എസ്.എസ്.എല്‍.സി ഗണിതപരീക്ഷാ ചോദ്യപ്പേപ്പറിലെ അപാകങ്ങളും അത് തയ്യാറാക്കിയതിലെ ക്രമക്കേടും മൂലം പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നിന്നും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ നിന്നും വ്യാപകമായി വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന് ഈ തീരുമാനമെടുക്കേണ്ടിവന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു തീരുമാനം സാധ്യമല്ലെന്ന് പരിഷത്ത് കരുതുന്നു.
കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം കുറിച്ചത് 1997-98 ലാണ്. ആ പരിഷ്കരണം 12-ാം ക്ലാസ്സുവരെയുള്ള മുഴുവന്‍ സ്കൂള്‍ കാലഘട്ടത്തിലേക്കും വ്യാപിച്ചുകഴിഞ്ഞു. പാഠ്യപദ്ധതിയോടൊപ്പം മൂല്യനിര്‍ണയവും സമഗ്രമായി പരിഷ്കരിക്കപ്പെട്ടതിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകളിലും മറ്റ് ക്ലാസ്സ്തല പരീക്ഷകളിലും ഈ മാറ്റം ദൃശ്യമായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ടെര്‍മിനല്‍ഘട്ടം എസ്. എസ്. എല്‍. എസി. യില്‍ നിന്നും 12-ാം ക്ലാസ്സായി മാറിയിരിക്കുന്നു, തുടര്‍ മൂല്യ നിര്‍ണയത്തിന് പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഇത്തരം മാറ്റങ്ങളൊന്നും പരിഗണിക്കാതെ ഇപ്പോഴും പത്താംക്ലാസ്സ് പരീക്ഷയ്ക്ക് അമിതമായ പ്രാധാന്യമാണ് വിദ്യാഭ്യാസവകുപ്പും പൊതുസമൂഹവും നല്‍കുന്നത്.
പഠനനേട്ടങ്ങളും ചോദ്യങ്ങളുടെ എണ്ണവും സമയവും സ്കോറും പ്രയാസത്തിന്റെ നിലവാരവുമെല്ലാം കണക്കിലെടുത്ത് ഡിസൈൻ തയ്യാറാക്കിയാണ് ചോദ്യപേപ്പർ ഉണ്ടാക്കേണ്ടത്. താഴ്ന്ന നിലവാരക്കാരെയും ശരാശരിക്കാരെയും ഉയർന്ന നിലവാരക്കാരെയും പരിഗണിക്കേണ്ടതുണ്ട്. ഓരോ പാഠഭാഗത്തിനും കൊടുത്തിട്ടുള്ള വെയിറ്റേജും പാലിക്കേണ്ടതുണ്ട്.
ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് കഴിഞ്ഞ എസ്. എസ്. എൽ. സി. ഗണിതപരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. ഭൂരിഭാഗം ചോദ്യങ്ങളും സങ്കീർണമായിരുന്നു. ചോദ്യപേപ്പർ നിർമാണവും സൂക്ഷ്മപരിശോധനയും നടന്നതിന് ശേഷവും ഇത്രയും അപാകങ്ങൾ ഉണ്ടായിട്ടുള്ളത് കാര്യങ്ങൾ വളരെ ലാഘവത്തോടെ കണ്ടതിന്റെ പരിണതഫലമാണ്. പതിനൊന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള സഹായിയായി മാത്രം മാറേണ്ട പത്താംക്ലാസ് പരീക്ഷയ്ക് അമിതപ്രാധാന്യമാണ് വിദ്യാഭ്യാസവകുപ്പ് നല്കുന്നത്. അതിന്റെ ചോദ്യം തയ്യാറാക്കല്‍, സൂക്ഷിപ്പ്, വിതരണം, മൂല്യനിര്‍ണയപ്രക്രിയ എന്നിവ വന്‍തയ്യാറെടുപ്പോടെയും വലിയ പണച്ചെലവോടുകൂടിയുമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂള്‍തലത്തിന്റെ ടെര്‍മിനല്‍ ഘട്ടമായ 12-ാം ക്ലാസ് പരീക്ഷക്കാകട്ടെ, ഇത്രയേറെ ശ്രദ്ധയും പരിഗണനയും കിട്ടുന്നില്ല താനും. ഇതിന്റെയെല്ലാം ഭാഗമായി വേണം ഇപ്പോഴുണ്ടായ ചോദ്യപ്പേപ്പര്‍ പ്രശ്നത്തെ നോക്കിക്കാണാന്‍. വര്‍ഷാന്ത്യത്തില്‍ നടത്തുന്ന ഒരൊറ്റ പരീക്ഷകൊണ്ട് കുട്ടികളുടെ ഭാവി നിര്‍ണയിക്കുകയും അവരെ മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതിന് പകരം തുടര്‍മൂല്യനിര്‍ണയത്തിന്റെ പ്രാധാന്യം ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധിപ്പിക്കുകയും സുതാര്യമായ രീതിയില്‍ തയ്യാറാക്കുന്ന ചോദ്യബാങ്കുകളില്‍നിന്ന് തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതായിരിക്കും ശാസ്ത്രീയം. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരായ അധ്യാപകരുടെ കൂട്ടായ്മയിലൂടെയാണ് ഇത്തരം ചോദ്യബാങ്കുകള്‍ തയ്യാറാക്കേണ്ടത്. ക്ലാസ്സ്റൂം അനുഭവമില്ലാത്ത വിദഗ്ധരുടെ പാണ്ഡിത്യ പ്രകടനത്തിനും സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പണമുണ്ടാക്കുന്നതിനുള്ള ഉപാധിയായും പരീക്ഷകള്‍ മാറുന്ന വര്‍ത്തമാനകാലപ്രവണതയെ നിരുത്സാഹപ്പെടുത്തുന്ന തരത്തില്‍ തുടര്‍മൂല്യനിര്‍ണയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച് പരീക്ഷകളെ പുനഃസംഘടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

പ്രസിഡണ്ട് ജനറല്‍സെക്രട്ടറി
കെ.പി.അരവിന്ദന്‍ പി.മുരളീധരന്‍

Categories: Updates