കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് ആറുപതിറ്റാണ്ട് തികയുകയാണ്. ഒരു സന്നദ്ധ സംഘടനയെ സംബന്ധിച്ചിടത്തോളം അറുപത് വർഷം എന്നത് തീരെ ചെറിയ കാലയളവല്ല. ഈ കാലഘട്ടത്തിനുള്ളിൽ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ഒരു സംഘടന എന്ന നിലയിൽനിന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. 

സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു ‘Who is Who’ തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക – ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുമ്പോൾ അത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. 

ഇവിടെനിന്നെല്ലാം മുന്നേറി  ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ച് ശാസ്ത്രബോധപ്രചാരണം നടത്തുന്ന സംഘടനയായി അത് മാറിയിരിക്കുന്നു.

ശാസ്ത്രബോധം സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റുന്നതിനായി ക്ലാസ്സുകൾ, കലാപരിപാടികൾ, പുസ്തക-മാസികാ പ്രചാരണം, ബദൽ ഉല്പന്ന പ്രചാരണം തുടങ്ങിയവയെല്ലാം പരിഷത്തിന്റെ പ്രവർത്തനങ്ങളാണ്.