BGVS- Bharath Gyan Vigyan Samithi
എറണാകുളം സാക്ഷരതയുടെ തുടർച്ചയായി നടന്ന കേരള സാക്ഷരതാ യജ്ഞത്തോടൊപ്പം അഖിലേന്ത്യാ തലത്തിൽ സമ്പൂർണ സാക്ഷരത നേടുക എന്ന ലക്ഷ്യത്തോടെ സാക്ഷരത ജനങ്ങളുടെ ഒരാവശ്യമാക്കി മാറ്റുന്നതിനായി സംഘടിപ്പിച്ചതാണ് ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ. ഈ ജാഥ സംഘടിപ്പിക്കുന്നതിനായി ദേശീയ സാക്ഷരതാ മിഷൻ സഹായത്തോടെ രൂപീകൃതമായതാണ് ഭാരത് ഗ്യാൻ വിഗ്യാൻ സമിതി (ബി. ജി.വി.എസ്).
വിദ്യാഭ്യാസരംഗത്തും സാമ്പത്തികശാസ്ത്രരംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ.മാൽകം.എസ്.ആദിശേഷയ്യയാണ് സ്ഥാപകപ്രസിഡണ്ട്. അദ്ദേഹത്തെ പ്രസിഡണ്ടായി ലഭിച്ചത് ഭാരത ജ്ഞാന വിജ്ഞാന സമിതിക്ക് വലിയൊരു ശക്തിയായിരുന്നു. താൻ തന്നെ സ്ഥാപിച്ച മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ – കേരളത്തിലെ സിഡിഎസിന്റെ ലക്ഷ്യങ്ങൾ തന്നെയാണ് ഇതിനുമുള്ളത് – ചെയർമാനായിരുന്നു അദ്ദേഹം. 83-ാം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു പ്രസിഡന്റ്. സ്ഥാപകസെക്രട്ടറി ഡോ.എം.പി.പരമേശ്വരനും സ്ഥാപകട്രഷറർ അന്തരിച്ച ശ്രീ.ഇ.കെ.നാരായണനും ആയിരുന്നു. തെക്കൻ ഡെൽഹിയിലെ സാകേതിൽ ഒരു ഫ്ളാറ്റിലായിരുന്നു ഓഫീസും. ഗസ്റ്റ്ഹൗസും ഒരുഘട്ടത്തിൽ വടക്കേ ഇന്ത്യയിൽ സാക്ഷരതാ പ്രസ്ഥാനമെന്നാൽ ബി.ജി.വി.എസ്. ആയിരുന്നു. അക്ഷരത്തിനപ്പുറം അറിവും ജീവിതവുമുണ്ടെന്ന തിരിച്ചറിവും അതനുസരിച്ചുള്ള പ്രവർത്തനങ്ങളുടെ ദിശാമാറ്റവും സ്വാഭാവികമായും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രശ്നങ്ങളിൽ ഇടപെടാൻ സംഘടനയെ നിർബന്ധിതമാക്കി. ജനങ്ങളുടെ ആരോഗ്യം, കൃഷി, കുടിവെള്ളം, സ്കൂൾ വിദ്യാഭ്യാസം മറ്റു ജീവിത പ്രവർത്തനങ്ങൾ (livelihood), പരിസ്ഥിതി സംരക്ഷണം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ടു. ഇത് സ്വാഭാവികമായും ഭരണകൂട താത്പര്യങ്ങളോട് ഒത്തുപോകുന്നതാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ ആരംഭ കാലത്ത് ലഭിച്ചിരുന്ന സർക്കാർ സഹായങ്ങൾ ക്രമേണ കുറഞ്ഞു വരികയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൂർണമായും നിലയ്ക്കുകയും ചെയ്തു. സാമ്പത്തിക സഹായം നിലച്ചതോടെ ഡൽഹിയിലുണ്ടായിരുന്ന വിപുലമായ ഓഫീസ് സംവിധാനങ്ങളെല്ലാം ഒഴിവാക്കി വളരെ ചെറിയ സംവിധാനത്തിലേക്ക് മാറി.