പീച്ചി ക്യാമ്പിലെ മറ്റൊരു തീരുമാനമായിരുന്നു 300 പഞ്ചായത്തുകളിലെങ്കിലും ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കണമെന്നത്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് ഇറക്കിക്കൊണ്ടുവരണമെന്ന പരിഷത്തിന്റെ ലക്ഷ്യം സാർഥകമാക്കുകയാണ് ഇതുവഴി ചെയ്തത്. നാടിന്റെ ഭൗതിക സാഹചര്യം, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുക; വികസനത്തിന്റെ പ്രശ്‌നങ്ങളെ ജനജീവിതവുമായി ബന്ധപ്പെടുത്തുക എന്നിവയാണ് ഇതുവഴി നാം ഉദ്ദേശിച്ചത്. അതിനായി ക്ഷേമപ്രവർത്തനങ്ങൾ, ബഹുജന വിദ്യാഭ്യാസം, ഗ്രാമീണ സർവെ എന്നിവ ആവശ്യമാണ്. ഇതിന് ഗ്രാമവാസികളുടെ ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കുകയും അവക്ക് ശാസ്ത്രീയമായ പോംവഴി നിർദേശിക്കുകയും വേണം. ഗ്രാമീണരുടെ തികച്ചും സ്വതന്ത്രമായ സമിതി എന്നായിരുന്നു ഗ്രാമശാസ്ത്രസമിതിയെക്കുറിച്ചുള്ള പരിഷത്തിന്റെ സങ്കൽപം. മറ്റൊരർഥത്തിൽ നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്ബ്. ക്രമേണ ഗ്രാമതല വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക ഗ്രാമവികസന സമിതികൾ ആയി മാറണം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. അതിന് ഗ്രാമത്തിലെ എല്ലാ മേഖലകളിലും പെട്ടവരുടെ ഒരു നേതൃമണ്ഡലം ഈ സമിതികൾക്ക് ഉണ്ടാവണം. 1976 ജനുവരിയിൽ നടന്ന ശാസ്ത്രക്ലാസുകളുടെ ഭാഗമായി സമിതികളുടെ പ്രവർത്തനത്തിന് ഗതിവേഗം കൂടി. ക്ലാസുകൾ, ചർച്ചകൾ, ശാസ്ത്രസായാഹ്നങ്ങൾ, ഫിലിം പ്രദർശനം എന്നിവയും സമിതികളുടെ രൂപീകരണത്തിനായി നടത്തി. ഒരു ലഘുലേഖയും തയ്യാറാക്കി. സമിതികളുടെ പ്രവർത്തനത്തിന് ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ കേന്ദ്രങ്ങളുടെയും സഹായം ആവശ്യമാണ്. പഞ്ചായത്ത്, ഗ്രന്ഥശാലകൾ, മഹിളാ സംഘടനകൾ, തൊഴിലാളികളുടെ സംഘടനകൾ, മറ്റു ബഹുജന സംഘടനകൾ എന്നിവയുടെ സഹായം കൂടാതെ ഗ്രാമശാസ്ത്രസമിതികൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനത്തിന് എല്ലാ സഹായവും നൽകണമെന്ന് ഒരു സർക്കുലറിലൂടെ (സർക്കുലർ നമ്പർ 111/76 ഉ. 13 1076) പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. 180 ഓളം ഗ്രാമശാസ്ത്രസമിതികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി കണക്കുകൾ കാണിക്കുന്നു. (തിരുവനന്തപുരം 40, കൊല്ലം 19, ആലപ്പുഴ 9, കോട്ടയം 8, എറണാകുളം 9, തൃശൂർ 9, മലപ്പുറം 30, കോഴിക്കോട് 8, കണ്ണൂർ 20, പാലക്കാട് 17). ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിന് അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ സ്വാധീനിച്ചു എന്നു പറയാതെ വയ്യ. അനുദിനം വർധിച്ചുകൊണ്ടിരുന്ന ദരിദ്രവൽക്കരണ പ്രക്രിയയെ ഫലപ്രദമായി നേരിടാൻ ഗ്രാമീണ ജനതയിൽ കാര്യകാരണ ബന്ധത്തെക്കുറിച്ച് അവബോധം ഉണ്ടാവുകയും സംഘടിത ശക്തി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. രൂപീകരിക്കപ്പെട്ട സമിതികളിൽ ചിലത് തനതായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂവേരി (കണ്ണൂർ), അന്തിക്കാട് (തൃശൂർ), ചാത്തമംഗലം (കോഴിക്കോട്), കാട്ടുകുളം (പാലക്കാട്) എന്നിവയാണ് അവയിൽ ചിലത്. സമിതികളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ, കർഷകർക്കുവേണ്ടിയുള്ള ക്ലാസുകൾ, സാക്ഷരതാ പ്രവർത്തനം എന്നിവ നടത്തി. ഗ്രന്ഥശാലകളുടെ സഹായത്തോടെയോ അല്ലാതെയോ 10 പേരെയെങ്കിലും സാക്ഷരരാക്കണം എന്ന് ലക്ഷ്യമിടുകയും ചെയ്തു. സമിതികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഒരു ബുള്ളറ്റിൻ തുടങ്ങുകയും ചെയ്തു. ഗ്രാമശാസ്ത്രസമിതി പരിഷത്തിന്റെ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതായിരിക്കണമെന്നും സമിതിയുടെ ഭാരവാഹികൾ യൂണിറ്റംഗങ്ങളായിരിക്കണമെന്നും നിഷ്‌കർഷിച്ചു. ഒരു സംസ്ഥാന കൺവീനർ, ഒരു ജോയിന്റ് കൺവീനർ, 3 മേഖലാ കൺവീനർമാർ, ജില്ലാ യൂണിറ്റ് കൺവീനർമാർ എന്നീ ഘടനയിലായിരുന്നു സമിതികളുടെ സംഘടനാതലം.  20-ാം വാർഷിക സുവനീറിൽ ഒരു ഗ്രാമശാസ്ത്രസമിതിയുടെ പ്രവർത്തനം ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ ശിവപുരം യൂണിറ്റിന്റെ പരിധിയിൽപെട്ട ഗ്രാമശാസ്ത്രസമിതികളെ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഫെബ്രുവരി 27ന് കാഞ്ഞിലേരിയിൽ വെച്ച് വിവിധ മത്സരങ്ങൾ നടത്തി. ഞാറുനടൽ, ഓലമെടയൽ, മരച്ചീനി ചെത്തൽ, തെങ്ങുകയറ്റം, തേങ്ങപൊതിക്കൽ എന്നിങ്ങനെ നിരവധി ഇനങ്ങളിലുള്ള മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് പല ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളും ഇത്തരം മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.) ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല. ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. START School for Technicians and Artisans എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു.