വികസനസംഗമം: പ്രദര്‍ശനവും പ്രീകോണ്‍ഫറന്‍സും ഇന്നു (29.04.13) മുതല്‍; ഉദ്ഘാടനം നാളെ (30.04.13)
    
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ പ്രീകോണ്‍ഫറന്‍സും സുസ്ഥിര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കും.    
ഉച്ചതിരിഞ്ഞ് ഒന്നരമണിക്ക് ഊര്‍ജസംരക്ഷണം, മാലിന്യ സംസ്‌കരണം ജല സംരക്ഷണം തുടങ്ങിയവയിലെ നൂതനമാതൃകകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് ഡോ. കെ. പി. കണ്ണന്റെ അധ്യക്ഷതയില്‍ സംഗമത്തില്‍ അവതരിപ്പിക്കുന്ന പൊതു സമീപന രേഖ ചര്‍ച്ച ചെയ്യുന്ന പ്രീകോണ്‍ഫറന്‍സ് നടക്കും.
നാളെ (ഏപ്രില്‍ 30 )  രാവിലെ 10 ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ആഡിറ്റോറിയത്തില്‍ പ്രൊഫ. മാധവ്  ഗാഡ്ഗില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.പി.കണ്ണന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ ഡോ. വെങ്കിടേഷ് ആത്രേയ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസര്‍ ടി. പി. കുഞ്ഞിക്കണ്ണന്‍ സമീപന രേഖ അവതരിപ്പിക്കും. സി.പി.നാരായണന്‍ എം.പി., എം.എല്‍.എ. മാരായ ഡോ.തോമസ് ഐസക്, വി.ഡി.സതീശന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, ഡോ.വി.എസ്.വിജയന്‍ എന്നിവര്‍ സമീപനരേഖയോട് പ്രതികരിച്ചു സംസാരിക്കും. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ.ദേവരാജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.എസ്.രാജശേഖരന്‍ നന്ദിയും പറയും,
 ഉച്ചതിരിഞ്ഞ് ഭക്ഷ്യ സുരക്ഷ, പ്രകൃതി  സുരക്ഷ, ജലസുരക്ഷ, ഊര്‍ജം, ഗതാഗതം, ഉപജീവനസുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴു സെമിനാറുകള്‍ നടക്കും. വൈകിട്ട് അഞ്ചിന് കൃഷി, മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവ സംബന്ധിച്ച് കേരളത്തിലെ വിവിധ വികസന മാതൃകകള്‍ അവതരിപ്പിക്കുന്ന സെഷന്‍ സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുംവി. ശിവന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അംബു അവതരിപ്പിക്കുന്ന മത്സ്യഗന്ധി  നാടകം അരങ്ങേറും.
മേയ് ഒന്നിന് നെല്ലുത്പാദനം, ധാന്യേതരവിളകളുടെ ഉത്പാദനം, പാലുത്പാദനം-കേരളത്തിന്റെ സാധ്യതകള്‍, മാംസം-മുട്ട-മത്സ്യോത്പാദനം, കാര്‍ഷിക ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാര്‍ഷിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും പരിസ്ഥിതിയും, വനപരിസ്ഥിതിയിലെ മാറ്റങ്ങളും അതിജീവനസാധ്യതകളുംഖനനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ജലസ്രോതസ്സുകളുടെ മാറ്റങ്ങള്‍, ജലവിതരണ രംഗത്തെ പ്രവണതകള്‍, റോഡ് ഗതാഗതം, റെയില്‍-ജല ഗതാഗതം, ഊര്‍ജ ഉത്പാദനവും സംരക്ഷണവും: കേരളത്തിന്റെ സാധ്യതകള്‍, കാര്‍ഷികമേഖലയുടെ നവീകരണവും പുതിയ തൊഴില്‍ സാധ്യതകളും, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികീകരണവും തൊഴില്‍ സാധ്യതകളും, അസംഘടിതമേഖലയും തൊഴില്‍ രംഗവും, ഐ.ടിയും  തൊഴില്‍ സാധ്യതകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ശില്പശാലകള്‍ നടക്കും.
നാനൂറു പേര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി നുറ്റിമുപ്പതു വിദഗ്ധര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.  
മേയ് ഒന്നിന് വൈകിട്ട് 3.45 ന് സമാപനസമ്മേളനത്തില്‍  പരിഷത്ത് പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ. ആര്‍.വി.ജി. മേനോന്‍, എം. എല്‍.എ മാരായ എം.എ. ബേബി, കെ.മുരളീധരന്‍, മുന്‍മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കുട്ടി അഹമ്മദ് കുട്ടിഎന്നിവര്‍ പങ്കെടുക്കും,

Categories: Updates