യുറീക്കയെന്നാൽ കണ്ടെത്തൽ..!
പണ്ട് ആർക്കിമിദീസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞൻ തന്റെ പ്രസിദ്ധമായ ആർക്കിമിദീസ് തത്വം കണ്ടെത്തിയ ശേഷം തെരുവിലൂടെ നഗ്നനായി ആഹ്ലാദാരവത്തോടെ വിളിച്ചു കൂവിപ്പാഞ്ഞത് “യുറീക്കാ..” എന്നായിരുന്നു.
എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് യുറീക്കയെന്നാൽ അവരുടെ പ്രിയപ്പെട്ട ഒരു ദ്വൈവാരികയാണ് – കേരളശാസ്ത്രസാഹിത്യ പരിഷത്ത് മലയാളത്തിൽ എൽ പി തലത്തിലുള്ള കുട്ടികൾക്കായി പുറത്തിറക്കുന്ന ശാസ്ത്ര ദ്വൈവാരിക! നൂറു നൂറു കണ്ടെത്തലുകളിലേക്ക് അവരെ നയിക്കുന്ന, ചിരിയും ചിന്തയും നിറവും നിലാവുമൊക്കെ നിറഞ്ഞു നിൽക്കുന്ന അമ്പതു വയസ്സു തികഞ്ഞ ഒരു കളിക്കൂട്ടുകാരി.
ശാസ്ത്രമാണ് യുറീക്കയുടെ ഭാഷ. കടുകട്ടിക്കൊടും ഭാഷയല്ല – രസമുള്ള, ഇമ്പമുള്ള ഭാഷ.
യുറീക്കയുടെ ലക്ഷ്യം :
കുട്ടികളിൽ ശാസ്ത്രാവബോധവും ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണവും ശാസ്ത്രത്തിന്റെ രീതിയും വളർത്തിയെടുക്കുക എന്നതാണ് യുറീക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം ശാസ്ത്രപഠനം കൂടുതൽ രസകരവും ലളിതവുമാക്കുക, അതുവഴി കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്നിവയും യുറീക്ക ലക്ഷ്യമിടുന്നുണ്ട്.
യുറീക്കയുടെ ആദ്യ ലക്കത്തിലെ (1970 ജൂണ്‍) മുഖ പ്രസംഗം ശ്രദ്ധിക്കുക:
“സംസ്ഥാനത്തെ 2469 സ്കൂളുകളിൽ പഠനം നടത്തുന്ന 10, 99,700 – ഓളം വരുന്ന വിദ്യാർത്ഥികൾക്കിടയിൽ ഒരു സായൻസിക മനോഭാവം വളർത്തുക എന്നതാണ് യുറീക്കയുടെ ലക്ഷ്യം. മിഡിൽ സ്കൂൾ കരിക്കുലത്തിൽ പെടുന്ന ശാസ്ത്രവിഷയങ്ങൾക്ക് ഉള്ളടക്കത്തിൽ മുൻതൂക്കം കൊടുത്തു കൊണ്ടാണ് ഞങ്ങൾ ഈ ലക്ഷ്യത്തിലെത്തിച്ചേരുന്നത്.”
പ്രസിദ്ധീകരണമാരംഭിച്ച് അര നൂറാണ്ട് പിന്നിട്ടു കഴിഞ്ഞിട്ടും ഈ അടിസ്ഥാന ലക്ഷ്യത്തിൽ നിന്നും മാസിക ഇതുവരെ വ്യതിചലിച്ചിട്ടില്ല. ശാസ്ത്രം പ്രവർത്തനമാണ് എന്നാണ് യുറീക്ക കുട്ടികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ക്ലാസ് റും പ്രവർത്തനങ്ങള്‍ വൈവിധ്യവൽക്കരിക്കുന്നതിൽ അധ്യാപകർക്കൊരു സഹായിയെന്നതും യുറീക്ക നിർവഹിക്കുന്ന ദൗത്യം തന്നെ.
അല്പം ചരിത്രം
1969 ഡിസംബർ മാസത്തിൽ തൃശ്ശൂർ ജില്ലയിലെ ഷൊർണൂരിൽ വച്ചു നടന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏഴാം വാർഷിക സമ്മേളനത്തിൽ വച്ചാണ് ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകൾക്കൊപ്പം അപ്പർ പ്രൈമറി വിദ്യാർത്ഥിളുടെ നിലവാരത്തിൽ യുറീക്ക എന്നൊരു ശാസ്ത്രമാസിക തുടങ്ങുവാൻ തീരുമാനമെടുത്തത്. 1970 ജൂൺ 1 ന് ഡോ.കെ.എൻ. പിഷാരോടി ചീഫ് എഡിറ്ററും ടി.ആർ. ശങ്കുണ്ണി മാനേജിങ് എഡിറ്റുമായി യുറീക്കയുടെ പ്രഥമലക്കം പുറത്തിറങ്ങി. ഡമ്മി 1/8 വലിപ്പത്തിൽ 32 പേജുകളോടെ പ്രസിദ്ധീകരിച്ച യുറീക്കയുടെ ഒറ്റ പ്രതി യുടെ വില 30 പൈസയും വാർഷിക വരി സംഖ്യ 3 രൂപയും ആയിരുന്നു. തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്.
കേരളത്തിലെ കുട്ടികൾക്കിടയിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ യുറീക്ക നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രൊ.എസ്.ശിവദാസ് എഴുതിയിരുന്ന റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ തുടങ്ങിയ ചിത്ര കഥകൾ ഇപ്പോഴും യുറീക്കാക്കൂട്ടുകാർ ഓർക്കുന്നുണ്ടാവും. വായനക്കാർ വികസിപ്പിച്ചെടുത്ത മാത്തൻ മണ്ണീര കേസ് എന്ന പംക്തി കേരളത്തിനു പുറത്തും പ്രശംസ നേടിയിട്ടുണ്ട്. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിൽ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
വ്യവസായ പുരോഗതിയുടെ അടയാളമായ പല്ലുള്ള ചക്രം, നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ദീപം, സയൻസിന്റെ അദ്യാക്ഷരമായ S ന്റെ ആകൃതിയിലുള്ള ദീപനാളം എന്നിവ ചേർന്നതാണ് യുറീക്കയുടെ എംബ്ലം.
1970 ജൂൺ 1 ന് യുറീക്കയുടെ ഒന്നാം പതിപ്പിന്റെയും ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പിന്റെയും ‘സയൻസ്- 1986’ എന്ന പരിഷത്തിന്റെ ആദ്യ പുസ്തകത്തിന്റെയും ഒരുമിച്ചുള്ള പ്രകാശനം കോഴിക്കോട്, മലപ്പുറം, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിങ്ങനെ എട്ട് ഇടങ്ങളിലായി നടന്നു. ഇവയുടെ പ്രകാശനം കോഴിക്കോട് നടത്തിയത് ബാലാമണിയമ്മയും എറണാകുളത്ത് കെ.എ. ദാമോദരനും ആയിരുന്നു.
മാസികയായി ആരംഭിച്ച യുറീക്ക 2002 ഓഗസ്റ്റ് മുതൽ ദ്വൈവാരികയായി മാറി. 2009 ഒക്ടോബറിൽ ഡമ്മി 1/8 വലിപ്പത്തിൽ നിന്ന് 1/4 ലേക്ക് മാറി. നിരവധി തലമുറകള്‍ ഇതിനിടയിലൂടെ യുറീക്കയിലൂടെ കടന്നുപോയി. ശാസ്ത്രീയ സമീപനത്തിനും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന യുറീക്ക മലയാളത്തിലെ മറ്റു ബാലപ്രസിദ്ധീകരണങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. യുറീക്ക കുട്ടികളെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. മാത്തന്‍ മണ്ണിരക്കേസ്, ഇടിയന്‍ മുട്ടന്‍, മാഷോടു ചോദിക്കാം, ഹരീഷ് മാഷും കുട്ട്യോളും, ഭൂമിയിലെത്തിയ വിരുന്നുകാര്‍ തുടങ്ങി കുട്ടികളുടെ ഇടയില്‍ ഹിറ്റായ നിരവധി രചനകള്‍ യുറീക്കയില്‍ പ്രസിദ്ധീകൃതമായവയാണ്.
ഡോ. കെ.എന്‍ പിഷാരടി, എം.സി നമ്പൂതിരിപ്പാട്, പ്രൊഫ. എസ് ശിവദാസ്, സി.ജി ശാന്തകുമാര്‍, കേശവന്‍ വെള്ളികുളങ്ങര,ഡോ. കെ.കെ രാഹുലന്‍, ഡോ. കെ. പവിത്രന്‍, എ.വി വിഷ്ണുഭട്ടതിരിപ്പാട്, പ്രൊഫ. എം ശിവശങ്കരന്‍, പ്രൊഫ. കെ ശ്രീധരന്‍, പ്രൊഫ. കെ പാപ്പുട്ടി, കെ.ടി രാധാകൃഷ്ണന്‍, കെ.ബി ജനാര്‍ദനന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഇ.എന്‍ ഷീജ, സി.എം മുരളീധരൻ തുടങ്ങിയവര്‍ വിവിധ അവസരങ്ങളിലായി എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ടി.കെ. മീരാഭായ് ആണ് ഇപ്പോഴത്തെ എഡിറ്റര്‍. എം ദിവാകരന്‍ മാനേജിങ്ങ് എഡിറ്ററും.
ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളെയാണ് യുറീക്ക ലക്ഷ്യമിടുന്നതെങ്കിലും അതിനുമപ്പുറമുള്ള കുട്ടികളും യുറീക്കയുടെ വായനക്കാരായുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടം നല്‍കുന്ന പ്രസിദ്ധീകരണം യുറീക്കയാണ്. കുട്ടികളുടെ രചനകള്‍ക്കായുള്ള ചുവടുകള്‍ എന്ന പംക്തി വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോൾ അതിന് ഞാറ്റടി എന്ന പേരാണ് നല്കിയിട്ടുള്ളത്. ചുവടുകളിലൂടെ എഴുതിത്തെളിഞ്ഞ് പിന്നീട് വലിയ എഴുത്തുകാരായി മാറിയ നിരവധി കൂട്ടുകാര്‍ യുറീക്കയ്ക്കുണ്ട്.
കുട്ടികള്‍ തന്നെ രചനയും ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ച് തയ്യാറാക്കുന്ന ‘കുട്ടികൾ ഉണ്ടാക്കുന്ന യുറീക്ക’ യുറീക്കയുടെ മാത്രം സവിശേഷതയാണ്. ഇതിനകം പന്ത്രണ്ട് ലക്കങ്ങള്‍ ഇങ്ങനെ കുട്ടികളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
സംവാദമൂല, രചനാമൂല, പ്രിയപ്പെട്ട യുറീക്കേ, യുറീക്കയോട് ചോദിക്കാം (യു മെയിൽ) തുടങ്ങി നിരവധി പംക്തികളിലൂടെ കുട്ടികള്‍ക്ക് യുറീക്കയുമായി ഇടപഴകാന്‍ കഴിയുന്നു.
ശാസ്ത്രവര്‍ഷപ്പതിപ്പ്, ജൈവവൈവിധ്യപ്പതിപ്പ്, രസതന്ത്രപ്പതിപ്പ്, ജലപ്പതിപ്പ്, കൃഷിപ്പതിപ്പ്, സൂക്ഷ്മജീവിപ്പതിപ്പ്, പ്രകാശപ്പതിപ്പ് എന്നിങ്ങനെ ശ്രദ്ധേയമായ പതിപ്പുകളും യുറീക്ക പുറത്തിറക്കിയിട്ടുണ്ട്.
വര്‍ഷം തോറും യുറീക്കാ വിജ്ഞാനോത്സവത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു .മറ്റു പല ബാല പ്രസിദ്ധീകരണങ്ങളും മുന്നോട്ട് പോകാനാകാതെ അച്ചടി നിർത്തിയപ്പോൾ ഒരു ലക്കം പോലും മുടക്കമില്ലാതെ യുറീക്ക കുട്ടികളുടെ കൈകളിലെത്തുന്നു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്
പ്രവർത്തനങ്ങൾ :
- ഓരോ ലക്കത്തിന്റെയും ഉള്ളടക്കം തീരുമാനിക്കുകയും എഴുത്തുകാരെ കണ്ടെത്തുകയും ചെയ്യുന്നു. അതോടൊപ്പം അയച്ചുകിട്ടുന്ന രചനകളിൽ നിന്ന് പ്രസിദ്ധീകരണയോഗ്യമായവ തെരഞ്ഞെടുക്കുന്നു.
- ഈ രചനകൾ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽശിശു സൗഹൃദഭാഷയിയിൽ എഡിറ്റ് ചെയ്യുന്നു.
- പ്രൂഫ് വായന നടത്തുന്നു.
- കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രചനാശില്പശാലകൾ സംഘടിപ്പിക്കുന്നു.
- ആവശ്യമായ സന്ദർഭങ്ങളിൽ പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു. വിജ്ഞാനോത്സവത്തോടനുബന്ധിച്ച് ഇത്തരത്തിൽ പ്രത്യേക പതിപ്പുകൾ കാലാകാലങ്ങളിൽ തയ്യാറാക്കാറുണ്ട്.
- കുട്ടികൾ തന്നെ രചനയും ചിത്രീകരണവും എഡിറ്റിംഗും നിർവഹിക്കുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്ക എല്ലാ വർഷവും പുറത്തിറക്കുന്നു.
യുറീക്ക പത്രാധിപസമിതി
-
- ടി. കെ. മീരാഭായ് (എഡിറ്റര്‍)
- ഷിനോജ് രാജ് (സബ്. എഡിറ്റര്‍)
- പി. എം. നാരായണന്‍ (അസോ. എഡിറ്റര്‍)
- എസ്. എം. ജീവന്‍ (അസോ. എഡിറ്റര്‍)
- പ്രൊഫ. കെ. പാപ്പൂട്ടി
- എം. ഗീതാഞ്ജലി
- അനിത സി. കെ.
- മനോഹരന്‍ കെ.
- ഷൈല സി. ജോര്‍ജ്
- പി. കെ. സുധി
- സിന്ധു എന്‍. പി.
- ടി. പുഷ്പ
- പ്രൊഫ. സി. വിമല
- ഡെന്നിസ് ആന്റണി
- അരുണ്‍ രവി
- അനുരാഗ്
- സൈജ എസ്.
- ജെയിം ജീവന്‍
- ശശിധരന്‍ മണിയൂര്‍
- കെ. ടി. രാധാകൃഷ്ണന്‍
ഞങ്ങളോട് സംസാരിക്കാം
- ഫേസ്ബുക്ക് – eureka Fortnightly.
- മെയിൽ ഐ ഡി : eurekakssp gmail.com, [email protected]
- വാട്സാപ്, ടെലഗ്രാം നമ്പർ : 9497172919
- മൊബൈൽ നമ്പർ: 9846845178
- ലാൻ്റ് ഫോൺ : 0495 2701919