മുക്കുറ്റിപ്പൂവിനും ഒരാകാശമുണ്ടെന്നും ചോണനുറുമ്പിന് വഴിയിൽ കാണും കല്ലൊരു പർവതമാകുന്നുവെന്നും ഉയരെപ്പാറും കഴുകനു പാടം പച്ചക്കമ്പളമായി തോന്നുമെന്നുമുള്ള ലളിതമായ ആഖ്യാനങ്ങളിലൂടെ സാധാരണ പ്രകൃതി പാഠങ്ങൾ മുതൽ ആപേക്ഷികത പോലെ വലിയ ശാസ്ത്രതത്വങ്ങൾ വരെ കവിതയിലേക്ക് ഹൃദ്യമായി സന്നിവേശിപ്പിച്ച കവിയാണ് പി.മധുസൂദനൻ. നമ്മുടെ ചെറിയ വട്ടങ്ങളിൽ നിന്നു തുടങ്ങി പ്രപഞ്ചത്തിന്റെ അതിരുകളന്വേഷിക്കാൻ, സകല ചരാചരങ്ങളിലുമുള്ള പാരസ്പര്യം തിരിച്ചറിയാൻ, അങ്ങനെ പലതിനും പ്രേരിപ്പിക്കുന്ന വരികളിലൂടെ വായനക്കാരിൽ ശാസ്ത്രബോധമുറപ്പിക്കാൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച, ബാലസാഹിത്യത്തിനും മലയാള കവിതയ്ക്കും നിസ്തുല സംഭാവനകൾ നല്കിയ പി.മധുസൂദൻ വിട പറഞ്ഞിരിക്കുന്നു. മലയാള ഭാഷയും മലയാളിയുടെ നവോത്ഥാന പാരമ്പര്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രിയ കവിയുടെ അകാല വിയോഗം കനത്ത നഷ്ടമാണ്.
വേദനയോടെ വിട!
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദരാഞ്ജലികള്‍

Categories: Updates