ആശയപ്രചാരണത്തിനായി പരിഷത്ത് ധാരാളം പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതവരെ 1100 പുസ്തകങ്ങളും നൂറുകണക്കിന് ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ലഘുലേഖകൾ പരിഷത്ത് വിക്കിയിൽ വായിക്കാം. https://wiki.kssp.in/r/10y എന്ന ലിങ്കിൽ അവ ലഭ്യമാണ്. പുസ്തകങ്ങളെക്കുറിച്ചറിയാൻ https://catalog.kssp.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ആശയപ്രചാരണത്തോടൊപ്പം സാമ്പത്തികസമാഹരണത്തിനും സംഘടന ആശ്രയിക്കുന്നത് പുസ്തകപ്രചാരണത്തെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ചിട്ടുള്ള പുസ്തകങ്ങളിൽ രണ്ടെണ്ണം പരിഷത്ത് പ്രസിദ്ധീകരിച്ചവയാണ്. എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന ജിജ്ഞാസാകോശവും വായിച്ചാലും വായിച്ചാലും തീരാത്തപുസ്തകം എന്ന ബാലസാഹിത്യകൃതിയും.

അതുപോലെത്തന്നെ ജനപ്രിയ വൈജ്ഞാനിക ഗ്രന്ഥങ്ങളായ ജ്യോതിഷം ജ്യോതിശ്ശാസ്ത്രം, ബഹിരാകാശപര്യവേഷണം, വിദ്യാഭ്യാസപരിവർത്തനത്തിനൊരാമുഖം, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ, അറിവന്റെ സാർവത്രികത, ഉയിർനീര് എന്നിവ പതിനായിക്കണക്കിന് കോപ്പികൾ പ്രചരിച്ചതാണ്.

നഴ്സറി പ്രായത്തിലുള്ള കുട്ടികൾക്കായി പ്രസിദ്ധീകരിച്ചവയാണ് പുസ്തകപ്പൂമഴ, അക്ഷരപ്പൂമഴ (രണ്ട്സഞ്ചികകൾ) കുരുന്നില എന്നിവ.  

ഇതിനും പുറമെ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള റഫറൻസ് പുസ്തകങ്ങളായ ഗണിതകൌതുകം, ശാസ്ത്രകൌതുകം എന്നിവയും പതിനായിരക്കണക്കിന് കോപ്പികൾ പ്രചരിച്ച പുസ്തകങ്ങളാണ്.