കേരളവികസനം എല്ലാവരുടെയും മുദ്രാവാക്യമാണെങ്കിലും വികസനകാഴ്ചപ്പാട് എല്ലാവര്‍ക്കും ഒരുപോലെയല്ല. സാധാരണ ജനങ്ങളുടെ അടിസ്ഥാനജീവിതാവശ്യങ്ങള്‍ സുസ്ഥിരമായി നിറവേറ്റപ്പെടുന്നതാവണം വികസനമെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കും. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും വികസനത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനുവേണ്ടി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത് എന്നത് പലപ്പോഴും വിലയിരുത്താറില്ല. അതുകൊണ്ടുതന്നെ ദേശീയപാതാവികസനരംഗം മിക്കപ്പോഴും സംഘര്‍ഷമുഖരിതമാകാറുണ്ട്.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും കുറഞ്ഞ ഭൂലഭ്യതയും പാരിസ്ഥിതിക പ്രത്യേകതകളും ദേശീയപാതാവികസനത്തില്‍ അവഗണിക്കപ്പെടുന്ന കാര്യങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം കേരളത്തിലെ തെക്കുവടക്ക് യാത്ര സൗകര്യപ്രദമാക്കാന്‍ റെയില്‍ ഗതാഗതവും കിഴക്കുപടിഞ്ഞാറ് യാത്രയ്ക്ക് റോഡുഗതാഗതവുമായിരിക്കും അനുയോജ്യം. ഇതിനര്‍ഥം തെക്കുവടക്ക് ദേശീയപാത ആവശ്യമില്ല എന്നല്ല – ദേശീയപാതാവികസനം കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥകൂടി പരിഗണിച്ചുകൊണ്ടുള്ളതാകണമെന്നാണ്. സ്വകാര്യവാഹന പെരുപ്പത്തിനനുസരിച്ച് റോഡുവികസിപ്പിക്കുക എന്നത് പ്രായോഗികമല്ല. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനാകണം മുന്‍ഗണന. പൊതുഗതാഗത സൗകര്യവികസനത്തിന്റെ ഭാഗമായി പാതകള്‍ വികസിപ്പിക്കുമ്പോഴും, പുതിയ പാതകളും ഫ്‌ളൈഓവറുകളും ആസൂത്രണം ചെയ്യുമ്പോഴും ചെലവ്, പരിസ്ഥിതി ആഘാതം, സുസ്ഥിരത എന്നിവ പ്രത്യേകം പരിഗണിക്കണം. ലഭ്യമായ എല്ലാ ബദല്‍ സാധ്യതകളും പരിശോധിക്കുകയും വേണം. ഇത്തരം വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും സുപ്രധാന പരിഗണന നല്‍കുകയും വേണം.
അതോടൊപ്പം, ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത്, അത് ജനങ്ങളില്‍ അടിച്ചേല്പിക്കാതെ, എല്ലാവിഭാഗം ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള വിപുലമായ സംവാദങ്ങളിലൂടെ, അവരെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുവേണം ഏത് പദ്ധതികളും നടപ്പാക്കേണ്ടത്.
ഈ പൊതു സമീപനത്തിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ബദല്‍ സാധ്യതകളാണ് ഈ ലഘുലേഖ മുന്നോട്ടുവയ്ക്കുന്നത്.

Categories: Updates