ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്  

വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ 
സാമൂഹിക അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന
ശ്രമിച്ചതായി കാണാം.
1.തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2.പ്രകടമായ ധനിക-ദരിദ്രവൽക്കരണം-സാമ്പത്തിക ധ്രുവീകരണം.
3.ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ടിട്ടുള്ള പരാജയം.
4.വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിലുള്ള അതിരുകടന്ന
വിദേശ ആശ്രയം.
സമൂഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ 
വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖക്കു മുകളിലുള്ളവർ - താഴെയുള്ളവർ
എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖക്കു മുകളിലായിരുന്ന പലരും 
ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്രവൽക്കരണ 
പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേസമയം ഈ 
ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി 
ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉത്പാദന 
പ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ
ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് 
ഉപകരിക്കുക - സാമൂഹ്യവിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന 
വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ 
മറിക്കലാണ്. ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 
'മനുഷ്യസ്‌നേഹപരം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടി 
ചേർന്നുകിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ 
അടുത്തേക്കുചെന്ന്  അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു 
വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ 
കഴിയത്തക്കവണ്ണം  ശാസ്ത്രസാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തുക, 
സമുചിതമായ സാങ്കേതികവിദ്യകൾ ആവിഷ്‌കരിച്ച് ജനങ്ങളുടെ 
പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്‌നോളജിയെ രാഷ്ട്രീയ സമരത്തിനുള്ള
ഒരായുധമാക്കി മാറ്റുക; എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദന 
ഘടകങ്ങളാണ്. സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ
ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. 
ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും 
ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും 
വിധി വിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുവാനും 
അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ 
ഭാഗത്തുനിന്നുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുക എന്നതാണ് ഈ 
മുദ്രാവാക്യം കൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.

1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവച്ച് നടന്ന പരിഷത്തിന്റെ പതിനൊന്നാം വാർഷികത്തിലാണ് ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന മുദ്രാവാക്യം അംഗീകരിച്ചത്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിലെ ഏതാനും വരികൾ താഴെ ചേർക്കുന്നു.

''ശാസ്ത്രസാഹിത്യ പരിഷത്ത് പതിനൊന്നാമതൊരു കാലടികൂടി മുന്നോട്ടു 
വച്ചിരിക്കുന്നു. പരിഷത്തിന്റെ പേശികൾ ദൃഢതയാർന്നിരിക്കുന്നു. കഴിഞ്ഞകാല 
പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരോർമക്കുറിപ്പായി, വരും കാല പ്രവർത്തനത്തി
നുള്ള ഒരു രൂപരേഖയായി. ഞങ്ങളീ സുവനീർ കാഴ്ചവെക്കുന്നു. ദുഷിച്ച 
സാമൂഹ്യ നീതികളുടെ മാറാലക്കെട്ടുകൾക്കുള്ളിൽ സ്ഥാപിത താൽപര്യങ്ങളുടെ 
കന്മതിൽ കെട്ടുകൾക്കുള്ളിൽ  ബന്ധനസ്ഥനായ  ശാസ്ത്രത്തെ സാധാരണക്കാ
രന്റേതാക്കുക; ഇതാണ്, ആയിരുന്നു, എന്നും പരിഷത്തിന്റെ ലക്ഷ്യം, കരുത്ത്, 
കൂടുതൽ കരുത്ത്, ഒരു കൊടുങ്കാറ്റുപോലെ മുന്നോട്ട്.''