പരിഷത്ത് രൂപീകരിച്ചത് 1962ലാണെങ്കിലും അത് രജിസ്റ്റർ ചെയ്തത് 1967 ലാണ്. തൃശൂർ വാർഷികത്തിൽ അംഗീകരിച്ച ഭരണഘടന അനുസരിച്ച് 1967 ജൂലൈ 14-ാം തിയ്യതി സൊസൈറ്റീസ് ആക്ട് പ്രകാരം പരിഷത്ത് റജിസ്റ്റർ ചെയ്തു. തുടർന്ന് എല്ലാ ജില്ലകളിലും ജില്ലാ കമ്മറ്റികൾ ഉണ്ടാക്കുവാനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നു. തൽഫലമായി കോഴിക്കോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ജില്ലാ സമിതികൾ ഉണ്ടായി. ഏതാനും യൂണിറ്റുകളും രൂപീകരിക്കപ്പെട്ടു. സംസ്ഥാനത്തിനു പുറത്ത് ബാംഗ്ലൂരിലും കൽക്കത്തയിലും കൂടി യൂണിറ്റുകൾ ഇക്കാലത്ത് രൂപീകരിക്കുവാൻ കഴിഞ്ഞു. ഇന്ന് എല്ലാ ജില്ലകളിലും ജില്ലാക്കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പരിഷത്ത് ഭവനുകളുടെ വിലാസം പരിഷത്ത് ഭവനുകൾ എന്ന പേജിൽ ലഭ്യമാണ്. ജില്ലാ സെക്രട്ടറിമാരുടെ ഫോൺ നമ്പരുകൾ നേതൃത്വം എന്ന പേജിലും ലഭിക്കും
സംഘടനയുടെ സജീവത നിര്‍ണയിക്കുന്നതിലുള്ള മുഖ്യപങ്ക്
ജില്ലാസമിതികൾക്കാണ്. സംഘടന രൂപപ്പെടുത്തുന്ന നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ആസൂത്രണം ചെയ്യാനും കീഴ്ഘടകങ്ങളെ ഏകോപിപ്പിച്ച് അവ ചിട്ടയോടെ നടപ്പാക്കാനും ജില്ലാസമിതികളാണ്നേതൃത്വം നല്‍കുന്നത്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, രണ്ടു വൈസ് പ്രസിഡന്റ്, രണ്ടു ജോയന്റ്സെക്രട്ടറി, 27 ല്‍ കവിയാത്ത അംഗങ്ങള്‍, മേഖലാ സെക്രട്ടറിമാര്‍, ജില്ലയിലെ കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ജില്ലാ നിര്‍വാഹകസമിതി. എല്ലാ ജില്ലകള്‍ക്കും നിര്‍വാഹകസമിതിയില്‍ നിന്നും പ്രത്യേക ചുമതലക്കാരെ നിശ്ചയിക്കാറുണ്ട്.