വയനാട് ജില്ലയില്‍ ബഹുനിലകെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. നിയന്ത്രണം വന്നാല്‍ത്തന്നെ ജില്ലയില്‍ നഗരാതിര്‍ത്തി ക്കുള്ളില്‍ അഞ്ചുനിലമന്ദിരങ്ങള്‍ പണിയുന്നതിന് തടസ്സമില്ല. ഗ്രാമാതിര്‍ത്തിയില്‍ ഇത് മൂന്നു നിലകളായി ചുരുങ്ങും. ജില്ലയില്‍ ഏറ്റവും ദുര്‍ബലമായ പാരിസ്ഥിതികമേഖലയെന്ന് പറയാവുന്ന വൈത്തിരി പഞ്ചായത്തിലെ ലക്കിടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ളത്. ഇവിടെയും രണ്ടുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമില്ല. വയനാടിന്റെ പാരിസ്ഥിതികപ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഈ തീരുമാനം ശാസ്ത്രീയവും ജനോപകാരപ്രദവുമാണ്; ഒപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരവും. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടുതന്നെ പ്രകൃതിദുരന്തങ്ങള്‍ക്ക് വിധേയമാകുന്ന പ്രദേശമാണിത്. 1984 മുതല്‍ 2009 വരെയുള്ള കാലയളവില്‍ മാത്രം ഒമ്പതുതവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജില്ലയാണിതെന്നത് മറക്കാനാവില്ല. ഇവയില്‍ 1992ലെ പടിഞ്ഞാറെത്തറയി ലുണ്ടായ ഉരുള്‍പൊട്ടലില്‍ പന്ത്രണ്ട് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. ജില്ലയില്‍ 102.56 ച.കി.മീ സ്ഥലം ഉരുള്‍പൊട്ടല്‍സാദ്ധ്യതമൂലം വന്‍തോതില്‍ അപകടഭീഷണി നേരിടുന്ന പ്രദേശമാണ്. മൂന്ന് താലൂക്കുകളിലായി 215.35 ച.കി.മീ സ്ഥലം വെള്ളപ്പൊക്കം മൂലം ദുരന്തമുണ്ടാവാന്‍ സാദ്ധ്യതയുള്ള സ്ഥലമാണ്. ഇത് ആകെ ജില്ലാവിസ്തൃതിയുടെ പത്തുശതമാനം വരും. കാവുംമന്ദം വില്ലേജില്‍ എല്ലാവര്‍ഷവും വെള്ളപ്പൊക്കം ഉണ്ടാകുന്നതായി ഔദ്യോഗികരേഖകള്‍ പറയുന്നു.
പശ്ചിമഘട്ടത്തിന്റെ പല ഭാഗങ്ങളും അതീവപരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. ഇവിട ങ്ങളിലെ അശാസ്ത്രീയ മനുഷ്യഇടപെടല്‍ ഗുരുതരമായ പരിസ്ഥിതിനാശത്തിനും അതിലൂടെ ജീവനാശത്തിനും ഇടവരുമെന്ന് വിവിധ പഠനങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കിയി ട്ടുള്ളതാണ്. എന്നാല്‍ ഇതു വകവയ്ക്കാതെ വന്‍തോതില്‍ വനം നശിപ്പിച്ചും കുന്നിടിച്ചും മണ്ണെ ടുത്തുമാണ് ഇപ്പോഴത്തെ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നത്. വനനശീകരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നതനുസരിച്ച് മനുഷ്യ-വന്യമൃഗസംഘര്‍ഷങ്ങളും വര്‍ദ്ധിക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ അടുത്തകാലത്തായി കൂടിയിട്ടുണ്ടെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നാടിന്റെ തനിമ നഷ്ടപ്പെടുത്തി റിസോര്‍ട്ടുകളും അനധികൃതനിര്‍മാണങ്ങളും കയ്യേറ്റങ്ങളും നടക്കുന്നതാണ് ഈ ദുരന്തങ്ങളുടെ അടിസ്ഥാനകാരണം. വയലും ചതുപ്പും നികത്തുന്നതും പാരിസ്ഥിതികാപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അധികാരികള്‍ പലപ്പോഴും ഇതു കണ്ടില്ലന്നുനടിക്കുകയാണ് പതിവ്. ഇപ്പോള്‍ ദുരന്തം മുന്നില്‍ കണ്ട് നിയമാനുസൃതമായ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ഗുണപരമായ നടപടിയാണ് ജില്ലാകളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. എന്നാല്‍ കലക്ടറുടെ ഈ നടപടിയോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന ബഹു. മുഖ്യമന്ത്രിയുടെ നിലപാട് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. പശ്ചിമഘട്ടസംരക്ഷണത്തിനുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകളൊന്നും നടപ്പിലാക്കാതെ അവിടങ്ങളില്‍ പരിസ്ഥിതിനാശവും കയ്യേറ്റവും യഥേഷ്ടം അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പരിസരനാശവും ജീവനാശവും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു പ്രശ്‌നത്തില്‍ നിയമാനുസൃതമായ ചെറിയൊരു നടപടി ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായപ്പോള്‍ യാതൊരു അന്വേഷണവുമില്ലാതെ അതിനെതിരെ നിലപാടെടുക്കാനാണ് മുഖ്യമന്ത്രി തിടുക്കം കാട്ടിയത്. കേരളത്തിന്റെ നല്ല ഭാവിയെ സ്വപ്നം കാണുന്ന ഏവരെയും ഇത് ഉത്കണ്ഠപ്പെടുത്തും.
ദുരന്തനിവാരണസമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ജില്ലാഡിസാസ്റ്റര്‍ മാനേജ്‌മെന്റ്പ്ലാന്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വയനാടിനെയും പശ്ചിമഘട്ടത്തെയും സ്‌നേഹിക്കുന്ന എല്ലാവരും ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

ഡോ.കെ.പി.അരവിന്ദന്‍ പി.മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates