സംസ്ഥാനത്ത് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചില കീടനാശിനികളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും മറ്റു ചില കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകണമെന്ന് പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

21 കീടനാശിനികളെ പാക്കേജ് ഓഫ് പ്രാക്ടീസില്‍ നിന്നും നീക്കം ചെയ്യുന്നതിനും മറ്റ് 19 എണ്ണത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കീടനാശിനികളും കുമിള്‍ നാശിനികളും കളനാശിനികളും ഉള്‍പ്പെടും. എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനം ശ്രദ്ധേയമാണെങ്കിലും അതിനുവേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്തിയതായിട്ടറിവില്ല. പിന്‍വലിച്ച കീടനാശിനികള്‍ എല്ലാം തന്നെ ദീര്‍ഘകാലമായി നമ്മുടെ കൃഷി ശാസ്ത്രജ്ഞരുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശപ്രകാരം കര്‍ഷകര്‍ ഉപയോഗിച്ചു വരുന്നതാണ്. ദീര്‍ഘകാലമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ പിന്‍വലിക്കുമ്പോള്‍ അതിനുപകരം എന്തെന്നത് സംബന്ധിച്ച വിവരം കര്‍ഷകര്‍ക്ക് നല്‍കേണ്ടതുണ്ട്. പകരം ഉപയോഗിയ്ക്കാവുന്ന അപകടം കുറഞ്ഞ രാസകീടനാശിനി, അല്ലെങ്കില്‍ ജൈവകീടനാശിനി, അതുമല്ലെങ്കില്‍ ജൈവകൃഷി പോലെ കൃഷി മുറയിലും രീതിയിലും തന്നെ മാറ്റം വരുത്തല്‍ എന്നിവ സംബന്ധിച്ച് കര്‍ഷകര്‍ക്ക് വ്യക്തത ഉണ്ടാക്കണം. അല്ലെങ്കില്‍ ഈ കീടനാശിനികളെല്ലാം മറ്റൊരു രൂപത്തില്‍ ഇന്നത്തേതിലും അപകടകരമായ രീതിയില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അവ പിന്‍വലിച്ചാലും അന്യസംസ്ഥാനങ്ങളില്‍ നിന്നും അവ എത്താന്‍ ഇടയുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ പച്ചക്കറി കൃഷിയില്‍ ഉള്‍പ്പെടെ പല കൃഷിയിലും, വിഭവസംരക്ഷണ ഘട്ടത്തിലും ഉല്പന്നങ്ങളുടെ സൂക്ഷിപ്പു ഘട്ടത്തിലും, കേരളത്തില്‍ ഇപ്പോള്‍ പിന്‍വലിച്ച പല കീടനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നും വരുന്ന ഭക്ഷ്യവസ്തുക്കള്‍ ചെക്ക് പോസ്റ്റുകളില്‍ വച്ചു തന്നെ സാമ്പിള്‍ എടുത്ത് പരിശോധിയ്ക്കാന്‍ സംവിധാനമുണ്ടാകണം. എങ്കില്‍ മാത്രമേ ഒരു ഉപഭോഗ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം നിരോധനം കൊണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുമുള്ള പ്രയോജനം ലഭിയ്ക്കൂ.
കീടനാശിനികളുടെ ഉപയോഗവും സൂക്ഷിപ്പും കൃഷി ഓഫീസര്‍മാരുടെ കുറിപ്പടി പ്രകാരം നിയന്ത്രിക്കുകയും വേണം.

പിന്‍വലിച്ച കീടനാശിനികളുടെ നിലവിലുള്ള സ്റ്റോക്ക് കണ്ടെത്തി അവ നിര്‍വീര്യമാക്കി സംസ്‌ക്കരിക്കുന്നതിനുമുള്ള സംവിധാനവും ഉണ്ടാക്കേണ്ടതാണ്.
വ്യാപകമായ പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനവും ബദല്‍ അന്വേഷണവും കര്‍ശനമായ പരിശോധനകളുമെല്ലാം സര്‍ക്കാര്‍ തീരുമാനം ഫലപ്രദമാക്കാന്‍ ആവശ്യമാണ്. മാത്രമല്ല കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കുകയും വേണം. എങ്കില്‍ മാത്രമേ ഇപ്പോഴത്തെ തീരുമാനങ്ങള്‍ക്ക് ഫലം ഉണ്ടാക്കാനാകൂ. അതോടൊപ്പം രാജ്യം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ അപകടകാരികളായ കീടനാശിനികള്‍ നിരോധിക്കുന്നതിനു വേണ്ടിയുള്ള സമര, പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

കെ.ടി. രാധാകൃഷ്ണന്‍ ടി.പി. ശ്രീശങ്കര്‍
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി

Categories: Updates