ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കേരളസര്‍ക്കാര്‍ നിയോഗിച്ച ലബ്ബാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച്‌ പ്രവൃത്തി ദിനങ്ങളായി പുനഃക്രമീകരിച്ചിരിക്കുകയാണ്‌. അദ്ധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ്‌ ലബ്ബാ കമ്മിറ്റി ഇത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചത്‌. ശനിയാഴ്‌ച അവധിയാക്കി മറ്റു ദിവസങ്ങളിലെ അദ്ധ്യയന സമയം വര്‍ദ്ധിപ്പിക്കുന്നതിന്‌ മുമ്പായി ശാസ്‌ത്രീയമായ പഠനങ്ങളോ ഗൗരവമായ അന്വേഷണങ്ങളോ നടന്നിട്ടില്ല. പുതുതായി അംഗീകരിച്ച സമയമാറ്റം ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഏഴര മണിക്കൂര്‍ സമയമാണ്‌ കുട്ടി സ്‌ക്കൂളില്‍ ഉണ്ടാകേണ്ടത്‌. ഇതിനിടയില്‍ 5 മിനിട്ട്‌ വീതമുള്ള രണ്ട്‌ ഇടവേളകളും 35 മിനിട്ട്‌ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയുമാണ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. 10 പിരീഡുകളിലായി ആറര മണിക്കൂര്‍ സമയം കുട്ടി ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇത്‌ ഉയര്‍ത്തുന്ന ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രശ്‌നങ്ങള്‍ എവിടെയും ചര്‍ച്ചയാകുന്നില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ, സഹപാഠികളുമായി സൗഹൃദം പങ്ക്‌ വെയ്‌ക്കുന്നതിനോ, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനോ ഉള്ള അവസരം പുതിയ സമയക്രമം നിഷേധിക്കുന്നു. മാത്രമല്ല വിദ്യാഭ്യാസം കുട്ടിക്ക്‌ വേണ്ടിയുള്ളതോ അധ്യാപകര്‍ക്ക്‌ വേണ്ടിയുള്ളതോ എന്ന ചോദ്യവും ഈ സമീപനം ഉയര്‍ത്തുന്നു. കുട്ടിക്ക്‌ സ്വതന്ത്രവും സൗഹാര്‍ദ്ദപരവുമായ ഒരു പഠനാന്തരീക്ഷം ഒരുക്കുന്നതിന്‌ ഇപ്പോള്‍ വന്ന സമയമാറ്റം ഒരു തരത്തിലും ഗുണകരമാവില്ല. ബോധനരംഗത്തും പഠനരംഗത്തും കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന സമയമാറ്റം പുനഃപരിശോധിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. നിലവിലുള്ള സിലബസ്‌, അതിന്റെ വിനിമയം, അതിനാവശ്യമായ സമയം, കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ എന്നിവ ശാസ്‌ത്രീയമായി പരിശോധിച്ച്‌ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുവരെയും, അത്‌ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്‌ വരെയും ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കി 220 അദ്ധ്യയന ദിനങ്ങള്‍ ഉറപ്പ്‌ വരുത്തണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള സര്‍ക്കാറിനോട്‌ ആവശ്യപ്പെടുന്നു.

Categories: Updates