2020 ഫെബ്രുവരി 12 ന് കേരള ഗവർണർ വിളംബരപ്പെടുത്തിയ ഓർഡിനൻസുകൾ മുഖേന 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും പഞ്ചായത്ത് ആക്ടിലും ഭേദഗതി വരുത്തി കെട്ടിട നിർമ്മാണ വ്യവസ്ഥകളിൽ ഇളവ് നൽകിയ നടപടി ജനവിരുദ്ധവും പ്രതിലോമകരവും ആകയാൽ അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

കേരളത്തിലെ ദുർബലമായ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതും നഗരവത്കരണത്തിലും ഭൂവിനിയോഗത്തിലും നിലവിലുള്ള അപര്യാപ്തമായ നിയന്ത്രണങ്ങളെ തന്നെ അട്ടിമറിക്കുന്നതും അഴിമതിയ്ക്കു് വഴി വെയ്ക്കുന്നതുമാണ് പുതിയ നിയമ ഭേദഗതി. സാധാരണ ഏത് ഭേദഗതി നിയമത്തിലും എന്തിനുവേണ്ടിയാണ് ഈ ഭേദഗതിയെന്ന വിശദീകരണം ഉൾച്ചേർക്കാറുള്ളതാണ്. എന്നാൽ അത്തരം പരാമർശമൊന്നും ഇല്ലാതെയും യാതൊരു ചർച്ചയും പര്യാലോചനയും കൂടാതെയുമാണ് ഈ ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കുടിലുകൾ നിർമ്മിക്കുന്നതിന് തദ്ദേശ സ്ഥാപനത്തിന്റെ അനുമതി (പെ‍ർമിറ്റ്) ആവശ്യമില്ല എന്ന വ്യവസ്ഥ വിപുലപ്പെടുത്തിയാണ് അനധികൃത കെട്ടിട നിർമ്മാണത്തിന് പുതിയ ഓർഡിനൻസ് വഴിയൊരുക്കുന്നത്. കുടിലുകൾ എന്ന വിഭാഗത്തെ അപകട സാധ്യത കുറഞ്ഞ കെട്ടിടങ്ങൾ എന്ന ഗണമാക്കി ഇതിലൂടെ ഭേദഗതി ചെയ്യുന്നു. ഉയരം 7 മീറ്റ‍ർ അഥവാ രണ്ടുനിലയിൽ കുറവുള്ള 300 ചതുരശ്ര മീറ്റർ (3229 ച. അടി) വരെയുള്ള വീടുകളും അപ്പാർട്ട്മെന്റുകളും 200 ച.മീ. (2153 ച. അടി) വരെയുള്ള ഹോസ്റ്റൽ, ഓർഫനേജ്, ഡോർമിറ്ററി, സെമിനാരി, ഓൾഡ് ഏജ് ഹോം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരവും ദേശ സ്നേഹപരവുമായ ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾ സംഗമിക്കുന്ന കെട്ടിടങ്ങൾ എന്നിവയും, 100 ച.മീ. (1076 ച. അടി) വരെ വിസ്തീർണ്ണമുള്ള വാണിജ്യ, വ്യാവസായിക കെട്ടിടങ്ങൾ എന്നിവയും നിർമ്മിക്കുന്നതിനായി ഇനിമുതൽ പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ അനുമതി വേണ്ടതില്ല. ചുരുക്കത്തിൽ സാധാരണ വീടുകളുടെയും കടകളുടെയും നി‍ർമ്മാണത്തിന് കേരളത്തിൽ ഒരിടത്തും ഇനി മുതൽ പെർമിറ്റേ വേണ്ടെന്ന സ്ഥിതിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

ഉടമസ്ഥന്റെയും എം പാനൽഡ് ലൈസൻസിയുടെയും സാക്ഷ്യപത്രവുമായി കെട്ടിട നിർമാണത്തിന് അപേക്ഷ സമർപ്പിച്ചാല്‍ യാതൊരു പരിശോധനയും കൂടാതെ അഞ്ച് പ്രവർത്തി ദിവസങ്ങള്‍ക്കുള്ളിൽ തദ്ദേശഭരണ സെക്രട്ടറി അപേക്ഷയ്ക് നിശ്ചിത ഫോറത്തിലുള്ള കൈപ്പറ്റു രസീത് നൽകണം. അതിനെ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി പത്രമായി കണക്കാക്കാം എന്നതാണ് ഈ ഓർഡിനൻസ് പ്രകാരമുള്ള വ്യവസ്ഥ. നിലവിലുള്ള നിയമങ്ങളിൽ പറയുന്ന ഏതെങ്കിലും വ്യവസ്ഥകൾ മറച്ചു വച്ചാണ് സ്വയം സാക്ഷ്യപത്രം നൽകിയത് എന്ന് തെളിയുന്ന പക്ഷം സാക്ഷ്യപത്രം നൽകിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം വാങ്ങിക്കുകയും, ആയത് തൃപ്തികരമല്ലെങ്കിൽ 2 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ പിഴ ഈടാക്കി കെട്ടിട നമ്പർ അനുവദിക്കാനുമാണ് ഓർഡിനന്‍സിൽ വ്യവസ്ഥ ചെയ്യുന്നത്. ചുരുക്കത്തിൽ 6 ലക്ഷം രൂപ പിഴ നല്‍കാൻ സാമ്പത്തിക ശേഷിയുള്ള ഏതൊരാൾക്കും ഇനിമുതൽ 3229 ച. അടി വരെയുള്ള കെട്ടിടം വിവിധ പേരുകളിൽ കേരളത്തിൽ എവിടെയും എപ്പോഴും ഏതു ചട്ടവും ലംഘിച്ചും കെട്ടിയുയ‍ർത്താനുള്ള അവസരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഈ ഓർഡിനൻസ് പ്രകാരം യാതൊരുവിധ സാങ്കേതിക പരിശോധനയോ സ്ഥല പരിശോധനയോ കൂടാതെ കെട്ടിട നിർമ്മാണാനുമതി ഏതൊരു വ്യക്തിക്കും ലഭ്യമാകും. നിലവിലുള്ള നഗരവികസന സങ്കല്പങ്ങളെ തകർക്കുന്നതിനും നിലവിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് അനിയന്ത്രിതമായ കെട്ടിട നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനും ഇത് പ്രചോദനമായി തീരും. കേരളത്തിലെ മുനിസിപ്പാലിറ്റികളിൽ മാത്രം നാലായിരത്തിനടുത്ത് അനധികൃത കെട്ടിടങ്ങൾ നിലവിലുള്ള നിയന്ത്രണങ്ങളെ ലംഘിച്ചുകൊണ്ട് ഇപ്പോൾ തന്നെ നിര്‍മിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഉള്ള നിയന്ത്രണങ്ങളും എടുത്തു കളയാൻ സർക്കാ‍ർ തീരുമാനിച്ചിരിക്കുന്നത്.

സ്ഥലീയ ആസൂത്രണവും ഭൂവിനിയോഗ നിയന്ത്രണവും ഭരണഘടന പ്രകാരം പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അധികാരപരിധിയിൽ വരുന്ന കാര്യമാണ്. സംസ്ഥാന സർക്കാർ ഒരു ഓർഡിനൻസ് മുഖാന്തിരം അതിൽ കൈകടത്തുന്നത് ഭരണഘടനാവിരുദ്ധവും അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്തയ്ക് എതിരുമാണ്.

2008 ലെ തണ്ണീർത്തട നിയമ പ്രകാരം അനുമതി നൽകാൻ സാധിക്കാത്ത ഇടങ്ങള്‍, തീരദേശ സംരക്ഷണ നിയമം ബാധകമായ പ്രദേശങ്ങള്‍, പരിസ്ഥിതിലോല പ്രദേശങ്ങള്‍, പുരാവസ്തു സംരക്ഷിത മേഖലകള്‍, മാസ്റ്റർ പ്ലാൻ പ്രകാരം വികസനത്തിനായി കരുതിവച്ചതും വ്യത്യസ്ഥ വികസന സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതുമായ പ്രദേശങ്ങള്‍ തുടങ്ങി എവിടെയും എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി കെട്ടിട നിർമാണം സാധ്യമാവുകയും തുച്ഛമായ പിഴ ഈടാക്കി കെട്ടിടത്തിന് നമ്പർ അനുവദിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് ഇത് എത്തിച്ചേരുക.

നിയമവിരുദ്ധമായ നിർമ്മാണമാണെന്ന് പിന്നീട് കണ്ടെത്തുന്നപക്ഷം പ്ലാൻ തയ്യാറാക്കിയ എഞ്ചിനീയറുടെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്ന് ഈ നിയമ ഭേദഗതിയിൽ പറയുന്നുണ്ടെങ്കിലും നിയമലംഘനം നടത്തുവാൻ തീരുമാനിച്ചിറങ്ങുന്നവർക്ക് അത്തരം നിബന്ധനകൾ നിസാരമായി മറികടക്കാമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

കെട്ടിട നിർമ്മാണാനുമതി ലഭിക്കുന്നതിലെ കാലതാമസവും തടസ്സവുമാണ് ഭേദഗതിക്ക് കാരണമായി പറയുന്നതെങ്കിൽ ആ മേഖലയിൽ ഇഛാശക്തിയോടെയുള്ള ഭരണ പരിഷ്കാര നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആവശ്യമായ ജീവനക്കാരെ നിയമിച്ചും ശക്തമായ മേൽനോട്ടം ഉറപ്പാക്കിയും നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടത്താതെ സാധാരണക്കാരന്റെ ആവശ്യം എന്ന വ്യാജേന തൽപ്പരകക്ഷികളുടെയും കെട്ടിട ഭൂ മാഫിയകളുടേയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ഓർഡിനൻസ് തികച്ചും പ്രതിലോമകരമാണ്.

ആയതിനാൽ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേരള സർക്കാ‍ർ പുറപ്പെടുവിച്ചിട്ടുള്ള യഥാക്രമം 33, 34 നമ്പർ ഓർഡിനൻസുകള്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഏ. പി. മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്

രാധന്‍ കെ
ജനറല്‍ സെക്രട്ടറി