ഡോ.എം.എ. ഉമ്മന്‍ കേരളത്തെപ്പറ്റി പലപ്പോഴായി എഴുതിയ സാമ്പത്തികശാസ്ത്രസംബന്ധിയായ ആറ് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തെപ്പോലെ ഇത്രയേറെ പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഒരു ഭൂപ്രദേശം-സമൂഹം- ഭൂമുഖത്ത് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അവയില്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ നന്നേ വിരളമാണ്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ലേഖനസമാഹാരം പ്രസിദ്ധീകരിക്കുന്നത്.
വികസനമെന്നാല്‍ യാതൊരു പാരിസ്ഥിതിക പരിഗണനയുമില്ലാതെ നിര്‍മിക്കുന്ന അണക്കെട്ടുകളും, ഹൈവേകളും, വിമാനത്താവളങ്ങളും, വിഴിഞ്ഞം വല്ലാര്‍പാടം പോലുള്ള വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണെന്ന ധാരണ ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാല ദിശാബോധത്തിനെതിരെയുള്ള പൊതുനിലപാടാണ് ഈ ലേഖനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വികസന ദര്‍ശനം.
പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായി സമീപിക്കേണ്ടതിന് പകരം രാഷ്ട്രീയമായി സമീപിച്ചതിന്റെ അപകടം കേരളസമൂഹം പതുക്കെയാണെങ്കിലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രളയാനന്തരകേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് വികസനത്തെസംബന്ധിച്ച് പരിസ്ഥിതിസൗഹൃദവും സ്ത്രീപക്ഷപരിഗണനയുള്ളതുമായ ശാസ്ത്രീയനിലപാട് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. പ്രസ്തുതചര്‍ച്ചകള്‍ക്ക് ദിശാബോധം പകരുന്നതിന് ഈ ലേഖനസമാഹാരം ഉപകരിക്കുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.
പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബര്‍ 10 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് പ്രൊഫ.കേശവന്‍ വെളുത്താട്ട് നിര്‍വഹിക്കും. ഡോ. ഷൈജന്‍ ഡേവിസ് പുസ്തകം പരിചയപ്പെടുത്തും. ഡോ. എം.സിന്ധു, ആര്‍ മോഹന, പ്രൊഫ. ഇ.എം. തോമസ്, ഡോ. പി.എല്‍ ലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Categories: Updates