കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാ‍സ്ത്രമാസികയാണ് ശാസ്ത്രഗതി. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി, കേരളീയ സമൂഹത്തിൽ വിപുലമായ ശാ‍സ്ത്രസംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ ശാസ്ത്രഗതി പ്രധാനപങ്കു വഹിച്ചിട്ടുണ്ട്.

ശാസ്ത്രഗതി വരിക്കാരാകുവാൻ താഴെയുള്ള ചിത്രത്തിൽ തൊടുക

https://www.kssppublications.com/product/%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%97%e0%b4%a4%e0%b4%bf-shasthra-gathi/

ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ 

ശാസ്ത്രഗതിയും പി.ടി.ബിയും

ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്. ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു. ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8) ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് ‘വൗച്ചർ കോപ്പി’ അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും. വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി. ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം. 1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്രവിദ്യാ ഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു. അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം. സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ സ്വാഭാവികമായി, ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്. ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം. ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി. 

ആദ്യലക്കം ഇവിടെ വായിക്കാം

ശാസ്ത്രഗതി പത്രാധിപസമിതി

    1. ഡോ. യു. നന്ദകുമാര്‍ (എഡിറ്റര്‍)
    2. ഡോ. രതീഷ്‌ കൃഷ്ണന്‍ (അസോ. എഡിറ്റര്‍)
    1. സന്തോഷ്‌ ഏറത്ത് (അസോ. എഡിറ്റര്‍)
    2. ഡോ. ആര്‍. വി. ജി. മേനോന്‍
    3. പ്രൊഫ. സി. പി. നാരായണന്‍
    4. ഡോ. കെ. വി. തോമസ്‌
    5. ഡോ. ജെ. ദേവിക
    6. ഡോ. അനീഷ്‌ ടി. എസ്.
    7. പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍
    8. അരുണ്‍ എം.
    9. ഡോ. ജോമോന്‍ മാത്യു
    10. ഡോ. പ്രമോദ് കിരണ്‍ ആര്‍. വി.
    11. ഡോ. മനോജ്‌ വെള്ളനാട്
    12. ഡോ. എ. ബിജുകുമാര്‍
    13. ഡോ. ദീപ കെ. ജി.
    14. അഡ്വ. നേഹ മരിയം കുര്യന്‍
    15. നവനീത് കൃഷ്ണന്‍
    16. ഡോ. രാഗസീമ വി. എം.
    17. ഡോ. വൈശാഖന്‍ തമ്പി
    18. എം. എന്‍. ഉണ്ണികൃഷ്ണന്‍

    ലേഔട്ട് & ഡിസൈന്‍

    1. പി. പ്രദീപ്‌