കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala Sastra Sahitya Parishath, ചുരുക്കെഴുത്ത് : KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.
1962 ഏപ്രിൽ എട്ടിന് കോഴിക്കോടു് ഇമ്പീരിയൽ ഹോട്ടലിൽ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുവാൻ തീരുമാനമെടുത്തത്. 1962 സെപ്റ്റംബർ 10 ന് രാത്രി 8.30 ന് കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന മുദ്രാവാക്യത്തിന് പരിഷത്ത് രൂപം നൽകുന്നത് 1973 ലാണ്. ശാസ്ത്രവിജ്ഞാനപ്രചാരണം കൊണ്ടുമാത്രം നമ്മുടേതുപോലെ ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ എല്ലാവർക്കും പ്രയോജനം ലഭിക്കുകയില്ല എന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നാണിത്. പണവും വിഭവങ്ങളും അധികാരവ്യവസ്ഥകളും കൈപ്പിടിയിലുള്ളവർ ശാസ്ത്രത്തെയും
സാങ്കേതിക വിദ്യകളെയും ഭൂരിപക്ഷ ജനതയെ ചൂഷണം ചെയ്യാനായി ഉപയോഗിക്കുന്ന സാഹചര്യം ലോകത്ത് വലിയ അസമത്വങ്ങൾക്കു വഴിയൊരുക്കുമെന്നു മനസ്സിലാക്കുകയും അതിനെതിരെ പോരാടാൻ ശാസ്ത്രത്തിനെ തന്നെ ഉപയോഗിക്കുകയും ചെയ്യുക എന്ന മാർഗ്ഗമാണ് പരിഷത്ത് സ്വീകരിച്ചത്.
ഇന്ന് കേരളത്തിലെ 14 ജില്ലകളിലായി 141 മേഖലകളും 1300 ൽ പരം യൂണിറ്റുകളും 50000 ൽ പരം അംഗങ്ങളുമുള്ള ഒരു സജീവ പ്രസ്ഥാനമാണ് ശാസ്ത്രസാഹിത്യപരിഷത്ത്. കേരള സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും പൂർണ്ണമായ ശാസ്ത്രബോധത്തിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കുവാൻ പരിഷത്ത് ശ്രമിക്കാറുണ്ട്. പഠനം, വിവിധ സമൂഹങ്ങളുമായുള്ള നിരന്തര സംവാദങ്ങൾ, ശാസ്ത്രീയരീതികളുടെ പ്രയോഗം, സ്വയംവിമർശനം എന്നിവയൊക്കെ പരിഷത്തിൻ്റെ പ്രവർത്തനശൈലിയുടെ പ്രത്യേകതകളാണ്.
പരിഷത്തിനു ലഭിച്ച പ്രധാനപ്പെട്ട അവാർഡുകൾ
- 1983 വിക്രം സാരാഭായ് അവാർഡ്
- 1987 വൃക്ഷമിത്ര അവാർഡ്
- 1990 ജൂൺ 5 ഗ്ലോബൽ -500 റോൾ ഓഫ് ഓണർ
- 1990 യുനെസ്കോയുടെ കിങ് സെജോങ് – സാക്ഷരതാ അവാർഡ്
- 1996 ഡിസംബർ 9 റൈറ്റ് ലൈവ്ലിഹുഡ് (ബദൽ നോബൽ സമ്മാനം) അവാർഡ്
- 1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്സ് അസോസിയേഷൻ അവാർഡ്