മന്ത്രിസഭാതീരുമാനങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മീഷന്റെ തീര്‍പ്പിനെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.
ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് നിയമത്തിന്റെ അന്തസ്സത്തയ്ക്കും ജനാധിപത്യത്തിലെ സുതാര്യത്യക്കും ചേര്‍ന്ന നടപടിയല്ല. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സുതാര്യമായിരിക്കണം എന്ന അടിസ്ഥാനമാണ് വിവരാവകാശനിയമത്തിന്റെ അന്തസ്സത്ത. രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതുമായ വിവരങ്ങളും രേഖകളും മാത്രമാണ് നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദമായ പല തീരുമാനങ്ങളും മന്ത്രിസഭ അറിഞ്ഞുകൊണ്ട് തന്നെ എടുത്ത തീരുമാനങ്ങളാണോ എന്നറിയാനുള്ള പൗരന്റെ അവകാശത്തെ സര്‍ക്കാര്‍ തന്നെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ വിവരാവകാശകമ്മീഷന്‍ മന്ത്രിസഭാതീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ അപ്പീലുകളിലൂടെ നിര്‍ദേശിച്ചിട്ടുള്ളത്. ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങളാണ് പരമാധികാരി. അവര്‍ വോട്ടുചെയ്താണ് അവര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രസ്തുത സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അറിയാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്.
ആയതിനാല്‍ ജനാധിപത്യത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിച്ച് മുഖ്യ വിവരാവകാശ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

ഡോ.കെ.പി. അരവിന്ദന്‍
പ്രസിഡണ്ട്
പി. മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Categories: Updates