നാട്ടില്‍ നിലനില്‍ക്കുന്ന എല്ലാ പരിസ്ഥിതി സംരക്ഷണ നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ട്‌ ആറന്മുളയില്‍ സ്വകാര്യവിമാനത്താവളകമ്പനി നേടിയെടുത്ത പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിയെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്‌തങ്ങളായ പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുന്നതും, മൂലധന ശക്തികള്‍ നടത്തുന്ന പരിസ്ഥിതിക്ക്‌ നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരായ താക്കീതുമാണ്‌ ഈ വിധി. ഒരു പ്രദേശത്തിന്റെ ജീവനാഡികളായ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അരുവികളും എല്ലാം നികത്തിയും കുന്നുകള്‍ ഇടിച്ചും സ്വകാര്യ വിമാനത്താവള കമ്പനി നടത്തിയ കൈയ്യേറ്റങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എല്ലാ വിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും ഒന്നിച്ചണിനിരന്ന സമരം, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനം എന്ന സന്ദേശം പടര്‍ത്തുന്നതോടൊപ്പം വികസനമെന്ന പേരില്‍ സ്വകാര്യ മൂലധനത്തിനുവേണ്ടി കേരള സര്‍ക്കാര്‍ നടത്തിയ ഇടനിലപ്പണിക്കെതിരെയുള്ള ശക്തമായ ചെറുത്ത്‌നില്‍പ്പുമായിരുന്നു. എന്നാല്‍ ഈ സമരത്തെ കണ്ടില്ലെന്ന്‌ നടിക്കുകയും പദ്ധതിയ്‌ക്ക്‌ എല്ലാവിധ പിന്തുണയും നല്‍കുകയുമാണ്‌ സര്‍ക്കാറുകള്‍ ചെയ്‌തത്‌. കോടതിയെ പോലും വെല്ലുവിളിച്ചുകൊണ്ട്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ്‌ കെ ജി എസ്‌ ഗ്രൂപ്പ്‌ പദ്ധതിയ്‌ക്ക്‌ അനുമതി നേടിയെടുത്തത്‌. പഠനം നടത്തിയ ഏജന്‍സിയ്‌ക്ക്‌ അതിനുള്ള യോഗ്യത ഇല്ലെന്നും ആറന്മുള ദേശവാസികളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും വിധി പ്രസ്‌താവത്തില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയത്‌ ഇവരുടെ ഒത്തുകളിയെ തുറന്നുകാട്ടുന്നതാണ്‌.
മണ്ണും വെള്ളവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടു മാത്രമേ കേരളത്തിന്‌ ഇനി നിലനില്‍ക്കാനാകൂ എന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തില്‍ അതിശക്തമായ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആറന്മുള വിമാനത്താവളത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിച്ച മുഴുവനാളുകളേയും പ്രസ്ഥാനങ്ങളേയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭിവാദ്യം ചെയ്യുന്നു. ആറന്മുളയുടെ പാഠം ഉള്‍ക്കൊണ്ട്‌ കേരളത്തിന്റെ നിലനില്‍പ്പിനാധാരമായ പശ്ചിമഘട്ടത്തിലെ അനിയന്ത്രിത മൂലധന കടന്നുകയറ്റങ്ങള്‍ തടയുന്നതിനും ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും ജനങ്ങളുടെ കൂട്ടായ പ്രതിരോധം വളര്‍ത്തി എടുക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യര്‍ത്ഥിക്കുന്നു.

Categories: Updates