നിലവിലുള്ള ഖനനാനുമതികള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ തന്നെ നീട്ടി നല്‍കാനുള്ള കേരള വ്യവസായ വകുപ്പിന്റെ GO No : 5/2014/ID dt 10/01/14 എന്ന ഉത്തരവ്‌ ദുരുപദിഷ്ടവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതുമാണ്‌.
5 ഹെക്‌ടറില്‍ താഴെ വിസ്‌തൃതിയുള്ള സ്വകാര്യ ക്വാറികളില്‍ നടക്കുന്ന ഖനനങ്ങള്‍ക്ക്‌ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ട എന്ന്‌ പറയുന്നതിന്റെ യുക്തി കേരളത്തില്‍ വര്‍ദ്ധിച്ച്‌ വരുന്ന നിര്‍മാണാവശ്യങ്ങള്‍ ആണ്‌ എന്ന വ്യവസായ വകുപ്പിന്റെ കണ്ടെത്തല്‍ സാമാന്യബോധത്തിനു നിരക്കുന്നതല്ല. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിക്ക്‌ ദോഷം ചെയ്യാത്ത വിധത്തില്‍ ശാസ്‌ത്രീയമായ വിഭവ ഓഡിറ്റിങ്ങിലൂടെ ഖനനം ചെയ്യാന്‍ കഴിയുന്ന അളവ്‌ നിശ്ചയിക്കുകയും ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ നേരിട്ട്‌ ഖനനം ചെയ്യിക്കുകയുമാണ്‌ വേണ്ടത്‌. നിലവിലുള്ള നിയന്ത്രണങ്ങള്‍ പോലും എടുത്ത്‌ കളഞ്ഞ്‌ ഖനനാനുമതി നല്‍കുന്നത്‌ സ്വകാര്യ മാഫിയക്ക്‌ കൊള്ളലാഭം ഉണ്ടാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുവാനേ സഹായിക്കൂ. അനിയന്ത്രിതമായ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ചുള്ള വിഭവകയ്യേറ്റങ്ങള്‍ക്ക്‌ പകരം വിഭവലഭ്യതക്കനുസരിച്ചുള്ള ആസൂത്രണവും നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ്‌ കേരളത്തില്‍ നടക്കേണ്ടത്‌. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തില്‍ ഇന്നുള്ള പരിമിതമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ പോലും ഒഴിവാക്കുന്ന പ്രസ്‌തുത സര്‍ക്കാര്‍ ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

Categories: Updates