അന്താരാഷ്ട്ര രസതതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി പരിഷത് സംഘടിപ്പിച്ചുവരുന്ന ശാസ്ത്രക്ലാസ്സുകള്‍ ലക്ഷ്യമിട്ടത്രയും പൂര്‍ത്തീകരിക്കുവാന്‍ ജൂലൈ 9, 10 തീയതികളില്‍ നടന്ന കേന്ദ്രനിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. സാമൂഹ്യ നീതിയിലും സുസ്ഥിരതയിലും അടിസ്ഥാനപ്പെടുത്തിയ കേരള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ച്, ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന വികസന ക്യാമ്പയിന്‍ സംബന്ധമായ വിശദാംശങ്ങളും സെപ്റ്റംബറില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ വിശദാംശങ്ങളും യോഗം ചര്‍ച്ച ചെയ്തു.

രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി ജൂലൈ 4 ന് മാഡം ക്യൂറി ദിനത്തില്‍ ആരംഭിച്ച ശാസ്ത്രക്ലാസ്സുകള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിജയകരമായി നടക്കുന്നതായി വിലയിരുത്തി. ഒരു പരിഷത് യൂണിറ്റില്‍ കുറഞ്ഞത് 10 ക്ലാസ്സുകള്‍ എന്ന രൂപത്തില്‍ ആ ക്ലാസ്സുകള്‍ കേരളത്തിലൂടനീളം നടത്താനും അതുവഴി “ശാസ്ത്രം തെരുവില്‍ ചര്‍ച്ച ചെയ്യുക” എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന്റെ വിശദമായ രൂപരേഖയും യോഗം തയ്യാറാക്കി. ക്ലാസ്സുകളുടെ ഭാഗമായി നടത്തിവരുന്ന ശാസ്ത്രപുസ്തക പ്രചരണം ഊര്‍ജ്ജിതമാക്കാനും ഇന്ത്യന്‍ രസതന്ത്രജ്ഞനായ പി.സി റേ ദിനമായ ആഗസ്റ്റ് 2 വരെ പുസ്തക പ്രചരണം നടത്താനും തീരുമാനിച്ചു.

ഒക്ടോബറില്‍ ആരംഭിക്കുന്ന കേരള വികസന സംബന്ധമായ ക്യാമ്പയിനെ മുന്‍ നിറുത്തി, കേരളത്തിലെ വികസന -രാഷ്ട്രീയ – സാസ്കാരിക പ്രശ്നങ്ങളെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്തെ, ആഗോളവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിക്കൊണ്ടുള്ള ഉള്ളടക്കമായിരിക്കും ഇത്തവണത്തെ പരിഷത് പ്രവര്‍ത്തക ക്യാമ്പിനുണ്ടാകുക. ഈ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ വികനമേഖലകളെ അവലോകനം ചെയ്തുകൊണ്ടുള്ള 20 ലഖുലേഖകള്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പരിഷത് മേഖലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍, ജെന്‍ഡര്‍, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ വിഷയമേഖലകളിലേതിലെങ്കിലും ഓരോന്നില്‍ വീതം സൂഷ്മതല ഇടപെടലുകള്‍ക്കുതകുന്ന പ്രവര്‍ത്തനങ്ങളും മാതൃകകളും സൃഷ്ടിക്കുകയും ചെയ്യും. ഈ ക്യാമ്പയിന്റെ ഭാഗമായുള്ള സെമിനാറുകള്‍ കലാജാഥ, പദയാത്ര, ഭവനസന്ദര്‍ശനം തുടങ്ങിയ വിവിധ പരിപാടികളുടെ വിശദാംശങ്ങള്‍ക്ക് പ്രവര്‍ത്തകക്യാമ്പില്‍ അന്തിമരൂപം നല്‍കും.

Categories: Updates