പ്രക്ഷോഭ പ്രവർത്തനങ്ങളിലൂടെയും പഠനത്തിലൂടെയും കൂടുതൽ ഉയർന്ന തലത്തിലേക്ക് വളർന്ന പരിഷത്തിന് ബദൽ വികസന മാതൃകകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യപ്പെട്ടു. ഐ.ആർ.ടി.സി എന്ന പേരിൽ സ്വന്തമായി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ഇന്ന് പരിഷത്തിന്റെ മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ആസ്ഥാനം ഐ.ആർ.ടി.സി. ആണ്. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ നാലര ഏക്കർ സ്ഥലത്താണ് ഐ.ആർ.ടി.സി (ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം) സ്ഥാപിച്ചിട്ടുള്ളത്. 1987 നവംബർ 22 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മദിരാശി സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. കെ.സുന്ദരേശനാണ് ഉദ്ഘാടനം നടത്തിയത്. പ്രൊഫ. കെ.വിശ്വനാഥനായിരുന്നു ആദ്യത്തെ ഡയറക്ടർ. 

കേരള സമൂഹത്തിലെ വിവിധ മേഖലകളില്‍ ശാസ്ത്രീയമായ പ്രശ്ന പരിഹാരങ്ങള്‍ക്കായുളള ഗവേഷണ വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ സവിശേഷമായ ഇടപെടലുകളാണ് ഐ.ആര്‍.ടി.സി നിര്‍വ്വഹിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ ഗ്രാമീണ ജനതയുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനായി വിവിധ മേഖലകളില്‍ അനുയോജ്യ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും അവ നാട്ടിൽ പ്രയോഗിച്ചുകൊണ്ട് ശാസ്ത്രീയമായ പ്രശ്ന പരിഹാരം സാധ്യമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തന രീതിയാണ് ഐ.ആര്‍.ടി.സി ഏറെക്കാലം കൊണ്ട് വികസിപ്പിച്ചെടുത്തിട്ടുളളത്.

നിവിൽ ഡോ എസ് ശ്രീകുമാറാണ് ഡയറക്ടർ.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നൽകുന്ന ഐ.ആര്‍.ടി.സി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന സംവിധാനങ്ങളുള്‍പ്പെടെയുളള നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ഉൽപ്പന്ന നിര്‍മാണത്തിനും വിപണനത്തിനും നേതൃത്വം നൽകുന്ന പരിഷത്ത് പ്രൊഡക്‌ഷന്‍ സെന്റര്‍ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെയാണ് നാം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നത്.

വിവിധവിഷയങ്ങളിൽ ഐ.ആര്‍.ടി.സി സംഘടിപ്പിക്കുന്ന തനത് പരിശീലനങ്ങള്‍ക്കു പുറമെ എസ്.സി.ഇ.ആര്‍.ടി, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, അനെര്‍ട്ട്, എസ്.എസ്.എ, യൂണിസെഫ്, കില, എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പരിശീലന സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്.