ആവശ്യമുണ്ട്‌ പശ്ചിമഘട്ടത്തെ, ജീവനോടെത്തന്നെ എന്ന മുദ്രാവാക്യവുമായി പശ്ചിമഘട്ട സംരക്ഷണ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അമ്പത്തൊന്നാം വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. ഇതിനായി വനസംരക്ഷണം, വിഭവ വിനിയോഗം, വികസന നയം തുടങ്ങിയ വിഷയങ്ങളില്‍ ലഘുലേഖകള്‍ തയ്യാറാക്കി ജനസംവാദങ്ങള്‍ സംഘടിപ്പിക്കും. ലോക പരിസര ദിനമായ ജൂണ്‍ 5 ന്‌ നടക്കുന്ന ഗൃഹ സന്ദര്‍ശനത്തോടെ ക്യാമ്പയിന്റെഘട്ടം ആരംഭിക്കും. സമത്വം, സ്ഥായിത്വം എന്നിവയില്‍ ഊന്നിയുള്ള പുതിയ വികസന പരിപ്രേക്ഷ്യം കേരളത്തിനാവശ്യമാണ്‌. ഇതു സംബന്ധിച്ച പഠന രേഖ സമ്മേളനം അംഗീകരിച്ചു. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അയുക്തികതക്കുമെതിരായ ക്യാമ്പയിനാണ്‌ സമ്മേളനം അംഗീകരിച്ച മറ്റൊരു പരിപാടി. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള ചൂഷണങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണത്തിനുള്ള പ്രചരണ പരിപാടികളും സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. മാതൃഭാഷയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാവുന്ന സുപ്രീം കോടതി വിധിയുടെ നാനാവശങ്ങള്‍ ജനങ്ങളുമായി സംവദിക്കാനുള്ള വിവിധങ്ങളായ പരിപാടികള്‍ക്ക്‌ രൂപം നല്‍കി അയുക്തികതയും അന്ധവിശ്വാസങ്ങളും മതപരമോ ആചാരപരമോ ആയ മേഖലകളില്‍ മാത്രമല്ല, ഭൗതിക ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കു കൂടി വ്യാപിക്കുന്ന കാലത്തിലൂടെയാണ്‌ കേരളം കടന്നു പോകുന്നത്‌. സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതിത്തകര്‍ച്ച, മദ്യ വ്യാപനം, ലിംഗനീതിയില്ലായ്‌മ എന്നിങ്ങനെ കേരളം നേരിട്ട തളര്‍ച്ചകളും തിരിച്ചടികളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. അതേ സമയം, യുക്തിസഹമായി വിശദീകരിക്കാന്‍ കഴിയാത്ത പുതിയ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടുന്നു. പത്താം ക്ലാസ്സില്‍ എല്ലാവരെയും വിജയിപ്പിക്കാന്‍ ഒമ്പതാം ക്ലാസ്സില്‍ പരമാവധി പേരെ തോല്‍പ്പിച്ചാല്‍ മതി എന്നു പറയുന്ന വിദ്യാലയങ്ങള്‍ പെരുകുന്നു. അതിഭീകരമായ പാരിസ്ഥിതിക തകര്‍ച്ച നേരിടുമ്പോഴും മൂലധന ശക്തികള്‍ക്കുവേണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലും തീരദേശ സംരക്ഷണ നിയമത്തിലും ഇളവുകള്‍ അനുവദിക്കുന്നു. ആള്‍ദൈവത്തെ വിമര്‍ശിക്കുന്നവരും പശ്ചിമഘട്ട സംരക്ഷണത്തിനായി വാദിക്കുന്നവരും ഒരേ തീവ്രതയില്‍ പ്രതിരോധിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സമചിത്തതയോടെ സംവദിക്കുന്നതിനുള്ള ശേഷി, യുക്തിചിന്ത, ശാസ്‌ത്രബോധം എന്നിവ സമൂഹത്തില്‍ വളരേണ്ടതുണ്ട്‌ വാക്‌സിന്‍വിവാദങ്ങളും വസ്‌തുതകളും എന്ന വിഷയത്തില്‍ ഡോ.കെ.വിജയകുമാര്‍ ക്ലാസ്സെടുത്തു. ഭാവിപ്രവര്‍ത്തന രേഖ പി.വി.ദിവാകരന്‍ അവതരിപ്പിച്ചു. സംഘാടക സമിതി ഏര്‍പ്പെടുത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം മഷൂദ്‌ (ദേശാഭിമാനി), പ്രഭാകരന്‍ (നെറ്റ്‌ വര്‍ക്ക്‌) എന്നിവര്‍ക്ക്‌ ഡോ.എന്‍.കെ.ശശിധരന്‍ പിള്ള നല്‍കി. ശിശുവികസന പദ്ധതികളെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, ബിടി പദ്ധതിയില്‍ നിന്ന്‌ ദേശീയപാതാ അഥോറിറ്റി പിന്‍വാങ്ങിയ സാഹചര്യത്തില്‍ കേരളത്തിലെ ദേശീയപാതകള്‍ നാലുവരിയായി വികസിപ്പിക്കുക, അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Categories: Updates