എൽ.പി./ യു.പി. അധ്യാപക തസ്തിക: പി.എസ്.സി പരീക്ഷയുടെ സിലബസിൽ മലയാളം ഉൾപ്പെടുത്തണം.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.പി / യു.പി. അധ്യാപക തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ സിലബസിൽ മലയാള ഭാഷ കൂടി ഉൾപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിലെ പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നടത്തുന്ന പരീക്ഷയുടെ സിലബസ്സില്‍‍ വിദ്യാഭ്യാസ മന:ശാസ്ത്രവും ബോധന ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും പൊതു വിജ്ഞാനവും, സാമാന്യ ശാസ്ത്രവും, ലഘു ഗണിതവും പൊതുവായും യു.പി.എസ്.എ തസ്തികയിലേക്ക് ഇംഗ്ലീഷ് പ്രത്യേകമായും നിർദ്ദേശിച്ചിരിക്കുന്നു. എന്നാല്‍ മാതൃഭാഷയെ പൂർണ്ണമായും അവഗണിച്ചത് നിർഭാഗ്യകരവും സാംസ്കാരിക കേരളത്തിന് നാണക്കേടുമാണ്.

ഇത് പി.എസ്.സി ഇപ്പോഴെടുത്ത തീരുമാനമല്ലെന്നും നിലവിലുള്ള സ്ഥിതി തുടരുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പി.എസ്.സി ചെയർമാൻ പ്രതികരിച്ചതായി അറിയുന്നു. അത് ശരിയാണു താനും. കാൽനൂറ്റാണ്ട് കാലമായി ഇതേ സിലബസ്സ് തന്നെയാണ് പി.എസ്.സി പിന്തുടരുന്നത്. കാലങ്ങളായി തുടരുന്ന ഈ തെറ്റ് അടിയന്തിരമായി തിരുത്തേണ്ടതുണ്ട്.

ബിരുദതലം വരെ യോഗ്യത നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യങ്ങൾ നൽകുമെന്നും പത്ത് ശതമാനം ചോദ്യങ്ങൾ മലയാളത്തിൽ നിന്ന് ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം പി.എസ്.സി നടപ്പിലാക്കിയില്ല എന്നത് പ്രതിഷേധാർഹമാണ്.

ഈ സാഹചര്യത്തിൽ എൽ.പി., യു.പി. അധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള സിലബസ്സ് പുനഃപ്പരിശോധിച്ച് മലയാള ഭാഷ കൂടി ഉൾപ്പെടുത്താൻ തയ്യാറാവണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോടും അതിന് വേണ്ട നിർദ്ദേശങ്ങൾ പി.എസ്.സിക്ക് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഏ. പി. മുരളീധരന്‍
സംസ്ഥാന പ്രസിഡന്റ്

രാധൻ കെ
ജനറൽ സെക്രട്ടറി

Categories: Press Release