കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് തനതായ വ്യക്തിത്വവും വിപുലമായ സാധ്യതകളുമുള്ള ഒരു പ്രസ്ഥാനമാണ്. പരിഷത്തിന് തനിമയുള്ള ഒരു ദർശനവും പ്രവർത്തനശൈലിയും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അതിന് പാരിഷത്തികത എന്ന് പറയുന്നു. ഈ ദർശനം അതായത് പാരിഷത്തികസ്വഭാവം ഉൾക്കൊണ്ടല്ലാതെ പരിഷത്തിൽ പ്രവർത്തിക്കുന്നതിൽ അർഥമില്ല. എന്താണ് ഈ പാരിഷത്തികത എന്ന് വിശദീകരിക്കുന്നതിലും എളുപ്പം എന്തല്ല പരിഷത്ത് എന്നുള്ളതിന് ചില ഉദാഹരണങ്ങൾ കൊടുക്കുകയാണ്.

1. പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, എന്നാൽ പരിഷദ് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷേ, രാഷ്ട്രീയപാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
2. പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യപരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
3. പരിഷത്ത് കേവല സാംസ്‌കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
4. പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാനപരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
5. പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ, നാടിന് ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
6. പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
7. പരിഷത്ത് ഒരു പ്രസിദ്ധീകരണശാലയല്ല. ഒട്ടേറെ ശാസ്ത്രപുസ്തകങ്ങളും മാസികകളും അത് പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താല്പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല.
8. പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിതവീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നില്ക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
ഇങ്ങനെ എന്തല്ല പരിഷത്ത് എന്ന് അറിയുമ്പോൾ എന്താണ് പരിഷത്ത് എന്നും വ്യക്തമാകുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളിലെ നല്ല അംശങ്ങൾ എല്ലാം ഉൾക്കൊള്ളുമ്പോൾ പരിഷത്തായി.
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നത് പരിഷത്തിന്റെ മുദ്രാവാക്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവരും യുനെസ്കൊ, യുനിസെഫ്, ഐഎൽഒ മുതലായ അന്താരാഷ്ട്രസംഘടനകളിലെ പ്രവർത്തകരും ലോകത്തിലെ പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ അദ്വിതീയമായ ഒരു പ്രസ്ഥാനമായി പരിഷത്തിനെ കാണുന്നു.

ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം 

ഈ ചോദ്യത്തിനും ആരല്ല നല്ല പരിഷത്തുകാർ എന്നു മറുപടി പറയുന്നതാവും എളുപ്പം.

കത്തുകൾക്ക് (ഈ-മെയിലുകൾക്കും) മറുപടി അയക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നടത്താത്തവർ, ഏൽപിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗ്ഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നില്ക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാത്തവർ – ഇവർക്കാർക്കും നല്ല പരിഷദ് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല.

(1982ലെ പ്രവർത്തക പരിശീലന രേഖയിൽനിന്ന്)

 

പരിഷത്തിന്റെ ഭരണഘടന ഇവിടെ വായിക്കാം