ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ നിരോധിച്ച് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ വിധി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.
നമ്മുടെ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിച്ച പാഠ്യപദ്ധതി, കെ.ഇ.ആര്‍, വിദ്യാഭ്യാസ അവകാശനിയമം എന്നിവ അനുവദിക്കുന്ന പ്രകാരമാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. ഇവയിലെ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ട് സ്വകാര്യ മാനേജ്മെന്റിന് മതപഠനം നടത്താന്‍ നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും ഭരണഘടന തന്നെ അനുവദിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളും സ്കൂളുകളില്‍ മതപഠനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. ഈ ഉത്തരവ് ലംഘിക്കുന്നവരുടെ  സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരന് കോടതി നിര്‍ദേശം നല്‍കിയിരിക്കയാണ്.
ഈ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുകളിറക്കി കോടതിവിധി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ സത്തയായ ജനാധിപത്യവും മതേതരത്വവും
വളർത്തിയെടുക്കാനുള്ള വേദികളായിരിക്കണം പൊതു ഇടങ്ങളായ സ്കൂളുകളെന്ന് ഉറപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

Categories: Press Release