യുന്നത്‌. കൃസ്‌ത്യാനികളും മുസ്ലീങ്ങളും ബൈബിളിലും ഖുര്‍ആനിലും അതു കണ്ടെത്തുമ്പോള്‍ ഹിന്ദുക്കള്‍ വേദോപനിഷത്തുകളിലേക്കും ഭഗവദ്‌ഗീതയിലേക്കും പോകുന്നു. ഇത്തരം കൃതികളുടെ മൂലരൂപങ്ങള്‍ എന്തുകൊണ്ട്‌ രചിക്കപ്പെട്ടു, അതിലേക്കു നയിച്ച സാമൂഹ്യ പരിസ്ഥിതികള്‍ എന്തായിരുന്നുവെന്നുമുള്ള അന്വേഷണത്തിനു പകരം ഇന്നത്തെ വിശ്വാസങ്ങളെല്ലാം ഗ്രന്ഥങ്ങളിലുണ്ട്‌ എന്നു കണ്ടെത്തി തൃപ്‌തിയടയുകയാണ്‌ വിശ്വാസികള്‍ ചെയ്യുന്നത്‌. വിശ്വാസത്തെ നിലനിര്‍ത്താനുള്ള ഊന്നുവടികളാണ്‌ ഈ ഗ്രന്ഥങ്ങള്‍. അതുകൊണ്ട്‌ ഗ്രന്ഥബദ്ധമായ മതം എന്തെങ്കിലും വിധത്തില്‍ താത്വികമായ ഔന്നത്യത്തെ കാണിക്കുന്നു എന്നതില്‍ അര്‍ഥമില്ല. ഹിന്ദുക്കളുടെ ഷഡ്‌ദര്‍ശനങ്ങളും കൃസ്‌ത്യാനികളുടെ അഗസ്റ്റിന്‍ മുതല്‍ അക്വിനാസ്‌ വരെയുള്ള ചിന്തകരുടെ രചനകളും ഇസ്ലാമിലെ ദാര്‍ശനിക രചനകളും ഒരിക്കലും വിശ്വാസത്തെ നിലനിര്‍ത്തുന്ന ഘടകങ്ങളായിട്ടില്ല. അവ ചിന്തകരെ സ്വാധീനിച്ചിരിക്കാമെന്നു മാത്രം.
ആത്മീയവാദികളായ ചിന്തകര്‍ ഒരു കാലത്തും നിലവിലുള്ള വിജ്ഞാനത്തെ നിരാകരിച്ചവരല്ല. നിരവധിപേര്‍ ശാസ്‌ത്രത്തിനു കനത്ത സംഭാവനകള്‍ നല്‍കിയവരുമാണ്‌. അവരുമായുള്ള ചര്‍ച്ചകളും സംവാദങ്ങളും ശാസ്‌ത്രജ്ഞാനത്തെയും ശാസ്‌ത്രബോധത്തെയും വികസിപ്പിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. അവരാരും അന്ധവിശ്വാസങ്ങളെയും ആചാരബദ്ധതയെയും അത്ഭുതങ്ങളെയും മറ്റും അംഗീകരിച്ചവരുമല്ല. ശങ്കരാചാര്യര്‍ മുതല്‍ നാരായണഗുരുവരെയുള്ളവര്‍ കേരളത്തില്‍ തന്നെ ഇത്തരം ആത്മീയവാദത്തിനുദാഹരണങ്ങളാണ്‌. കേവലമായ വിശ്വാസവും ആത്മീയവാദവും തമ്മില്‍ ബന്ധമില്ലെന്നതും ഓര്‍ക്കേണ്ടതാണ്‌. ശാസ്‌ത്രബോധത്തിന്റെ വികാസത്തിനു പ്രതിബന്ധം കേവലമായ വിശ്വാസമാണ്‌, നിത്യജീവിതത്തില്‍ കടന്നുവരുന്ന, യുക്തിഹീനതയിലേക്കു നയിക്കുന്ന വിശ്വാസം. അതിനെയും ആത്മീയവാദത്തെയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കുന്നതും ശരിയല്ല.
ഈ സാഹചര്യങ്ങളില്‍ ശാസ്‌ത്രബോധത്തിന്റെ വികാസം ആഗ്രഹിക്കുന്നവര്‍ക്ക്‌, സാമൂഹ്യവിപ്ലവത്തിന്‌ ശാസ്‌ത്രത്തിന്റെ ആയുധം നല്‍കാന്‍ തുനിയുന്നവര്‍ക്ക്‌, വിശ്വാസത്തിന്റെ അന്ധവും അശാസ്‌ത്രീയവുമായ ചട്ടക്കൂടുകളെ എതിര്‍ക്കാതെ നിര്‍വാഹമില്ല. അതിനു മൂന്നു തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരും.
ഒന്ന്‌, മനുഷ്യമനസ്സുകളെ ജീര്‍ണിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടുക.
രണ്ട്‌, അനുഭവസാക്ഷ്യത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ അശാസ്‌ത്രീയമായ നിരവധി രീതികള്‍ ജനങ്ങള്‍ പിന്തുടരുന്നുണ്ട്‌. അവയുടെ അശാസ്‌ത്രീയത തുറന്നുകാണിക്കുക. അനുഭവസാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദം എന്ന്‌ ജനങ്ങള്‍ കരുതുന്ന മേഖലകളില്‍ ശാസ്‌ത്രീയപഠനങ്ങള്‍ നടത്തുകയും ഗുണദോഷവിശ്ലേഷണം നടത്തി അവതരിപ്പിക്കുകയും ചെയ്യുക.
മൂന്ന്‌, ആത്മീയവാദികളും ചിന്തകരുമായി ശാസ്‌ത്രീയസംവാദങ്ങളിലേര്‍പ്പെടുക, അവരുടെ നിലപാടുകളില്‍ കൊള്ളേണ്ടതു കൊള്ളുകയും തള്ളേണ്ടതു തള്ളുകയും ചെയ്യാന്‍ ഇതു സഹായിക്കും.
ഇത്തരത്തിലുള്ള പൊതുസമീപനം ശാസ്‌ത്രസാഹിത്യപരിഷത്തിനെപ്പോലുള്ള ഒരു ചെറു സംഘടനയ്‌ക്കു മാത്രം നടപ്പില്‍ വരുത്താന്‍ സാധിക്കുകയില്ല. വിവിധ തലങ്ങളില്‍ ശാസ്‌ത്രബോധത്തിനും മതനിരപേക്ഷമായ പൊതുമണ്ഡലത്തിനും വേണ്ടി വാദിക്കുന്നവര്‍ ഒന്നുചേര്‍ന്നാല്‍ മാത്രമാണ്‌ ഇത്തരം പ്രസ്ഥാനം പ്രായോഗികമാകുക. അതിനുവേണ്ടി പലതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും.
ഭരണകൂടത്തിന്റെ തലം
ജനങ്ങള്‍ക്കു ദോഷകരമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ശക്തമായ പ്രവര്‍ത്തനം ഭരണകൂടത്തിന്റെ ബാധ്യതയാണ്‌. ആള്‍ദൈവങ്ങള്‍ക്കും കപടസന്യാസിമാര്‍ക്കുമെതിരായി ശക്തമായ ജനരോഷമുയരുമ്പോഴും സര്‍ക്കാരുകള്‍ നിഷ്‌ക്രിയമാണ്‌. `മതവികാരം വ്രണപ്പെടു’മെന്നു കരുതി മൗനം പാലിക്കുകയാണ്‌ സര്‍ക്കാര്‍ എപ്പോഴും ചെയ്യുന്നത്‌. അന്ധവിശ്വാസ പ്രചരണവും മതത്തിന്റെ തത്ത്വസംഹിതകളും തമ്മില്‍ ബന്ധമില്ലെന്നതും സ്വന്തം പ്രവര്‍ത്തനങ്ങള്‍ ധാര്‍മികമായ പുകമറ സൃഷ്ടിക്കുക മാത്രമാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും ഭരണകൂടത്തിന്‌ ബോധ്യപ്പെടുന്നില്ല. ഇന്ന്‌ എല്ലാ മതങ്ങളും പരസ്യമായ മതരാഷ്ട്രീയത്തിലേര്‍പ്പെടുന്നതും ആശയക്കുഴപ്പം വര്‍ധിച്ചിപ്പിച്ചിട്ടുണ്ട്‌. അവരുടെ ചെറിയ കണ്ണുരുട്ടലുകള്‍ പോലും സര്‍ക്കാരുകളെ ഭയപ്പെടുത്തുന്നു.
ഈ സാഹചര്യങ്ങളില്‍ താഴെ പറയുന്ന ഭരണകൂട ഇടപെടലുകളെക്കുറിച്ചാലോചിക്കാം.
1. ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മതനിരപേക്ഷതയെയും അഭിപ്രായ പ്രകടനസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ലംഘിക്കുന്ന വിധത്തില്‍ നടത്തുന്ന എല്ലാവിധ അത്ഭുതപ്രകടനങ്ങള്‍, ശുശ്രൂഷകള്‍, മതസംഘടനകളിലെ നീതി ലംഘനങ്ങള്‍, ലൈംഗികപീഡനം മുതലായവയ്‌ക്കെതിരെ നടപടിയെടുക്കുന്ന വിധത്തില്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുക.
2. ഇത്തരം നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന വിധത്തില്‍ നീതിന്യായവ്യവസ്ഥയില്‍ മാറ്റം വരുത്തുക.
3. പൊതു സ്ഥാപനങ്ങളെന്ന നിലയില്‍ മതസ്ഥാപനങ്ങളുടെ ഫണ്ടിങ്ങ്‌, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ബോധനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം RTI ആക്‌റ്റിന്റെ പരിധിയില്‍ കൊണ്ടുവരിക.
4. ഭരണഘടന സംരക്ഷിക്കാന്‍ പ്രതിബന്ധരായ ജനപ്രതിനിധികള്‍ ഇത്തരത്തില്‍പ്പെട്ട ഏതെങ്കിലും സ്ഥാപനവുമായോ ആചാരവുമായോ ബന്ധം പുലര്‍ത്തുന്നുണ്ടെങ്കില്‍ അവരെ ജനപ്രതിനിധി സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കു വിധേയരാക്കുക.
5. പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടികള്‍ കര്‍ശനമായി നിയന്ത്രിക്കുക സ്‌കൂള്‍ കോളേജ്‌ പാഠ്യപദ്ധതികളില്‍ നിന്ന്‌ അത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കുക.
പൊതുസ്ഥാപനങ്ങളുടെ തലം
1. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയെ പൊതുസ്ഥാപനങ്ങളില്‍ നിന്നൊഴിവാക്കുക.
2. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ആഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിക്കുന്നത്‌ നിരോധിക്കുക.
3. പൊങ്കാല കര്‍ക്കടകവാവ്‌ തുടങ്ങിയ ഭാഗികമായ ഉത്സവങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അവധി നല്‍കുന്നത്‌ നിരോധിക്കുക. ഇത്തരം ചടങ്ങുകള്‍ക്ക്‌ അവധിനല്‍കേണ്ടിവന്നാല്‍ പോലും വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒഴിവാക്കുക.
പൗരസമൂഹത്തിന്റെ തലം
1. അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമായി പ്രാദേശികതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ വിജിലന്‍സ്‌ കമ്മിറ്റികള്‍ രൂപീകരിക്കുക.
2. ലൈബ്രറികള്‍, വായനശാലകള്‍, ആര്‍ട്ട്‌ ആന്റ്‌ സയന്‍സ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബുകള്‍ മുതലായ വഴിയായി ബോധന പരിപാടികള്‍ സംഘടിപ്പിക്കുക.
3. പ്രാദേശികതലത്തില്‍ മീഡിയാവാച്ച്‌ ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ചാനലുകളിലെ അന്ധവിശ്വാസ പ്രചരണത്തിനെതിരായി പ്രതികരിക്കുകയും ചെയ്യുക. സമാനമായ ഗ്രൂപ്പുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും സൃഷ്ടിക്കുക.
4. വിശ്വാസങ്ങളുടെ ഭാഗമായി പ്രചരിപ്പിക്കുന്ന വസ്‌തുതകളെക്കുറിച്ച്‌ വിവരം നല്‍കാന്‍ സഹായിക്കുന്ന Information kiosk കള്‍ പ്രാദേശികതലത്തില്‍ സൃഷ്‌ടിക്കുക.
5. കമ്യൂണിറ്റി ടെലിവിഷന്റെ സാധ്യതകള്‍ അന്ധവിശ്വാസവിരുദ്ധ പ്രചരണത്തിനായി ഉപയോഗിക്കുക.
6. ഗാര്‍ഹികതലങ്ങളില്‍ നടക്കുന്ന ചടങ്ങുകളും രക്ഷ, ഏലസ്സ്‌, ജപമാല, മുതലായവയുടെ ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കുക. കുടുംബസദസ്സുകളില്‍ ഇത്തരം വിഷയങ്ങല്‍ ചര്‍ച്ചയില്‍ കൊണ്ടുവരിക.
7. സ്‌ത്രീകളുടെ നേരെയുള്ള വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളെടുക്കുക.
8. മതനിരപേക്ഷവും അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യ സ്വാതന്ത്ര്യവും അനുവദിക്കുന്നതുമായ പൊതുമണ്ഡലം സൃഷ്ടിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുക.
9. വിശ്വാസത്തിന്റെ പേരിലുള്ള ഉപഭോക്തൃവഞ്ചനകള്‍ തുറന്നുകാണിക്കുക.
മാധ്യമങ്ങളുടെ തലം
1. അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന എല്ലാ ടെലിവിഷന്‍ പരിപാടികളും പരസ്യങ്ങളും ഉപേക്ഷിക്കുക.
2. അന്ധവിശ്വാസ ജടിലവും അശാസ്‌ത്രീയവുമായ പരസ്യങ്ങള്‍ വേണ്ടെന്നുവയ്‌ക്കുക.
3. പരസ്യത്തില്‍ പറയുന്ന ഓരോ വിവരങ്ങളുടെയും ശാസ്‌ത്രീയമായ തലം ആവശ്യക്കാര്‍ക്കു ലഭ്യമാക്കുക.
4. ഔഷധങ്ങള്‍, സൗന്ദര്യവര്‍ധകവസ്‌തുക്കള്‍, മറ്റു രാസപദാര്‍ഥങ്ങള്‍, ജൈവവസ്‌തുക്കള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍ക്ക്‌ അവയുടെ ശാസ്‌ത്രീയമായ കൃത്യത ഉറപ്പുവരുത്താന്‍ ഏതെങ്കിലും അംഗീകൃത ഗവണ്‍മെന്റ്‌ ഏജന്‍സിയുടെ R & D സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കുക. സര്‍ട്ടിഫിക്കറ്റ്‌ ഉപഭോക്താക്കള്‍ക്കു പരിശോധിക്കാന്‍ അവസരം നല്‍കുകയും ചെയ്യുക.
5. ചാനലുകളില്‍ പരസ്യമായ മതപ്രചാരണം ഒഴിവാക്കുക.
ശാസ്‌ത്രസ്ഥാപനങ്ങള്‍ക്ക്‌ ചെയ്യാവുന്നത്‌
1. നാട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും വിശ്വാസങ്ങള്‍ക്കും ആധാരമായ ശാസ്‌ത്രസത്യങ്ങള്‍ പുറത്തുകൊണ്ടുവരിക.
2. അനുഭവസാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുന്ന വസ്‌തുതകളെ സംബന്ധിച്ച്‌ ശാസ്‌ത്രീയമായ ഗവേഷണം നടത്തി ശരിതെറ്റുകള്‍ പുറത്തുകൊണ്ടുവരിക.
3. ശാസ്‌ത്രജ്ഞരുടെ ഇടയില്‍ നിന്നുള്ള അന്ധവിശ്വാസ പ്രചാരണം ഒഴിവാക്കുകയും അങ്ങനെ ചെയ്യുന്നവരെ പുറംതള്ളുകയും ചെയ്യുക.
4. ശാസ്‌ത്രസ്ഥാപനങ്ങളിലെ ചടങ്ങുകളിലെ ആചാരപരതയും മതപരതയും തീര്‍ത്തും ഒഴിവാക്കുക.
പരിഷത്തിന്‌ ചെയ്യാവുന്നത്‌
മേല്‍പ്പറഞ്ഞവ കൂടാതെ ജനകീയ ശാസ്‌ത്രപ്രസ്ഥാനം എന്ന നിലയില്‍ ശാസ്‌ത്രബോധവും മതനിരപേക്ഷതയും പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്നതിനുമുള്ള ശക്തമായ പ്രചരണ പരിപാടി ഏറ്റെടുക്കേണ്ടത്‌ പരിഷത്തിന്റെ കടമയാണ്‌. ഇതിനായി താഴെ പറയുന്ന പ്രവര്‍ത്തനപരിപാടി ഏറ്റെടുക്കാം.
1. ജനദ്രോഹപരമായ ചടങ്ങുകളെയും ആചാരങ്ങളെയും നിയന്ത്രിക്കുന്ന നിയമനിര്‍മാണം നടത്താനുള്ള ഒപ്പുശേഖരണം നടത്തുക. ശേഖരിക്കുന്ന ഒപ്പുകള്‍ (ഡ്യൂപ്ലിക്കേറ്റില്‍ ശേഖരിക്കണം) ഒരു കോപ്പി സ്ഥലം എം.എല്‍.എയ്‌ക്കും മറ്റേ കോപ്പി മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുക.
2. പ്രാദേശികതലത്തില്‍ നടക്കുന്ന അനാചാരങ്ങളുടെ പൂര്‍ണമായ തെളിവെടുപ്പും ഡോക്യുമെന്റേഷനും നടത്തുക. നിത്യജീവിതത്തിലെ അശാസ്‌ത്രീയതകളെ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാണിക്കുക.
3. ശാസ്‌ത്രബോധം പ്രചരിപ്പിക്കുകയും വിശ്വാസത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന കുടുംബസദസ്സുകള്‍ നടത്തുക. ചര്‍ച്ചകളിലൂടെയുള്ള ബോധവല്‍ക്കരണം ഫലപ്രദമാണ്‌.
4. അനുഭവസാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ നീതീകരിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ ശാസ്‌ത്രീയമായ പഠനങ്ങള്‍ നടത്തുക. പഠനത്തിന്റെ വെളിച്ചത്തില്‍ അത്തരം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ ശാസ്‌ത്രീയമായ നിലപാടെടുക്കാന്‍ കഴിയണം.
5. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പരിഷത്തില്‍ ഏകോപനമുണ്ടാക്കുകയും അശാസ്‌ത്രീയതകള്‍ വെച്ചുപുലര്‍ത്തുന്നവരെ ശാസ്‌ത്രീയമായി തിരുത്താനുള്ള സംവാദങ്ങള്‍ നടത്തുകയും ചെയ്യുക.
6. സ്‌ത്രീകളുടെ ഇടയില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളെ സംബന്ധിച്ച്‌ പഠനബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
7. യുവാക്കളുടെ ഇടയിലെ വിശ്വാസങ്ങളുടെ വളര്‍ച്ച സജീവ ചര്‍ച്ചാവിഷയമാക്കുക. അതിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കുക.
8. യുക്തിപരതയില്‍ ഊന്നുന്ന Action Research പരിപാടികള്‍ സംഘടിപ്പിക്കുകയും അവ വഴി നിത്യജീവിതത്തിലെ വിശ്വാസപ്രമാണങ്ങളുടെ അശാസ്‌ത്രീയത തുറന്നുകാണിക്കുകയും ചെയ്യുക.
9. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഉപയോഗിക്കുന്ന അശാസ്‌ത്രീയതകളെ തുറന്നുകാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
10. മാധ്യമവിമര്‍ശനത്തിനുള്ള മീഡിയാവാച്ച്‌ സാധ്യമായ എല്ലായിടങ്ങളിലും സംഘടിപ്പിക്കുക.
11. ഉപഭോക്തൃവഞ്ചനയ്‌ക്കെതിരായ വിപുലമായ പ്രചരണ പരിപാടി സംഘടിപ്പിക്കുക.