കേരളത്തെ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന്റെ
കൂടി മാതൃകയാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ട അറിവിന്റെയും സംഘടനാ രൂപങ്ങളുടെയും നിര്‍മാണത്തിനും വ്യാപനത്തിനും നേതൃത്വം കൊടുക്കുകയാണ് പരിസര വിഷയസമിതിയുടെ വിശാല ലക്ഷ്യം. കേരളം മറ്റെല്ലാറ്റിലും എന്നപോലെ ഈ രംഗത്തും നൂതന ആശയങ്ങളെ നയങ്ങളിലേക്കും കര്‍മപരിപാടികളുടെ മാര്‍ഗനിര്‍ദേശങ്ങളിലേക്കും സ്വാംശീകരിക്കുന്നതില്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍ തന്ത്ര പ്രധാനമായ പല കാര്യങ്ങളിലും തീരുമാനം എടുക്കുമ്പോള്‍ നമ്മള്‍ ആശയങ്ങളില്‍ നിന്നും അകന്നു പോകുന്നുമുണ്ട്. മറ്റുചിലതിനാകട്ടെ നടപ്പാക്കല്‍ ഘട്ടത്തിലും താഴെ തട്ടിലേക്ക് കൈമാറുന്ന ഘട്ടത്തിലും ആശയ ശോഷണം വരുന്നു. ഇത് ഒഴിവാക്കാന്‍ നമ്മള്‍ രൂപപ്പെടുത്തിയ ആശയങ്ങള്‍ എല്ലാതട്ടിലും സ്വാംശീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള
സാമൂഹിക ബോധന പ്രക്രിയകള്‍ നടക്കേണ്ടതുണ്ട്. ദുരന്ത പ്രതിരോധത്തിലായാലും മാലിന്യ സംസ്കരണത്തിലായാലും കാര്‍ഷിക വ്യാപനത്തിലായാലും നമുക്ക് ഈ വിടവ് കാണാനാവും. കെട്ടിട നിര്‍മാണം, പ്രകൃതി വിഭവ ചൂഷണം, പശ്ചാത്തല വികസനം, ഭൂപരിപാലനം എന്നിങ്ങനെ പലതിലും കേരളം ഇനിയും പുതിയ ആശയങ്ങള്‍ സ്വീകരിക്കേണ്ടിയുമിരിക്കുന്നു.

കേന്ദ്രീകൃത ഉല്പാദന വ്യവസ്ഥ എല്ലാ പ്രകൃതി വിഭവങ്ങളെയും മനുഷ്യ അധ്വാനത്തെയും ഒരുപോലെ ചൂഷണം ചെയ്യുകയും പരിസ്ഥിതിയും ശക്തികുറഞ്ഞ മനുഷ്യരും ഒരുപോലെ ദുര്‍ബലരായിക്കൊണ്ടിരിക്കുന്നതുമായ കാലത്താണ് നമ്മള്‍  ജീവിക്കുന്നത്. വിഭവചൂഷണത്തിന്റെ ആഗോള അനുഭവമായി കാലാവസ്ഥാ വ്യതിയാനം എല്ലാവരുടെയും ജീവിതത്തെ തൊട്ടുനില്‍ക്കുന്ന ഇക്കാലത്ത് കേരളത്തിനകത്തും അതിജീവനത്തിനായി പാരിസ്ഥിതികവും സാമൂഹികവുമായ നീതിയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ അവബോധം ഉണ്ടായി വരേണ്ടതുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും
പ്രാദേശികമായ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ് നടന്നിട്ടുള്ളത്.
പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്ന സംഘടനകളാകട്ടെ പ്രാദേശിക വിഷയങ്ങളിലും പരസ്പരം യോജിക്കാത്ത ആശയങ്ങളാലും ഭിന്നിക്കപ്പെട്ടു നില്‍ക്കുകയും ചെയ്യുന്നു. ശാസ്ത്രസാഹിത്യ പരിഷത്താകട്ടെ പരിസ്ഥിതി അവബോധത്തിലൂന്നിയ ഒരു വികസന സമധീപനം കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എക്കാലവും ശ്രമിച്ചിട്ടുള്ള പ്രസ്ഥാനമാണ്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളെ അതിന്റെ മൂല കാരണങ്ങള്‍ മനസ്സിലാക്കി അപഗ്രഥിക്കാനും കൂട്ടിച്ചേര്‍ക്കാനും‍ കഴിയുന്ന എല്ലാ ചെറു ഗ്രൂപ്പുകളെയും ചേര്‍ത്തുകൊണ്ട് പൊതുവായി പരിസ്ഥിതി വികസന പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു വിശാല ഇടം സൃഷ്ടിക്കുന്നതിനാണ് വിഷയസമിതി ലക്ഷ്യമിടുന്നത്.

പുതിയ ആശയങ്ങള്‍ മനസ്സിലാക്കലും സ്വാംശീകരണവും, പ്രശ്നങ്ങളില്‍ ഇടപെടല്‍, ഇടപെടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രത്തിലൂന്നിയ ജനകീയ പഠനങ്ങള്‍ സംഘടിപ്പിക്കല്‍, പഠനങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കല്‍ എന്നിങ്ങനെയാണ് സമിതിയുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.

പരിസരരംഗത്തെ പ്രധാനപ്പെട്ട ഇടപെടലുകൾ

  • 1978 കോട്ടയം വാർഷികത്തിന്റെ ഭാഗമായി കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പ്രശ്‌നങ്ങൾ പഠിച്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം റിപ്പോർട്ട് തയ്യാറാക്കി സമ്മേളനത്തിന്റെ അവസാന ദിവസം കെ. പി. കണ്ണൻ അവതരിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേ കൊണ്ട് ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. തണ്ണീർമുക്കം ബണ്ട് പല പുതിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുന്നു. മത്സ്യ ഉത്പാദനം കുറഞ്ഞു. വെള്ളം മലിനമായിത്തീർന്നു. ആഫ്രിക്കൻ പായൽ വ്യാപിച്ചു. സാമൂഹ്യ വീക്ഷണത്തോടെ കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം ഉണ്ടാക്കണം. അതായിരുന്നു റിപ്പോർട്ടിന്റെ ചുരുക്കം
  • 1978 ഒക്‌ടോബർ 10ന് സൈലന്റ് വാലിയെപ്പറ്റി പരിഷത്ത് കേന്ദ്ര നിർവാഹക സമിതി പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു.
  • 1979 മുതൽ ജൂൺ 5 പരിസരദിനമായി ആചരിക്കാൻ തുടങ്ങി
  • 1984 ഒന്നാം മുണ്ടേരി മാർച്ച് (മുണ്ടേരി വനം സംരക്ഷിക്കാനുള്ള സമരം)
  • ചാലിയാർ മലിനീകരണത്തെക്കുറിച്ചുള്ള പഠനം
  • കണ്ണൂരിലെ മോത്തി കെമിക്കൽസിനെക്കുറിച്ചുള്ള പഠനം
  • 1986 ലെ വന-ഊർജ-വികസന ജാഥ
  • തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിനെതിരായ സമരം

പരിസര വിഷയസമിതി

  • ചെയര്‍ പേഴ്സൺ‍: ഡോ. കെ. വി. തോമസ്
  • കണ്‍വീനര്‍: സുമ ടി. ആര്‍

അംഗങ്ങള്‍

  • ഡോ. വി. കെ ബ്രിജേഷ് (ജോ. കണ്‍വീനര്‍)
  • ഡോ. ആർ അജയ്കുമാര്‍ വർമ
  • ഡോ. സി.ടി.എസ്. നായർ
  • ഡോ. എസ്. അഭിലാഷ്
  • ടി.ഗംഗാധരൻ
  • പ്രൊഫ. പി.കെ. രവീന്ദ്രൻ
  • പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ
  • വി. മനോജ്കുമാര്‍
  • ടി. പി ശ്രീശങ്കർ
  • ജോജി കൂട്ടുമ്മേൽ
  • ഡോ. ഷൈജു
  • പി. എ. തങ്കച്ചൻ
  • ഡോ. കെ. വിദ്യാസാഗർ
  • ഡോ. എസ്. ശ്രീകുമാർ
  • ഡോ. സന്ദീപ് (കെ.എഫ്.ആര്‍.ഐ)
  • ദേവിക സംഘമിത്ര
  • അഡ്വ. കെ.പി. രവിപ്രകാശ്
  • വിഷ്ണുദാസ് സി. കെ
  • ഇ. അബ്ദുൾ ഹമീദ്
  • ഡോ. ജിജേഷ്
  • അഡ്വ. നേഹ കുര്യന്‍
  • വി. സജികുമാര്‍.