AIPSN- All India Peoples Science Network
ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് കാമ്പസിൽ വച്ച് 1978 നവംബർ 10, 11, 12 തിയ്യതികളിലാണ് നടന്നത്. ആതിഥേയരായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 35 പ്രതിനിധികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മഹാരാഷ്ട്രയിൽ നിന്നും സയൻസ് എഡ്യുക്കേഷൻ ഗ്രൂപ്പ്, ശാസ്ത്രസാഹിത്യ പരിഷത്ത് ബോംബെ, ശ്രമിക് സംഘടന, ഭൂമിസേന, ഇന്ത്യൻ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, ഭിംശക്തി തരുൺമണ്ഡൽ എന്നീ സംഘടനകളും കർണാടകത്തിൽ നിന്ന് ഗ്രാം വികാസ് മണ്ഡൽ, സയൻസ് സർക്കിൾ, ആസ്ട്രാ, ആഷാ എന്നീ സംഘടനകളും അസോസിയേഷൻ ഫോർ പ്രൊമോഷൻ ഓഫ് സയൻസ് എഡ്യുക്കേഷനും മധ്യപ്രദേശിൽ നിന്ന് വിദൂഷക് കാർഖാന, കിശോർ ഭാരതി എന്നിവയും പശ്ചമിബംഗാളിൽ നിന്ന് വീക്ഷൺ, സയന്റിഫിക് വർക്കേഴ്സ് ഫോറം, ബംഗീയ വിജ്ഞാൻ പരിഷത്ത്, സയൻസ് ആന്റ് ടെക്നോളജി കമ്മറ്റി, ആരോഗ്യ വിദ്യാഭ്യാസ നയഗ്രൂപ്പ് എന്നിവയും ദൽഹിയിൽ നിന്ന് CSIR, യുവശാസ്ത്രജ്ഞന്മാരുടെ സൊസൈറ്റി എന്നിവയും കേരളത്തിൽ നിന്നു പരിഷത്തിനു പുറമേ CSIR റീജ്യണൽ ലാബറട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്, സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസ്, പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ‘സയൻസ് ടുഡെ’ പത്രാധിപർ സുരേന്ദ്രഝാ, ആകാശവാണിയുടെ സയൻസ് സെല്ലുകളിലെ 15 പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ ചുരുക്കം ഇപ്രകാരമായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ ഭൂരിപക്ഷം പേർക്കും ജീവിക്കാനുതകുന്ന തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടു കൂടിയ നാലു വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികവും നിർബന്ധിതവും ആക്കണം. പഠിക്കാൻ കഴിയാത്തവരും ഇടക്ക് പഠിത്തം നിറുത്തിയവരുമായ 15-35 പ്രായപരിധിയിലുള്ളവർക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണം. ഉത്പാദന പ്രവർത്തനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനും വർത്തമാന രാഷ്ട്രീയ – സാമൂഹ്യ പ്രശ്നങ്ങൾ അറിഞ്ഞ് അഭിപ്രായ രൂപീകരണം നടത്തുന്നതിനും ഇവരെ പ്രാപ്തരാക്കണം. അതായിരിക്കണം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആഹാരം, വസ്ത്രം, പാർപിടം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. ജനങ്ങളുടെ യഥാർഥ ആരോഗ്യാവശ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിധത്തിൽ ആരോഗ്യ പ്രസ്ഥാനം പുനഃസംവിധാനം ചെയ്യണം. ആരോഗ്യപരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന പ്രതിനിധികൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചു. സമ്മേളന നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ ശാസ്ത്രാധ്യാപക സംഘടനയുടെ വാർഷികം 1978 ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ വെച്ച് പരിഷത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പേർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.
ഇത്തരത്തിൽ അഖിലേന്ത്യാതലത്തിൽ ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമം മുമ്പേ തുടങ്ങിയതാണെങ്കിലും അത് സഫലമായത് 1988-ൽ ആണ്. ആ വർഷം ഫെബ്രുവരി 11 മുതൽ 14 വരെ കണ്ണൂരിൽ വച്ചുനടന്ന പരിഷത്തിന്റെ രജതജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം ജനകീയ ശാസ്ത്രകോൺഗ്രസ്സും നടക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 15 സംഘടനകളെ പ്രതിനിധീകരിച്ച് 110 പേർ പങ്കെടുത്ത സമ്മേളനത്തിൽ വച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയ്ക്ക് (All India peoples Science Network – AIPSN) രൂപം നൽകി. പ്രൊഫ. ബി.എം. ഉദ്ഗാവുങ്കർ ചെയർമാനും ഡോ: എം.പി. പരമേശ്വരൻ കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ആശയപരമായ സംവാദങ്ങൾക്കുള്ള മാധ്യമമായും പ്രവർത്തനങ്ങളുടെ സംയോജകനായും Science for Social Revolution എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.