കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള വ്യാപകമായി നടത്തുന്ന വേണം മറ്റൊരു കേരളം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നു കലാജാഥകള്‍ കാസര്‍കോട് ജില്ലയിലെ മുന്നാട്, ഇടുക്കിയിലെ പൈനാവ്, പത്തനംതിട്ടജില്ലയിലെ വടശ്ശേരിക്കര എന്നിവടങ്ങളില്‍ നിന്ന് പ്രയാണമാരംഭിച്ചു. മുന്നാട് അംബികാസുതന്‍ മാങ്ങാട്, വടശ്ശേരിക്കര മുരുകന്‍ കാട്ടാക്കട, ഇടുക്കി പൈനാവില്‍ ആന്റണി മുനിയറ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. (ജാഥാ റൂട്ട് ഇതോടൊപ്പം താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന പി.ഡി.എഫ് ഫയില്‍ നിന്നും വായിക്കാം)

പൈനാവില്‍ ആവേശകരമായി തുടക്കം

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തുന്ന മധ്യമേഖലാജാഥയക്ക് പൈനാവില്‍ തുടക്കമായി. അന്തരിച്ച കവി മുല്ലനേഴിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന പരിപാടയോടെ തുടങ്ങുന്ന ജാഥയില്‍ സമകാലീന കേരളം നേരിടുന്ന സുപ്രധാന പ്രശ്നങ്ങള്‍ പ്രമേയമാക്കുന്ന നാടകങ്ങളും നാടന്‍ കലാരൂപങ്ങളും സംഗീതശില്പങ്ങളുമടങ്ങുന്ന പരിപാടികളുണ്ട്. മുല്ലപ്പെരിയാര്‍ മുദ്രാകാവ്യങ്ങളും ജാഥാംഗങ്ങള്‍ അവതരിപ്പിച്ചു. വിവിധ ജില്ലകളിലെ പര്യടനങ്ങള്‍ക്കുശേഷം ഡിസംബര്‍ 18ന് പാലക്കാട് സമാപിക്കും. കണ്ണുരില്‍ നിന്നുള്ള സാബു ക്യാപ്റ്റനും ആലുവ ശോഭന്‍ മാഷ് മാനേജരുമായുള്ള ജാഥയില്‍ മുന്നു വനിതകളടക്കം 14 പേര്‍ അംഗങ്ങളാണ്.
പൈനാവ് പൂര്‍ണിമ ആഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് കവിയും പത്രപ്രവര്‍ത്തകനുമായ ആന്റണി മുനിയറ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പരിഷത്ത് മുന്‍ പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ ജാഥാ വിശദീകരണം നടത്തി. തുടര്‍ന്ന് കലാജാഥാ പരിപാടികള്‍ അരങ്ങേറി. മാലിന്യമുക്ത പൈനാവ് കാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ചൂടാറാപ്പെട്ടി. ബയോഗ്യാസ് പ്ളാന്റ്, പുസ്തകങ്ങള്‍ എന്നിവയുടെ വില്പനയും പരിചയപ്പെടുത്തലും ഇതോടൊപ്പം സംഘടിപ്പിച്ചു.

Categories: Updates