കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ആരംഭിച്ച അതിക്രമങ്ങള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ച് മാധ്യമപ്രവര്‍ത്തകരിലേയ്ക്കും, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. നിയമസംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച് കോടതിയില്‍പോലും സുരക്ഷയില്ല എന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. കനയ്യ കുമാറിനെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കോടതിയുടെ അടിയന്തിരശ്രദ്ധ ക്ഷണിക്കുന്നതിനായി സുപ്രീംകോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത് ഇറങ്ങിയ ജനകീയശാസ്ത്രപ്രവര്‍ത്തകനായ എന്‍.ഡി.ജയപ്രകാശിനെ ആക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. അക്രമികളെ പിടികൂടുന്നതിനുപകരം അവര്‍ക്ക് രക്ഷപ്പെടുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് പോലീസ് ചെയ്തത്. ജയപ്രകാശിന്റെ ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി ദ്രുതഗതിയില്‍ ഇടപെടുന്നതിനായി ഉന്നതഅഡ്വകേറ്റ് കമ്മീഷനെ നിയോഗിച്ചത്. ജയപ്രകാശ് അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ജനകീയശാസ്ത്രപ്രവര്‍ത്തകനായ ജയപ്രകാശിനെ ആക്രമിച്ചതില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിക്കുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ജനാധിപത്യത്തിനെതിരെ വര്‍ഗീയശക്തികള്‍ നടത്തുന്ന അക്രമങ്ങളായി കാണണമെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വര്‍ഗീയശക്തികള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്നും പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
അതിക്രമങ്ങളോട് പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളോടും പ്രസ്ഥാനങ്ങളോടും പരിഷത്തിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates