സുഹൃത്തേ
ഡോ.എം.പി.പരമേശ്വരന് എണ്‍പത് വയസ്സ് പിന്നിടുന്നു. ആണവശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, സാഹിത്യകാരന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, സാമൂഹിക-രാഷ്ട്രീയ-പരിസ്ഥിതി പ്രവര്‍ത്തകന്‍, വിദ്യാഭ്യാസവിദഗ്ധന്‍ എന്നീ നിലകളില്‍ ലോകമെങ്ങും അറിയപ്പെടുന്ന മഹദ്‌വ്യക്തിയാണ് ഡോ.എം.പി.പരമേശ്വരന്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളര്‍ച്ചയിലും അതിന്റെ പ്രവര്‍ത്തനദിശ നിര്‍ണയിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് ആരംഭിച്ച് കേരളത്തിലൂടെ ഇന്ത്യയൊട്ടാകെ ജനകീയസാക്ഷരതായജ്ഞം വ്യാപിപ്പിക്കുന്നതില്‍ ഡോ.എം.പി വഹിച്ച പങ്ക് നിസ്തുലമാണ്. അതിനായി ഭാരത് ജ്ഞാന്‍വിജ്ഞാന്‍ സമിതി രൂപീകരിച്ച് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. ഇന്ത്യയിലെ ജനകീയശാസ്ത്രസംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ്‌വര്‍ക്ക് (AIPSN) രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതും അദ്ദേഹം തന്നെ. വികേന്ദ്രീകൃത ജനകീയാസൂത്രണപദ്ധതി വിഭാവനം ചെയ്യുന്നതിലും എം.പി. ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (BARC) മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്ന ഡോ.എം.പി.പരമേശ്വരന്‍ ആ ഉദ്യോഗം ഉപേക്ഷിച്ചാണ് സാമൂഹികപ്രവര്‍ത്തനത്തിനിറങ്ങിയത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച എം.പി, കുറേക്കാലം ചിന്താ പബ്ലിഷേഴ്‌സിന്റെ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. ഔദ്യോഗികവും അനൗദ്യോഗികവുമായ നിരവധി കമ്മിറ്റികളില്‍ അംഗമായിട്ടുള്ള എം.പി പ്രഗത്ഭ ശാസ്ത്രസാഹിത്യകാരനാണ്. മാര്‍ക്‌സിയന്‍ ദര്‍ശനത്തെയും ഗാന്ധിയന്‍ ചിന്താപദ്ധതിയെയും സമന്വയിപ്പിച്ച്് ഒരു ജനപക്ഷവികസനകാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ട് എം.പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കകത്തും പുറത്തും പണ്ഡിതശ്രദ്ധ നേടിയിട്ടുണ്ട്.
ഡോ.എം.പിയെ ആദരിക്കേണ്ടത് സംസ്‌കാരസമ്പന്നമായൊരു സമൂഹത്തിന്റെ ധര്‍മമാണെന്ന് ഞങ്ങള്‍ കരുതുന്നു. 2015 ഡിസംബര്‍ 5,6 (ശനി, ഞായര്‍) തിയതികളില്‍ തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി ഹാളില്‍ (റീജണല്‍ തിയ്യറ്റര്‍) സംഘടിപ്പിക്കുന്ന ആദരണപരിപാടിയുടെ വിശദാംശങ്ങള്‍ അന്യത്ര ചേര്‍ത്തിരിക്കുന്നു. സെമിനാറുകളിലും ആദരണസമ്മേളനത്തിലും താങ്കളുടെ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹപൂര്‍വം

ഡോ. കെ. പ്രവീണ്‍ലാല്‍ കെ.ആര്‍.ജനാര്‍ദ്ദനന്‍
ചെയര്‍മാന്‍ കണ്‍വീനര്‍,
സുഹൃദ്‌സമിതി

Categories: Updates