കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ലോകപരിസരദിനമായ ജൂണ്‍ 5 ന്‌ `വേണം പശ്ചിമഘട്ടത്തെ ജീവനോടെതന്നെ’ എന്ന സന്ദേശവുമായി ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കും. ഗൃഹ സന്ദര്‍ശനത്തില്‍ പശ്ചിമഘട്ട സംരക്ഷത്തിന്റെ ആവശ്യകത വീട്ടുകാരുമായി പങ്കുവെയ്‌ക്കും. ഒപ്പം ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു കലണ്ടറും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും പ്രചരിപ്പിക്കും.
കേരളത്തിന്റെ നിലനില്‍പ്പിനാധാരമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഓരോ കേരളീയന്റെയും കടമയും ഉത്തരവാദിത്തവുമാണ്‌. പശ്ചിമഘട്ടം തകര്‍ച്ചയെ നേരിടുന്നു എന്നതും അത്‌ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌ എന്നതും പശ്ചിമഘട്ടസംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവിധ റിപ്പോര്‍ട്ടുകളും വിവിധ രാഷ്‌ട്രീയ – സാമൂഹ്യ സംഘടനകളും കേരള സര്‍ക്കാരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. ഇന്ന്‌ വന്നിട്ടുള്ള വിവിധ നിര്‍ദ്ദേശങ്ങളെ പരിശോധിച്ചുകൊണ്ടും ജനപങ്കാളിത്തത്തോടെയും സമഗ്ര പശ്ചിമഘട്ട പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇന്നത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കര്‍ഷകരോ പരിസ്ഥിതി സംരക്ഷണ രീതികളോ അല്ല. പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും ഭൂമിയെ കൈയേറാന്‍ പ്രേരിപ്പിക്കുന്നതും ശാസ്‌ത്രീയമായ ഭൂവിനിയോഗത്തെ തകിടംമറിക്കുന്നതുമായ വികസന നയമാണ്‌. ഇന്നത്തെയും നാളത്തെയും തലമുറകളുടെ നിലനില്‍പ്പിനാവശ്യമായ പ്രകൃതിവിഭവങ്ങളെ ഏതാനും പേര്‍ കവര്‍ന്നെടുക്കുകയും അവര്‍ പ്രചരിപ്പിക്കുന്ന വികസന അജണ്ട പരിപോഷിപ്പിക്കുന്നതുമായ ഇന്നുള്ള വികസന നയം മാറ്റുക എന്നത്‌ അനിവാര്യമാണ്‌. ഒപ്പം പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തില്‍ സാമൂഹ്യ നിയന്ത്രണം ഉണ്ടാവുകയും വേണം.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഇരുപത്തിയഞ്ച്‌ ശതമാനത്തിലധികം ഭൂമികൈമാറ്റത്തില്‍ നിന്നും, നിര്‍മ്മാണ മേഖലയില്‍ നിന്നുമാണ്‌. ഇത്‌ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പശ്‌ചിമഘട്ടത്തെ സംരക്ഷിക്കാനാവില്ല. ഇത്‌ ഹ്രസ്വകാല വളര്‍ച്ച മാത്രമാണ്‌. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തിന്‌ പൊതുവിലും പശ്ചിമഘട്ടനിവാസികള്‍ക്ക്‌ പ്രത്യേകിച്ചും ദോഷകരമാണിത്‌. കേരളം ഇന്ന്‌ പിന്തുടരുന്ന വികസന നയങ്ങളാവട്ടെ ന്യൂനപക്ഷത്തെ അതിസമ്പന്നരാക്കുന്ന ആഗോളവല്‌കൃത സാമ്പത്തികക്രമം ആവശ്യപ്പെടുന്നതും മുതലാളിത്തത്തിന്‌ പ്രിയപ്പെട്ടതുമാണ്‌. പശ്ചിമഘട്ടസംരക്ഷണം എന്നത്‌ ഈ വികസന ശൈലികളോടുള്ള എതിര്‍പ്പ്‌ കൂടിയാണ്‌. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൊതുസമീപനം മുതലാളിത്ത വിരുദ്ധവും ജനപങ്കാളിത്തമുറപ്പാക്കി വിഭവങ്ങളുടെ മേല്‍ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുന്നതിന്‌ ഊന്നല്‍ നല്‍കുന്നതുമാണ്‌. ഈ പൊതുദിശ അംഗീകരിക്കുകയും സൂക്ഷ്‌മതല വിശദാംശങ്ങളിലുള്ള വിയോജിപ്പുകള്‍ ജനങ്ങളുമായി സംവദിച്ച്‌ അനുഗുണമാക്കുകയും ചെയ്യണം. ഇത്തരത്തില്‍ രൂപപ്പെടുത്തുന്ന സമീപനങ്ങളും കര്‍മ്മപരിപാടികളുമടങ്ങുന്ന സമഗ്ര പശ്ചിമഘട്ട സംരക്ഷണ പരിപാടി നടപ്പിലാക്കുകയുമാണ്‌ വേണ്ടത്‌.

Categories: Updates