നരേന്ദ്രധാബോല്‍ക്കറിനും ഗോവിന്ദ് പന്‍സാരെക്കും ശേഷം യുക്തിചിന്തകനും ശാസ്ത്ര പ്രചാരകനുമായ പ്രൊഫസര്‍ കല്‍ബുര്‍ഗിയെ വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ വെടിവച്ചു കൊന്നിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ലളിതമായ ഭാഷയിലൂടെ യുക്തിചിന്തയും ശാസ്ത്രബോധവും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ മൂന്നുപേരും ചെയ്ത കുറ്റകൃത്യം. ആശയപ്രചാരകരെ ആയുധങ്ങള്‍ക്കിരയാക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. അത് തുടരുകതന്നെ ചെയ്യുമെന്ന് അവര്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ധബോല്‍ക്ക റുടെ ഘാതകരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കാനാകാത്തത് ഇവരുടെ വീര്യം വര്‍ധിപ്പിക്കുന്നു. കല്‍ബുര്‍ഗിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കാലതാമസമുണ്ടാകുന്നത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് പക്ഷപാതിത്തമാണ് വെളിവാക്കുന്നത്.
അന്ധവിശ്വാസചൂഷണത്തിനെതിരായുള്ള നിയമനിര്‍മാണത്തിനായി ദീര്‍ഘനാളായി പ്രചരണം നടത്തിയിട്ടും മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചിട്ടും മതേതരജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരുകളുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ പോലുമായിട്ടില്ല. ഈ സാഹചര്യത്തില്‍ കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സമൂഹത്തില്‍ ശാസ്ത്രാവബോധം പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധപ്രചാരണങ്ങളിലും അണിനിരക്കണമെന്നും എല്ലാ ജനങ്ങളോടും ജനാധിപത്യപ്രസ്ഥാനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

ഡോ.കെ.പി.അരവിന്ദന്‍
പ്രസിഡണ്ട്

പി.മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Categories: Updates