കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

സുസ്ഥിരവികസനം സുരക്ഷിതകേരളം ജനകീയക്യാമ്പയിന്‍- 2018 ഒക്ടോബര്‍-നവംബര്‍

സുസ്ഥിരവികസനം സുരക്ഷിതകേരളം ജനകീയക്യാമ്പയിന്‍- 2018 ഒക്ടോബര്‍-നവംബര്‍

സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായത്. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിര്‍ത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിലും അത്തരമൊരു ജനകീയ മുന്‍കൈ രൂപപ്പെടേണ്ടതുണ്ട്.
ഈ സന്ദര്‍ഭത്തില്‍, കേരളത്തെ പുനര്‍നിര്‍മിക്കുകയല്ല പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ചുരുങ്ങിയ കാലംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാലപ്രവര്‍ത്തനങ്ങളും ദീര്‍ഘകാല നയങ്ങളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റര്‍പ്ലാന്‍ രൂപപ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ കണക്കിലെടുത്തുവേണം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍. ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. പുതുകേരള നിര്‍മാണത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം.
സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.
പുതിയ കേരള സൃഷ്ടിയില്‍ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാന്‍ പാടില്ല എന്നതും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളിലെ വിദ്ഗധരുമായി പലതവണ നടത്തിയ ചര്‍ച്ചകളിലൂടെയും കഴിഞ്ഞനാല് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനാനുഭവങ്ങളിലൂടെയും രൂപപ്പെടുത്തിയ നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പിച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ കേരളീയരുടെ സജീവ ചര്‍ച്ചയ്ക്ക് വിധേയമാകണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ സുസ്ഥിരവികസനം-സുരക്ഷിതകേരളം എന്നപേരില്‍ അതിവിപുലമായ ഒരു ജനകീയക്യാമ്പയിന് രൂപംനല്കിയിട്ടുള്ളത്. ജനസംവാദങ്ങളും സെമിനാറുകളും വികസനജനസഭകളും പദയാത്രകളും സംസ്ഥാനതലത്തിലുള്ള വാഹനജാഥകളും തെരുവരങ്ങുകളും എല്ലാം ചേര്‍ന്നതാണ് ക്യാമ്പയിന്‍.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344