തൃശൂര്‍: കേരളത്തിലെ പ്രകൃതിവിഭവങ്ങളേയും മനുഷ്യരേയും വിറ്റുതുലയ്ക്കുന്നഎമര്‍ജിങ്ങ് കേരളക്കെതിരെ തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ ജനകീയകൂട്ടായ്മ ശക്തമായ താക്കീതു നല്‍കി. മാഫിയകള്‍ക്ക് നാടിനെ തീറെഴുതുന്ന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധപ്രകടനത്തോടെയാണ് കൂട്ടായ്മക്ക് തുടക്കമായത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. തെക്കേ ഗോപുരനടയില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ ആയിരത്തഞ്ഞൂറോളംപേര്‍ പങ്കെടുത്തു.
പ്രശസ്ത, സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ കേരളത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ എം കെ പ്രസാദ് അധ്യക്ഷനായി. സി പി നാരായണന്‍, വി എസ് വിജയന്‍, വി എസ് സുനില്‍കുമാര്‍ എം എല്‍ എ, എം പി പരമേശ്വരന്‍, കെ ടി രാധാകൃഷ്ണന്‍, ടി കെ ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ സമീപനരേഖ അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വൈശാഖന്‍ സ്വാഗതം പറഞ്ഞു.
ഉച്ചക്ക് ശേഷം ചേര്‍ന്ന ഏഴ് സെഷനുകളില്‍ പശ്ചാത്തലമേഖല, കൃഷിയും അനുബന്ധമേഖലകളും, സംസ്കാരം, ചെറുകിട-അസംഘടിത മേഖല, സേവന മേഖല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലകള്‍, ശാസ്ത്രസാങ്കേതിക മേഖല, ജനകീയ സമരാനുഭവങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്ക് പ്രൊഫ. വി കെ ദാമോദരന്‍, ഡോ. ആര്‍ വി ജി മേനോന്‍, കെ പി രാജേന്ദ്രന്‍, ഡോ. ജിജു പി അലക്സ്, ഡോ. കെ പി മോഹനന്‍, ഡോ. കെ എന്‍ ഗണേഷ്, പ്രൊഫ. പി കെ രവീന്ദ്രന്‍, ഡോ. കെ പി കണ്ണന്‍, ശശീന്ദ്രന്‍ സി കെ, സണ്ണി കപിക്കാട്, ടി ഗംഗാധരന്‍, ഡോ. ബി ഇക്ബാല്‍, ടി ആര്‍ ചന്ദ്രദത്ത്, ഡോ. സി ടി എസ് നായര്‍, ഡോ. എം പി പരമേശ്വരന്‍, ജാസ്മിന്‍ ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമാപനസമ്മേളനത്തില്‍ പരിഷത്ത് പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി കെ ദേവരാജന്‍ സമ്മേളന പ്രഖ്യാപനം നടത്തി. ഡോ. തോമസ് ഐസക്, എന്‍ കെ പ്രേമചന്ദ്രന്‍, ബി ആര്‍ പി ഭാസ്കര്‍, വി എസ് സുനില്‍കുമാര്‍, വി ടി ബല്‍റാം, ഡോ. ആര്‍ വി ജി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി പി ശ്രീശങ്കര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് അഡ്വ. രവിപ്രകാശ് നന്ദിയും പറഞ്ഞു.
Categories: Updates