പരിസ്ഥിതിലോലമേഖലയിലെ നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ലംഘിക്കരുത്

വന്യജീവിസങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതിലോലമേഖലാപരിധി കുറഞ്ഞത് ഒരു കിലോമീറ്ററായി നിജപ്പെടുത്തിയ സുപ്രീം കോടതി വിധി കഴിഞ്ഞ ഇരുപത് വർഷമായി ഇക്കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം തൽക്കാലം നീക്കുന്നു. എങ്കിലും ഈ മേഖലയിൽ നടത്താവുന്ന നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് കോടതി വിധി ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. ഈ ആശങ്കകൾ ദൂരീകരിക്കേണ്ടത് വനത്തിലും വനാതിർത്തികളിലും താമസിച്ചുവരുന്ന ജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്.

കഴിഞ്ഞ രണ്ടുദശകമായി കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ പരിസ്ഥിതിലോലപ്രദേശങ്ങളുടെ അതിർത്തികൾ നിർണയിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി ഈ പ്രദേശങ്ങളുടെ പാരിസ്ഥിതിക-സാമൂഹികപ്രത്യേകതകൾ മനസ്സിലാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ അതിർത്തി നിർണയം നടത്തേണ്ടതുണ്ട്. ഇതിനുള്ള പരിപാലനമാർഗരേഖയുടെ പരിഷ്കരണവും അതിന്റെ നടപ്പാക്കലും നിർവഹിക്കേണ്ടതുണ്ട്. പരിസ്ഥിതിലോലപ്രദേശങ്ങളിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, ചുവപുലിസ്റ്റിൽപ്പെട്ട വ്യവസായങ്ങൾ, മരമില്ലുകൾ എന്നിവയ്ക്കുള്ള നിരോധനവും മറ്റുപ്രവൃത്തികൾക്കുള്ള നിയന്ത്രണവുമാണ് 2021ലെ മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്.

എന്നാൽ പുതിയ വിധിയിലെ 44 സെക്ഷനിൽ പരിസ്ഥിതിമേഖലയിൽ സ്ഥിരമായ നിർമാണപ്രവർത്തനങ്ങൾക്കുകൂടി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു. ഇത് ഇപ്പോൾ കോടതിവിധിപ്രകാരമുള്ള പരിസ്ഥിതിലോലമേഖലയിൽ താമസിക്കുന്ന കർഷകരും ആദിവാസികളും ഉൾപെടെയുള്ള സമൂഹങ്ങളുടെ ന്യായമായ വികസനാവശ്യങ്ങൾക്ക് തടസ്സം നിൽക്കുമെന്നതിനാൽ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തണമെന്നും വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോലമേഖലകൾ ശാസ്ത്രീയമായി നിർവചിച്ചുകഴിഞ്ഞാൽ മേഖലയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിലും അതിൽ അന്തിമതീരുമാനം എടുക്കുന്നതിലും വനാവകാശകമ്മിറ്റികൾക്കും അതാത് പ്രദേശത്തെ ഗ്രാമസഭകൾക്കും അധികാരവും ഉത്തരവാദിത്വവും ഉൾപ്പെടുത്തി ഉന്നതാധികാരസമിതിയെ പുനർനിർവചിക്കേണ്ടതുണ്ടെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് 59-ാം സംസ്ഥാനവാർഷികം കേരളസർക്കാരിനോട് ആവശ്യപ്പെടുന്നു.

Categories: Updates