ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ച് പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് ഇന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.  മൂന്നു ശാസ്ത്രധാരകൾ ചേർന്നാണ് ഇന്നത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതെന്ന് അതിന്റെ ഉറവിടം തേടുന്നവർക്ക് കാണാം. അവയിൽ കാലഗണനയിൽ ആദ്യത്തേതായിരുന്നു കേരള ശാസ്ത്രസാഹിത്യ സമിതി. 1957-ൽ ഒറ്റപ്പാലത്തു നടന്ന ഭദ്രകലാ സമ്മേളനത്തിൽ വച്ചാണ് അത് രൂപീകരിക്കപ്പെട്ടത്. ശാസ്ത്രത്തെ നാട്ടുഭാഷയിൽ പകർന്നു കൊടുക്കുകയായിരുന്നു അതിന്റെ മുഖ്യലക്ഷ്യം. ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യപ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ആധുനിക ശാസ്ത്രം (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ.

1962-ൽ കോഴിക്കോട്ടുവച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും.

മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ: എം. പി. പരമേശ്വരൻ അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിന് നേതൃത്വം വഹിച്ചത്.

ശാസ്ത്രജ്ഞന്മാരുടെ സാമൂഹിക പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. പരിഷത്ത് ഉദ്ഘാടനപരിപാടിയുടെ നോട്ടീസ് കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം. https://archive.org/details/sasthrapariulgha1962kssp 

 

1962 ഏപ്രിൽ 8-ന് സി. കെ. ഡി. പണിക്കർ, കെ. ജി. അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ. കെ. നായർ, കെ. കെ. പി. മേനോൻ എന്നിവർ ചേർന്ന് കേരളത്തിലെ ശാസ്ത്രസാഹിത്യകാരൻമാരുടെ ഒരു യോഗം കോഴിക്കോട്ട് ഹോട്ടൽ ഇംപീരിയലിൽ വിളിച്ചു കൂട്ടി. കേരളത്തിലെ ശാസ്ത്ര സാഹിത്യകാരൻമാർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും അവർക്ക് സംഘടനയുണ്ടാകേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ആ യോഗത്തിന്റെ ക്ഷണക്കത്തിൽ വിവരിച്ചിരുന്നു. പതിനഞ്ചിൽ പരം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വച്ച് ‘കേരള ശാസ്ത്രസാഹിത്യ പരിഷത്ത്’ എന്ന സംഘടനക്ക് രൂപം നൽകി. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദേശിച്ചത്. ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ), ഡോ. കെ. ജി. അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി), ഡോ. എസ്. പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. ജി. അടിയോടി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സംഘടിതമായ പ്രവർത്തനം കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയകൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ശാസ്ത്രസാഹിത്യകാരൻമാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു ‘who is who തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക – ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. (1968ലെ സുവനീർ പേജ് – 2) 

 

നമ്മുടെ സംഘടന ഏറെ വളരുകയും സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്തെ ലക്ഷ്യങ്ങൾ വളരെ പരിമിതങ്ങളായി തോന്നാം. എന്നാൽ മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അന്ന് വളരെ വിപ്ലവകരമായ കാര്യമായിരുന്നു. മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതാൻ കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രകാരന്മാരുടെ ഇടയിൽ അന്ന് ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാൽ സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പത്രമാസികകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും തയ്യാറായിരുന്നുമില്ല. വളരെ ചെറിയൊരു ശാസ്ത്രപുസ്തകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചാൽ വിറ്റഴിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അന്നത്തെ ലക്ഷ്യപ്രഖ്യാപനത്തെ കാണാൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 1962 സെപ്തംബർ 10ന് നടന്നു. ഉദ്ഘാടനത്തിന് ശാസ്ത്രജ്ഞൻ എന്ന നിലയിലും ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിലും ഒരുപോലെ ശോഭിച്ച ജെ. ബി. എസ്. ഹാൽഡേൻ വരാമെന്നേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. സി. കെ. ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന ശാസ്ത്രപ്രദർശനവും ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. ഒരു സുവനീറും പ്രസിദ്ധീകരിക്കുകയുണ്ടായി. സിംപോസിയങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. പരിഷത്തിന്റെ വാർഷിക വരിസംഖ്യ 10 രൂപയും പ്രവേശന ഫീസ് 2 രൂപയും ആയിരുന്നു, അന്ന്.

പ്രധാന സംഭവങ്ങൾ

    • 1962 ഏപ്രിൽ 8 ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്)
    • 1962 സെപ്തംബർ 10 പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (ദേവഗിരി സെന്റ് ജോസഫസ് കോളേജ്, കോഴിക്കോട്)
    • 1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
    • 1967 ജൂലായ് 14 സൊസൈറ്റീസ് ആക്ട്പ്രകാരം പരിഷത്ത് റിജിസ്റ്റർ ചെയ്തു.
    • 1969 ജൂൺ 1 ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
    • 1970 ജൂൺ 1 യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു.
    • 1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
    • 1973 ഡിസംബർ 9 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു.
    • 1975 മെയ് 9-11 പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ.
    • 1976 ജനുവരി 1-31 പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസുകൾ
    • 1977 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രസാംസ്‌കാരിക ജാഥ – കൂവേരി മുതൽ പൂവച്ചൽ വരെ.
    • 1978 ഒക്‌ടോബർ 10 സെലന്റ്‌വാലി പ്രമേയം കേന്ദ്രനിർവാഹക സമിതി പാസ്സാക്കി
    • 1978 നവംബർ 10-12 ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം – തിരുവനന്തപുരം സി.ഡി.എസ്സിൽ
    • 1979 ജനുവരി ‘ബാലശാസ്ത്രം’ ചുമർപത്രം പ്രകാശനം.
    • 1980 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രകലാജാഥ – കാരക്കോണം മുതൽ കാസറഗോഡു വരെ
    • 1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിന് ലഭിച്ചു.
    • 1984 ജൂലായ് 2 മുണ്ടേരി വനസംരക്ഷണ മാർച്ച്
    • 1984 ജൂലായ് 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കുമെതിരെ പരസ്യ തെളിവെടുപ്പ്.
    • 1984 ഡിസംബർ 19 ഭോപ്പാൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം.
    • 1985 ഏപ്രിൽ 17’എവറെഡി ബാറ്ററി’ ബഹിഷ്‌കരണാഹ്വാനം
    • 1987 ജൂലായ് 10 ആരോഗ്യ സർവേ
    • 1987 ജൂലായ് 24-26 വലപ്പാട് വനിതാ ശിബിരം
    • 1987 ഒക്‌ടോബർ 2 നവംബർ 7 ഭാരത ജനവിജ്ഞാന ജാഥ
    • 1987 നവംബർ 22 IRTCയുടെ പ്രവർത്തനം ആരംഭിച്ചു
    • 1987 ഡിസംബർ 19-24 അഖിലേന്ത്യാ ബാലോത്സവം – തൃശൂർ
    • 1987 വൃക്ഷമിത്ര അവാർഡ് ലഭിച്ചു.
      • 1988 ഫെബ്രുവരി 11 AIPSN രൂപീകരിച്ചു – കണ്ണുരിൽ
      • 1989 ജനുവരി 26 എറണാകുളം സമ്പൂർണ സാക്ഷരതാ പരിപാടി ഉദ്ഘാടനം
      • 1990 ഫെബ്രുവരി 4 എറണാകുളം സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു.
      • 1990 ജൂൺ 5 ഗ്ലോബൽ -500 റോൾ ഓഫ് ഓണർ ലഭിച്ചു.
      • 1990 യുനെസ്‌കോയുടെ കിങ് സെജോങ് – സാക്ഷരതാ അവാർഡ് 
        • 1992 ആഗസ്റ്റ് 2 സ്വാശ്രയസമിതി രൂപീകരണം
        • 1993 മാർച്ച് 8 ഏപ്രിൽ 8 അഖിലേന്ത്യാ സമതാ ജാഥകൾ
        • 1993 ഒക്‌ടോബർ 2 നവംബർ 7 പയ്യന്നൂർ – കന്യാകുമാരി സ്വാശ്രയജാഥ
        • 1995 നവംബർ 18 ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം
        • 1996 ഡിസംബർ 9 റൈറ്റ് ലൈവ്‌ലിഹുഡ് (ബദൽ നോബൽ സമ്മാനം) 
        • 1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്‌സ് അസോസിയേഷൻ അവാർഡ്