ജലവിമാന പദ്ധതി അടിച്ചേല്‍പ്പിക്കരുത്

ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ജലവിമാനപദ്ധതി വീണ്ടും കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ പദ്ധതിയുടെ ലക്ഷ്യം സംബന്ധിച്ച സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് തുടക്കത്തില്‍ ജലവിമാന പദ്ധതി അവതരിപ്പിക്കപ്പെട്ടത്. റാംസര്‍ ഉടമ്പടി അനുസരിച്ച് അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട അഷ്ടമുടി, വേമ്പനാട്ടു കായലുകളിലാണ് പദ്ധതി വരാന്‍ പോകുന്നത്. ഇതിലെ വേമ്പനാട്ടുകായല്‍ പരിസ്ഥിതി നിയമപ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ്. നമ്മുടെ മറ്റു കായലുകളുടെയെല്ലാം വാഹകശേഷി ഗണ്യമായി കുറഞ്ഞുവരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ നടത്തിയ വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിലവില്‍ ഈ പ്രദേശങ്ങളില്‍ നടക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ അനുവദനീയമായതിനേക്കാള്‍ വളരെക്കൂടുതലാണെന്നും കാണേണ്ടതുണ്ട്. ജലാശയങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ച് വിമാനം ഇറക്കുന്നത് മത്സ്യമേഖലയെ അതിഗുരുതരമായി ബാധിക്കും എന്ന ആശങ്ക മത്സ്യത്തൊഴിലാളി സംഘടനകള്‍ മുമ്പേതന്നെ ഉയര്‍ത്തിയിരുന്നു. പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി നേരിടുന്ന വെല്ലുവിളികളും മൂലമാണ് ജലവിമാന പദ്ധതിയോട് പൊതുവില്‍ എതിര്‍പ്പ് ഉയര്‍ന്നത്. ജലവിമാനത്താവളത്തിന് ചുറ്റും നിശ്ചിത പ്രദേശം സംരക്ഷിതപ്രദേശം ആയിരിക്കും എന്നും അവിടെ മറ്റു ജലയാനങ്ങള്‍, മീന്‍പിടുത്തം, വലകള്‍, എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ഉണ്ടാകും എന്നും ജലവിമാനം അവതരിപ്പിക്കപ്പെട്ട ഘട്ടത്തില്‍ തന്നെ തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ജലവിമാനത്താവളത്തിലെ ഫ്‌ളോട്ട് വേയുടെ നീളം 1250 മീറ്റര്‍ (4100 അടി) വീതി 250 മീറ്റര്‍ (820അടി) വരും. ഇതിനുചുറ്റും മറ്റു ജലയാത്രകളും, മീന്‍പിടുത്തവും സാധ്യമാകില്ല. പരിസ്ഥിതി ജൈവപ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള വാട്ടര്‍ഡ്രോം പാടില്ല എന്നും പ്രോജക്ട് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഈ ജലവിമാനങ്ങള്‍ കേരളത്തിന്റെ ടൂറിസം വികസനത്തിന് ഒരു സംഭാവനയും നല്‍കാന്‍ പോകുന്നില്ല എന്നതാണ് മറ്റൊരു കാര്യം. പത്തുലക്ഷം വിദേശ ടൂറിസ്റ്റുകള്‍ അടക്കം ഒന്നേകാല്‍ കോടി ആളുകള്‍ ഒരു വര്‍ഷം സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. ഇത്ര വിപുലമായ ഒരു മേഖലയില്‍ 9 സീറ്റുള്ള രണ്ട് വിമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം ചെയ്യില്ലെന്ന് മാത്രമല്ല കായല്‍ ടൂറിസത്തിന്റെ മുഖ്യ ആകര്‍ഷണമായ ഹൗസ്‌ബോട്ടുകളുടെ സഞ്ചാരം ഇതുമൂലം തടസ്സപ്പെടാനും, അങ്ങനെ ജലവിമാനങ്ങള്‍ കായല്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്. ഹൗസ്‌ബോട്ടുകള്‍ക്ക് നിയന്ത്രണങ്ങളും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവന്ന് കേരളത്തിന്റെ ടൂറിസം സാധ്യതയെ സ്ഥായിയാക്കാന്‍ ഒരു നീക്കവും നമ്മുടെ ടൂറിസം ഭരണാധികാരികള്‍ നടത്തുന്നില്ല എന്നത് മറ്റൊരു പ്രശ്‌നം. ജലവിമാനങ്ങള്‍ക്ക് പകരം കരയില്‍ത്തന്നെ ഇറങ്ങാവുന്ന ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാമോ എന്നോ വിവിധ വിമാനത്താവളങ്ങളില്‍നിന്നും കരമാര്‍ഗ്ഗം സഞ്ചരിച്ചാല്‍ വരുന്ന നേട്ടകോട്ടങ്ങള്‍ എന്തായിരിക്കും എന്നോ വിശകലനം ചെയ്തതായും കാണുന്നില്ല. ഈ സാഹചര്യത്തില്‍ ടൂറിസം വികസനമല്ല പദ്ധതിയുടെ ലക്ഷ്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല ടൂറിസം വികസനത്തിനും കേരളത്തിലെ യാത്രാപ്രശ്‌നം പരിഹരിക്കാനും ഉതകുന്ന വിധം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആവശ്യമായ ഇടങ്ങളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുക, റെയില്‍വേ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും വളരെ വേഗം പൂര്‍ത്തിയാക്കുക തുടങ്ങി അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഉണ്ടുതാനും. വേണ്ടത്ര യാത്രികര്‍ ഉണ്ടാവില്ല എന്ന വിമാന കമ്പനികളുടെ ആശങ്ക ദൂരീകരിക്കാന്‍ ഓരോ യാത്രയിലും നാല് സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കും എന്നാണു മന്ത്രിസഭയുടെ തീരുമാനം. അതായത് ഓരോ യാത്രയിലും നാലു സീറ്റുകളുടെ പണം സര്‍ക്കാര്‍ നല്‍കും. അല്ലെങ്കില്‍ വകുപ്പ് മേധാവികള്‍ക്കും മറ്റും ജലവിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള അനുവാദം നല്‍കും. പുറമേ നിന്നു വരുന്ന ഒരു കമ്പനിക്ക് കേരള ഖജനാവിലെ പണം ചോര്‍ത്തിക്കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കേരളത്തിലെ ജലാശയങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലം സ്വകാര്യ കുത്തകകളുടെ നിയന്ത്രണത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നത് ഏറെ ആശങ്ക ഉളവാക്കുന്നു. ഒപ്പം വിമാനഇന്ധനത്തിന് നികുതിയിളവും നല്‍കും. ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉണ്ടായ സാഹചര്യത്തിലും പദ്ധതിയുടെ പരിസരാഘാത പത്രിക തയ്യാറാക്കുന്നതിനോ അത്തരം കാര്യങ്ങള്‍ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അതിനു പകരം തട്ടിക്കൂട്ടി എടുത്ത, പൊതുചര്‍ച്ചക്കു വിധേയമാക്കാത്ത ഒരു വിദഗ്ധസമിതി റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ആധാരമാക്കിയിട്ടുള്ളത്. വിദഗ്ധസമിതിയിലെ ഒരു അംഗം ഈ സമിതിയോട് സഹകരിക്കില്ല എന്ന് പറഞ്ഞ് വിട്ടു നില്കുകയായിരുന്നു. മറ്റുള്ളവര്‍ പ്രധാനമായും ഉജഞലെ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതിയുടെ പരിസരാഘാത പത്രിക തയ്യാറാക്കിയും സാമ്പത്തിക പാരിസ്ഥിതിക നേട്ടകോട്ടവിശ്ലേഷണം നടത്തിയും കായല്‍ ടൂറിസത്തിന്റെ വാഹകശേഷി നിര്‍ണ്ണയിച്ചും, അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്തുമല്ലാതെ പദ്ധതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

കെ പി അരവിന്ദന്‍ പി മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates