1971 ആഗസ്റ്റ് 29-ാം തിയ്യതി തിരുവല്ലയിൽ ചേർന്ന പരിഷത്ത് നിർവാഹക സമിതിയുടെയും പ്രസിദ്ധീകരണ സമിതിയുടെയും സംയുക്ത യോഗം മുമ്പു നടത്തിയിരുന്ന എംബ്ലം ഡിസൈൻ മത്സരത്തിൽ ലഭിച്ചിരുന്ന ചിത്രങ്ങൾ പരിശോധിക്കുകയും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലെ അധ്യാപകനായ ടി. എസ്. ബാലഗോപാൽ സമർപ്പിച്ച മാതൃക അംഗീകരിക്കുകയും ചെയ്തു. 1971 സെപ്തംബർ – ഒക്‌ടോബർ ലക്കം ശാസ്ത്രഗതിയിൽ ഈ ചിഹ്നം ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. വിശ്വമാനവൻ എന്നാണ് പൊതുവേ ഈ ചിഹ്നം അറിയപ്പെടുന്നത്.