ശാസ്ത്രീയമായ കാഴ്ചപ്പാടുകളോ ജനാധിപത്യപരമായ ചര്‍ച്ചകളോ കൂടാതെ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ തീരുമാനങ്ങളും കേരളീയ പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കെത്തിക്കുന്നതില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നു.

പുതിയ അധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ ലഭ്യമാവാതെ സങ്കീര്‍ണ്ണമാവാന്‍ പോകുന്നുവെന്ന് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അവധിക്കാലങ്ങളില്‍ തന്നെ പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ എത്തിക്കുന്ന പതിവ് സങ്കുചിത താല്‍പ്പര്യങ്ങളുടെയും ആസൂത്രണമില്ലായ്മയുടെയും ഫലമായാണ് താറുമാറായിരിക്കുന്നത്. കേരള സര്‍ക്കാര്‍ അംഗീകരിച്ച പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അവഗണിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവിടെ പുസ്തകക്കച്ചവടം നടത്തുന്നവര്‍ക്കുമാണ്നടപടി ഗുണം ചെയ്യാന്‍ പോകുന്നത്.

പ്രവര്‍ത്തനോന്മുഖമായ പാഠ്യപദ്ധതി നിലവില്‍വന്ന കാലം മുതലേയുള്ള മുറവിളിയാണ് നിലവിലുള്ള പിരീഡുകളുടെ സമയം കൂട്ടണമെന്നുള്ളത്. എന്നാല്‍ പിരീഡുകളുടെ സമയം വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. കലാകായിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. എന്നാല്‍ മതിയായ മുന്നൊരുക്കമോ ആവശ്യമായ തസ്തികകളോ അധ്യാപകരെയോ ഒരുക്കാതെ നടത്തുന്നപരിഷ്‌കാരവും നിലവിലുള്ള പഠനസമയത്തെ ചുരുക്കാനും അലങ്കോലപ്പെടുത്താനുമേ സഹായിക്കൂ.

അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ അമിതമായ താല്‍പര്യം കാണിക്കുന്ന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ തകര്‍ത്ത് തരിപ്പണമാക്കുകയാണ്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍തന്നെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് വേലിതന്നെ വിളവ് തിന്ന് നശിപ്പിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും ഇത്തരം നടപടികളെ ചെറുത്തുകൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രംഗത്തിറങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

ഡോ.കെപി. അരവിന്ദന്‍, പ്രസിഡണ്ട്

പി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി

Categories: Updates